അഹ്‌മദ്‌ റസാ ഖാന്‍ വിജ്ഞാന ശാഖകളെ പ്രഫുല്ലമാക്കിയ അസാധാരണ വ്യക്തിത്വം: മുഈനലി ശിഹാബ്‌ തങ്ങള്‍

തിരൂരങ്ങാടി : സകല വിജ്ഞാനീയങ്ങളിലും തികഞ്ഞ അവഗാഹം നേടി കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറഞ്ഞ അസാധാരണ വ്യക്തിത്വമായിരുന്നു അഹ്‌മദ്‌ റസാ ഖാനെന്ന്‌ പാണക്കാട്‌ സയ്യിദ്‌ മുഈനലി ശിഹാബ്‌ തങ്ങള്‍. ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടന്ന റസാ ഖാന്റെ 92-ാം ഉറൂസ്‌ മുബാറക്‌ ചടങ്ങിന്റെ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അത്യുന്നതമായ കുടുംബത്തില്‍ ജനിച്ച്‌ പ്രവാചകസ്‌നേഹം ഊര്‍ജമാക്കിയ ഇദ്ദേഹം അസാധ്യമെന്നു കരുതപ്പെടുന്ന പലതും നേടിയെടുത്ത പണ്‌ഡിത പ്രതിഭയായിരുന്നു. 1856 ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ച ഇദ്ദേഹത്തിന്‌ 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഉത്തരേന്ത്യയുടെ വിജ്ഞാന ദാഹത്തെ ശമിപ്പിക്കാനായി. കര്‍മശാസ്‌ത്രത്തില്‍ മാത്രം ഇരുനൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം ഗ്രന്ഥ ലോകത്തിന്‌ നല്‍കിയ സംഭാവനകള്‍ നിരവധിയാണ്‌. 

അസാധാരണമായ കലാമികവിന്റെയും അനര്‍ഘമായ ശൈലിയുടെയും ഉടമയായ ഇദ്ദേഹം ഭാഷാ ശാസ്‌ത്രം, കര്‍മ ശാസ്‌ത്രം, നിദാന ശാസ്‌ത്രം, ഖണ്‌ഡനം, ചരിത്രം, ജീവ ചരിത്രം, എഞ്ചിനീയറിംഗ്‌, ഗണിതം, ലോകരിതം, ദിശാ നിര്‍ണയം തുടങ്ങി നിരവധി വിജ്ഞാന ശാഖകളെ പ്രഫുല്ലമാക്കിയ ധിഷണാശാലിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ചടങ്ങില്‍ മുസ്‌തഖീം അഹ്‌മദ്‌ ഫൈസി ബീഹാര്‍ അധ്യക്ഷത വഹിച്ചു. ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്‌ദുല്‍ ഖാദിര്‍ ഉത്തര്‍പ്രദേശ്‌, ഗുലാം ഗൗസ്‌ അന്‍സാരി ഭീവണ്ടി, ജിബ്‌റാന്‍ റസാ ചിക്‌മംഗ്ലൂര്‍, മീറാന്‍ റസാ കര്‍ണാടക, സൈഫ്‌ അന്‍സാരി മഹാരാഷ്‌ട്ര എന്നിവര്‍ സംസാരിച്ചു.