ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; മംഗലാപുരം സമ്മേളനം ഏപ്രില്‍ 5ന്‌

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി മംഗലാപുരം സമ്മേളനം ഏപ്രില്‍ അഞ്ചിന്‌ നടക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ കുല്‍ദീപ്‌ നയാര്‍ ഉദ്‌ഘാടനം ചെയ്‌തതോടെയാണ്‌ ദേശീയതല പരിപാടികള്‍ക്ക്‌ തുടക്കമായത്‌. ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, തിരുവനന്തപുരം എന്നീ പ്രമുഖ നഗരങ്ങളില്‍ ഇതിനകം വിവിധ സെമിനാറുകളും പൊതുസമ്മേളനങ്ങളുമാണ്‌ നടന്നത്‌.

ഏപ്രില്‍ 5ന്‌ വൈകീട്ട്‌ 3 മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യ പ്രഭാഷണം നടത്തും. പി.ഇസ്‌ഹാഖ്‌ ബാഖവി, യു.ശാഫി ഹാജി എന്നിവര്‍ സംബന്ധിക്കും.