ഫൈബര്‍ നാരുകള്‍ കൊണ്ടുള്ള ഹെയര്‍ ഫിക്‌സിങ്‌ അനുവദനീയം: ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌

പട്ടാമ്പി : സിന്തറ്റിക്‌ ഫൈബര്‍ നാരുകള്‍ കൊണ്ടുള്ള ഹെയര്‍ ഫിക്‌സിങും ചികിത്സാര്‍ത്ഥമുള്ള പ്ലാസ്റ്റിക്‌ സര്‍ജറിയും അനുവദനീയമാണെന്ന്‌ പട്ടാമ്പിയില്‍ നടന്ന കര്‍മ്മ ശാസ്‌ത്ര കോണ്‍ഫറന്‍സ്‌. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസാണ്‌ (ഹാദിയ) പരിപാടി സംഘടിപ്പിച്ചത്‌. സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ.പി.സി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. 

ഇന്ന്‌ സാര്‍വത്രികമായി ഉപയോഗത്തിലുള്ള ഹെയര്‍ ഫിക്‌സിങ്‌ രീതി അനുവദനീയമാണെങ്കിലും നിര്‍ബന്ധ ശുദ്ധീകരണ സമയങ്ങളില്‍ അത്‌ മാറ്റിവെക്കണമെന്നും മനുഷ്യ കേശം കൊണ്ടുള്ള ഹെയര്‍ ഫിക്‌സിങ്‌ ഇസ്‌ലാമിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും വിഷയമവതരിപ്പിച്ച വി.ജഅ്‌ഫര്‍ ഹുദവി അഭിപ്രായപ്പെട്ടു. വ്യാപകമായി കൊണ്ടിരിക്കുന്ന ഹെയര്‍ കളറിംഗ്‌ പഴുതില്ലാത്തവിധം നിഷിദ്ധമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവന്‌ വിലകല്‍പിക്കണമെന്നും അത്‌ നശിപ്പിക്കല്‍ കടുത്ത പാപമാണെന്നും ദയാവധം, അവയവ രക്തദാനം എന്ന വിഷയം അവതരിപ്പിച്ച എ.പി മുസ്‌ത്വഫ ഹുദവി അരൂര്‍ പറഞ്ഞു. ജീവന്റെ നിലനില്‍പിന്‌ ആവശ്യമാകുന്ന അവസരത്തില്‍ രക്തദാനവും ഗത്യന്തരമില്ലാത്ത ഘട്ടങ്ങളില്‍ കര്‍മശാസ്‌ത്ര പണ്‌ഡിതര്‍ മുന്നോട്ടു വെച്ച ഉപാധികളോടെ അവയവ ദാനവും അനുവദനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അന്യന്റെ സമ്പാദ്യം അനര്‍ഹമായി അപഹരിക്കുന്ന ഓഹരി വിപണിയിലെ ഇടപാടുകള്‍ അനിസ്‌ലാമികമാണെന്നും പുതുതായി നിലവില്‍ വന്ന ശരീഅ ഇന്‍ഡക്‌സ്‌ മതവിരുദ്ധമാണെന്നും ഷെയര്‍ ആന്‍ഡ്‌ നെറ്റ്‌ മാര്‍ക്കറ്റ്‌ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച കെ.പി ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍ അഭിപ്രായപ്പെട്ടു. ലോകം പലപ്പോഴും നേരിട്ടിട്ടുള്ള സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക്‌ കാരണം ഓഹരി വിപണിയിലെ ഇത്തരം ഊഹക്കച്ചവടങ്ങളാണെന്നും അതിന്‌ തക്കതായ പരിഹാരം ഇസ്‌ലാമിക സാമ്പത്തിക രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഫറന്‍സില്‍ നെല്ലായ കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.സി പി മുഹമ്മദ്‌ എം.എല്‍.എ, നെല്ലായ കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍, കാപ്പില്‍ വി ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍, കെസി മുഹമ്മദ്‌ ബാഖവി, പി.ഇസ്‌ഹാഖ്‌ ബാഖവി, മുസ്‌തഫ അഷ്‌റഫി കക്കുപ്പടി തുടങ്ങയവര്‍ സംസാരിച്ചു.