ന്യൂഡല്‍ഹി: വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ സിവില്‍ വ്യോമയാന ഡയറക്‌ട്രേറ്റ് പുറത്തിറക്കി. വിമാനം രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 2000 മുതല്‍ 4000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിലധികം വൈകിയാല്‍ യാത്രക്കാര്‍ക്ക് താമസവും ഭക്ഷണവും നല്‍കണം.
തിരക്കേറിയ സീസണില്‍ ബുക്കിങ് അധികമായതിന്റെ പേരില്‍ ബോര്‍ഡിങ് അനുവദിക്കാതെ വന്നാല്‍ യാത്രക്കാരന് ടിക്കറ്റിന്റെ ചാര്‍ജ് തിരികെ നല്‍കുന്നതിനോടൊപ്പം നഷ്ടപരിഹാരവും നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥമായിരിക്കും. മോശം കാലാവസ്ഥയോ രാഷ്ട്രീയ അനിശ്ചിതത്വമോ ഇങ്ങനെ വിമാനക്കമ്പനികളുടേതല്ലാത്ത കാരണത്താല്‍ വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ മാത്രം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ല.
ആഗസ്ത് 15 മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര, രാജ്യാന്തര, ചാട്ടേര്‍ഡ് വിമാനങ്ങളിലെല്ലാം പുതിയ നിയമം ബാധകമായിരിക്കും.