ഹജ്ജ് വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു

കരിപ്പൂര്‍: ഹജ്ജ് സീസണില്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ സഊദി അറേബ്യയിലെ മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും പരിചരിക്കാന്‍ താല്‍പര്യവും പ്രാപ്തിയുമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്ലിം പുരുഷന്‍മാരില്‍ നിന്ന് ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെ ടുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 1.7.2011ന് 25നും 50നും മധ്യേ പ്രായമുള്ളവരും ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുള്ളവരും ആരോഗ്യവാന്‍മാരും ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ആയിരിക്കണം. അപേക്ഷകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയോ സംഘടിപ്പിച്ച ഹജ്ജ് ട്രൈനിംഗ് ക്യാമ്പില്‍ പങ്കെടുത്തവരായിരിക്കണം.
അപേക്ഷകരുടെ കുടുംബാംഗങ്ങളാരും ഈ വര്‍ഷം ഹജ്ജിന് ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. അദ്ധ്യയനത്തേയും പദ്ധതി രൂപീകരണത്തെയും ബാധിക്കുമെന്നതിനാല്‍ അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും അപേക്ഷിക്കേണ്ടതില്ല.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിന്മേല്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോപതിച്ച്, പേര്, മേല്‍വിലാസം, എസ്.ടി.ഡി. കോഡോടുകൂടിയ ഫോണ്‍ നമ്പര്‍, ജനന തീയതി, ജോലി, വിദ്യാഭ്യാസ യോഗ്യത, അറിയാവുന്ന ഭാഷകള്‍ മുതലായ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ വകുപ്പ് മേധാവി മുഖേന സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 5.4.2011 വൈകുന്നേരം 5 മണി വരെ.

അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ "ഹജ്ജ് വളണ്ടിയര്‍ അപേക്ഷ' എന്ന് എഴുതിയിരിക്കണം. അപേക്ഷാഫോറം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും www.keralahajcommittee.org എന്ന വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായി 0483 2710717 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടാം.

വിലാസം: എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ., മലപ്പുറം 673647.