ദാറുല്‍ ഹുദാ ബാംഗ്ലൂര്‍ സമ്മേളനത്തിന്‌ ഉജ്വല സമാപ്‌തി ധൈഷണിക മുന്നേറ്റത്തിന്‌ മുസ്‌ലിം സമൂഹം മുന്നോട്ട്‌ വരണം: ഡോ.മുംതാസ്‌ അലി ഖാന്‍

ബാംഗ്ലൂര്‍ :   ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ബാംഗ്ലൂര്‍ കോണ്‍ഫറന്‍സിന്‌ ഉജ്വല സമാപ്‌തി. കര്‍ണാടക ഹജ്ജ്‌ ആന്റ്‌ വഖഫ്‌ മന്ത്രി ഡോ.മുംതാസ്‌ അലി ഖാന്‍ ഉദ്‌ഘാടനം ചെയ്‌തു. സമൂഹത്തില്‍ ധൈഷണികവും ബൗദ്ധിക പരവുമായ മുന്നേറ്റത്തിന്‌ മുസ്‌ലിം സമൂഹം മുന്നോറ്റ്‌ വരണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇസ്‌ലാം സമാധാനത്തെയും ശാന്തിയെയുമാണ്‌ പ്രോല്‍സാഹിപ്പിക്കുന്നത്‌. എന്നാല്‍ മറിച്ചുള്ള പ്രചരണങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ലോകത്തിന്‌ മുമ്പില്‍ തരം താഴ്‌ത്തിക്കാണിക്കാനുള്ള വ്യഥാവേലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ആമുഖ പ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. മാണ്‌ഡ്യ കലക്‌ടര്‍ പി.സി ജഅ്‌ഫര്‍, മുസ്‌ലിം ലീഗ്‌ ദേശീയ ട്രഷറര്‍ ദസ്‌തഗീര്‍ ആഗ, ഡോ.എന്‍.എ മുഹമ്മദ്‌, എസ്‌.എസ്‌.എ ഖാദര്‍ ഹാജി. എ.ബി ഖാദര്‍ ഹാജി, വി.സി കരീം, കെ.എച്ച്‌ ഫാറൂഖ്‌ എന്നിവര്‍ സംസാരിച്ചു. യു.മുഹമ്മദ്‌ ശാഫി ഹാജി സ്വാഗതവും എം.കെ നൗഷാദ്‌ നന്ദിയും പറഞ്ഞു. 
വൈകീട്ട്‌ നാല്‌ മണിക്ക്‌ സൈബര്‍ മോറല്‍സ്‌ എന്ന തലക്കെട്ടില്‍ നടന്ന ഐ.ടി സെമിനാര്‍ ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു.
പ്രമുഖ ഐ.ടി വിഭാഗം മേധാവികളായ തന്‍വീര്‍ അഹ്‌മദ്‌, എം.എ സഈദ്‌ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. എം.എ അമീറലി സ്വാഗതവും സ്വഫ്‌വാന്‍ ഹുദവി കാസര്‍കോട്‌ നന്ദിയും പറഞ്ഞു.