തിരുനബി കേശം; ആത്മീയ ചൂഷണത്തിനെതിരെ ശബ്‌ദിച്ചതിന്‌ നശീകരണ പ്രവര്‍ത്തനം നടത്തി

തിരൂരങ്ങാടി : പ്രവാചകന്റേതെന്ന്‌ അവകാശപ്പെട്ട്‌ വ്യാജ കേശങ്ങള്‍ സൂക്ഷിച്ച്‌ ആത്മീയവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ നടത്തുന്നതിനെതിരെ ശബ്‌ദിച്ചതിന്‌ സാമൂഹിവിരുദ്ധര്‍ ആയിരക്കണക്കിന്‌ രൂപയുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തെളിച്ചം മാസിക റീഡേഴ്‌സ്‌ ഫോറത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ചെമ്മാട്‌ സ്ഥാപിച്ച വിവിധ ബോഡുകളാണ്‌ നശിപ്പിച്ചത്‌.  

കേരളത്തിലെ ലക്ഷക്കണക്കിന്‌ വിശ്വാസികളെ കബളിപ്പിച്ച്‌ സാമ്പത്തിക ചൂഷണം നടത്തി തിരുകേശ ജലമെന്ന വ്യാജേന പാനീയ വിതരണം നടത്തിയത്‌ എതിര്‍ത്തതിനെത്തുടര്‍ന്നായിരുന്നു ഇത്‌. കേരളത്തിലെ ചില കേന്ദ്രങ്ങള്‍ക്ക്‌ കേശം കൈമാറിയ അബൂദാബിയിലെ ഡോ.അഹ്‌മദ്‌ ഖസ്‌റജി ആയിരക്കണക്കിന്‌ കേശങ്ങള്‍ മുറിച്ച്‌ കൊടുക്കുന്ന ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു 'തിരുകോശങ്ങില്ലാത്ത കേശങ്ങള്‍ ' എന്ന പേരില്‍ ഉയര്‍ന്ന ബോഡുകള്‍‍. 

ലോകത്ത്‌ അപൂര്‍വ്വമായി സൂക്ഷിക്കപ്പെടുന്ന തിരുകേശ കഷ്‌ണങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ ആയിരക്കണക്കിന്‌ മുടികള്‍ ഒരിടത്തു സൂക്ഷിക്കുന്ന വിവരം ചരിത്രത്തിലെവിടെയും രേഖപ്പട്ട്‌ കാണാത്തത്‌, ആയിരക്കണക്കിന്‌ മുടികള്‍ കൈവശം വെച്ചിരുന്ന വ്യക്തി ഇതിനെക്കുറിച്ച്‌ പറയുകയോ യു.എ.ഇ ഗവണ്‍മെന്റിന്‌ ഒരൊറ്റ തിരുകേശത്തിന്റെ നാരു പോലും നല്‍കുകയോ ചെയ്യാതിരുന്നത്‌, ജനങ്ങളെ കബളിപ്പിക്കാനായി തിരുകേശത്തിന്റെ സനദിന്‌ പകരം കുടുംബ സനദ്‌ വായിച്ചത്‌, അര മീറ്ററും ഒരു മുഴത്തോളവും വലിപ്പമുള്ള നീണ്ടമുടികള്‍ കൈവശം വെക്കുന്നത്‌ എന്നീ ചോദ്യങ്ങളുന്നയിച്ചുള്ളതായിരുന്നതായിരുന്നു ബോഡുകള്‍. ഇത്‌ തങ്ങളുടെ നിലനില്‍പ്പിന്‌ തന്നെ ഭീഷണിയാകുമെന്ന്‌ കണ്ടപ്പോഴാണ്‌ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവര്‍ മുതിര്‍ന്നത്‌.  

തങ്ങളുടെ കപടതയും ചൂഷണങ്ങളും പൊതുസമൂഹത്തിന്‌ മുമ്പില്‍ തുറന്നുകാട്ടിയതിന്റെ പേരിലാണ്‌ ആയിരക്കണക്കിന്‌ രൂപയുടെ മുഴുവന്‍ ബോഡുകളും നശിപ്പിച്ചതെന്ന്‌ തെളിച്ചം റീഡേഴ്‌സ്‌ ഫോറം ഭാരവാഹികളായ സി.മജീദ്‌ ചുങ്കത്തറ, റിയാസ്‌ കാരാട്‌, അഹ്‌മദ്‌ മദാര്‍ കുട്ടി നഹ എന്നിവര്‍ ആരോപിച്ചു. തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്ന 90 ശതമാനത്തോളം വരുന്ന മുസ്‌ലിംകളെ വഞ്ചിച്ച്‌ സ്വന്തം ശരീരം സംരക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢശ്രമങ്ങളാണ്‌ ഇതിന്റെ പിന്നിലെന്നും ഇവര്‍ പറഞ്ഞു.