ഖാസിയുടെ മരണം: സി.ബി.ഐ അന്വേഷണം ഏറെ പോരാട്ടങ്ങള്ക്കു ശേഷം

കാസര്‍കോഡ്: പ്രമുഖ പണ്ഡിതനും സമസ്ത സംസ്ഥാന വൈസ് പ്രസിഡന്റും മംഗലാപുരം, ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ലമൗലവിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത് ഏറെ പ്രക്ഷോഭങ്ങള്‍ക്കുശേഷം.

കഴിഞ്ഞ ഫെബ്രുവരി 15ന് രാവിലെയാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടല്‍ക്കരയിലെ പാറക്കൂട്ടത്തിനടുത്ത് കണെ്ടത്തിയത്. കേരളത്തിലും കര്‍ണാടകയിലും നിരവധി മതസ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ഖാസിയുടെ ദുരൂഹമരണം നാട്ടുകാരില്‍ ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലിസ് മരണം ആത്മഹത്യയാണെന്ന് ചിത്രീകരിക്കാന്‍ നടത്തിയ ശ്രമം ഏറെ പ്രതിഷേധത്തിനിടയാക്കി.

ഇതേത്തുടര്‍ന്ന് വിവിധ സംഘടനകളും ആക്ഷന്‍ കമ്മിറ്റിയും പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി ഉത്തരവിട്ടു. ഇതിനു തൊട്ടുപിന്നാലെ മാര്‍ച്ച് 24ന് അന്വേഷണം സി.ബി.ഐക്ക് വിട്ടതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. എന്നാല്‍, സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാന്‍ പിന്നെയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം സി.ബി.ഐക്ക് കൈമാറി ഉത്തരവിറക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന ഗോളശാസ്ത്രപണ്ഡിതനും മലബാര്‍ ഇസ്്‌ലാമിക് അടക്കമുള്ള ഉന്നത മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ ഖാസിയുടെ മരണം നടന്ന് എഴുമാസം പിന്നിടുമ്പോഴെങ്കിലും അന്വേഷണം സി.ബി.ഐക്ക് വിട്ട കേന്ദ്ര നടപടിയെ സി ടി അഹമ്മദലി എം.എല്‍.എ, ചെര്‍ക്കളം അബ്ദുല്ല, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ സ്വാഗതംചെയ്തു. ഖാസിയുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഖാസിയുടെ ശ്വാസകോശത്തിനുള്ളില്‍ മണല്‍ത്തരികള്‍ കണ്ടതായും മൂക്കിനും കണ്ണിനുമിടയില്‍ മുറിവുകളുള്ളതായും കഴുത്തെല്ലില്‍ ഒടിവുള്ളതായും കാലില്‍ മുറിവുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഖത്തിനും കണ്ണിനുമിടയിലുള്ള മുറിവുകള്‍ കൈവിരലുകള്‍കൊണ്ട് അമര്‍ത്തുമ്പോള്‍ സംഭവിക്കാവുന്നതുപോലെയുള്ളതാണെന്നും മയ്യിത്ത് നേരില്‍ കണ്ടവര്‍ പറയുന്നു. ഖാസിയുടെ മരണം നടന്ന ദിവസം പുലര്‍ച്ചെ ഒരു കാര്‍ കടപ്പുറത്തു കണ്ടതായും ഒരു അലര്‍ച്ച കേട്ടതായും ഖാസിയുടെ ബന്ധുക്കളും അയല്‍ക്കാരും മൊഴിനല്‍കിയിട്ടുണ്ട്. മാത്രവുമല്ല ഖാസിയുടെ വീട് പുതിയ പൂട്ടിട്ടാണ് പൂട്ടിയിരുന്നത്.