ശിഹാബ് തങ്ങള്‍ ശക്തിപ്പെടുത്തിയത് ഉദാത്തമായ ഇസ്‌ലാമിക ബോധം -മന്ത്രി ബിനോയ് വിശ്വം



തിരൂര്‍: ഇസ്‌ലാമിന്റെ ഏറ്റവും ഉദാത്തമായ ബോധത്തെയാണ് പാണക്കാട്‌സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ശക്തിപ്പെടുത്തിയതെന്ന് മന്ത്രി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങളുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് തിരൂരില്‍ സംഘടിപ്പിച്ച 'ശിഹാബ് തങ്ങള്‍ ദര്‍ശനം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.'ശിഹാബ് തങ്ങളെ കേരളീയര്‍ കാണുന്നത് കേവലം രാഷ്ട്രീയ നേതാവായല്ല; അദ്ദേഹത്തിന്റെ പിതാവ് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ അതേപടി ഏറ്റുവാങ്ങിയ ആചാര്യനായിട്ടാണ്. ആ ദര്‍ശനത്തിന്റെ പര്യായങ്ങളും പാഠഭേദങ്ങളുമാണ് നാം ഇന്ന് പഠിക്കേണ്ടത്' - ബിനോയ് വിശ്വം പറഞ്ഞു.ഇസ്‌ലാമിന് തീവ്രവാദത്തിന്റെ രക്ഷാകവചമാകാന്‍ കഴിയില്ല. 'ജിഹാദ്' എന്ന വാക്ക് ചോരക്കുരുതിയുടെ പര്യായമായി ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഇത് ശരിയല്ല. ലോകത്തിന്റെ ശത്രുവാണ് ഇസ്‌ലാം എന്ന കാഴ്ചപ്പാട് അമേരിക്കന്‍ സാമ്രാജ്യത്വം ആവിഷ്‌കരിച്ചതാണ്. തീവ്രവാദം ന്യൂനപക്ഷ മതങ്ങളില്‍ മാത്രമല്ല ഭൂരിപക്ഷ മതങ്ങളിലുമുണ്ട് - മന്ത്രി പറഞ്ഞു.സെമിനാറില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഇന്ത്യക്കാകെ അനുകരണീയ മാതൃകയായിരുന്നു ശിഹാബ് തങ്ങള്‍ എന്ന് സെമിനാറില്‍ സംസാരിച്ച ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ആത്മീയതയും രാഷ്ട്രീയവും സമ്മേളിച്ച വിസ്മയമായിരുന്നു ശിഹാബ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് നന്ദി പറയേണ്ടത് ശിഹാബ് തങ്ങള്‍ക്കാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി.ജോര്‍ജ് പറഞ്ഞു. ബാബ്‌റി മസ്ജിദ്, മാറാട് സംഭവങ്ങളില്‍ തങ്ങള്‍ സ്വീകരിച്ച സഹിഷ്ണുതാ നിലപാട് ശ്ലാഘനീയമായിരുന്നു - ജോര്‍ജ് അഭിപ്രായപ്പെട്ടു.സമുദായത്തെ നേര്‍വഴിക്ക് നയിച്ച ആത്മീയ നേതാവാണ് ശിഹാബ് തങ്ങള്‍ എന്ന് പി.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. സമസ്ത പ്രസിഡന്റ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, അഡ്വ.ടി.സിദ്ദീഖ്, അഡ്വ.എന്‍.ഷംസുദ്ദീന്‍ എന്നിവരും ശിഹാബ് തങ്ങളെ അനുസ്മരിച്ചു. കെ.എന്‍.എ.ഖാദര്‍, കുറുക്കോളി മൊയ്തീന്‍, പി.പി.മുഹമ്മദ് ഫൈസി, എം.പി.മുസ്തഫല്‍ ഫൈസി, കെ.മൊയ്തീന്‍ കുട്ടി, എ.മരക്കാര്‍ ഫൈസി, സിദ്ധീഖ് ഫൈസി വാളക്കുളം, കെ.വി.അബൂബക്കര്‍ ഖാസിമി, പുറങ്ങ് അബ്ദുല്ല മൗലവി, കളത്തിങ്ങല്‍ ഹംസഹാജി, തറമ്മല്‍ അബുഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും പി.എം.റഫീഖ് അഹമ്മദ് നന്ദിയും പറഞ്ഞു. സെമിനാറിനു മുമ്പ് പ്രാര്‍ത്ഥനാ സമ്മേളനവും മൗലീദ് പാരായണവും ഉണ്ടായിരുന്നു.