റമദാനെ വരവേല്‍ക്കാന്‍ മസ്ജിദുല്‍ ഹറം ഒരുങ്ങി

മക്ക: റമദാനെ വരവേല്‍ക്കാന്‍ പതിവ് പോലെ മസ്ജിദുല്‍ ഹറാമില്‍ വിപുലമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഉംറ തീര്‍ഥാടകരുടെ പ്രവാഹത്തിന് ഈയാഴ്ചയോടെ ആക്കം കൂടിയിട്ടുണ്ട്. റമദാന്റെ ആരംഭത്തോടെ തന്നെ ഹറം ജനങ്ങളെ കൊണ്ട് നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹറമിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നല്‍കുന്ന സേവനങ്ങള്‍ മുഴുസമയം നിരീക്ഷിക്കുന്നതിനും പരാതികളില്‍ പെട്ടെന്ന് പരിഹാരം എടുക്കുന്നതിനും പ്രത്യേക സമിതികള്‍ രൂപവത്കരിച്ചതായി ഹറം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബ്‌നു നാസിര്‍ അല്‍ഖുസൈം പറഞ്ഞു. ഹറമിനകത്തും പുറത്തും സമിതി അംഗങ്ങള്‍ തുനിരന്തരം പരിശോധന നടത്തും. റമദാനിലെ സേവനത്തിന് ഇരുഹറം കാര്യാലയത്തിന് കീഴിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ സ്ത്രീകളും പുരുഷന്‍മാരുമായി ഏകദേശം 5702 ഉദ്യോഗസ്ഥരുണ്ടാകും. വിവിധ വകുപ്പുകള്‍ക്ക് കീഴിലെ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.ശുചീകരണത്തിന് ഹറമിനടുത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും 8500 ലധികം തൊഴിലാളികളെ നിയോഗിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇവര്‍ക്കാവശ്യമായ യന്ത്ര സാമഗ്രികളെല്ലാം ഒരുക്കിക്കഴിഞ്ഞു.ഹറമിനടുത്ത് വ്യത്യസ്ത ഷിഫ്റ്റുകളിലായി മുഴുസമയം ശുചീകരണ തൊഴിലാളികള്‍ രംഗത്തുണ്ടാകും.