സമസ്ത 11 ലക്ഷം ധന സഹായം അനുവദിച്ചു

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മദ്രസകളിലെ 141 അധ്യാപകര്‍ക്കായി ക്ഷേമനിധി കമ്മിറ്റി ഈ മാസം 11 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.പ്രതിമാസ ധനസഹായ പദ്ധതിയില്‍ ഇത്രയധികം തുക ഒന്നിച്ചു നല്‍കുന്നത് ആദ്യമാണ്. വീടുനിര്‍മാണം, വിവാഹം, ചികിത്സ തുടങ്ങിയവയ്ക്കാണ് സഹായം.ചേളാരിയില്‍ രണ്ടു കോടി രൂപ ചെലവില്‍ പരീക്ഷാഭവന്‍ കെട്ടിടം നിര്‍മിക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനിച്ചു.

ഒന്നു മുതല്‍ 12 വരെയുള്ള മദ്രസ ക്ലാസുകളിലെ പൊതുപരീക്ഷ ഒഴികെയുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് വിതരണത്തിനും മറ്റുമുള്ള വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിക്കുക.സെന്‍ട്രല്‍ കൗണ്‍സിലിന്റെ മുഅല്ലിം പെന്‍ഷന് നാലുപേര്‍ കൂടി അര്‍ഹരായി. ഇതോടെ പെന്‍ഷന്‍ പട്ടികയില്‍ 289 പേര്‍ ആയി. 39 വര്‍ഷമെങ്കിലും സര്‍വീസുള്ള മദ്രസാധ്യാപകരില്‍ 60 വയസ്സു തികഞ്ഞവരെ മാത്രമാണ് പെന്‍ഷന്‍ പദ്ധതിക്കു പരിഗണിക്കുന്നത്.

സര്‍വീസിന്റെയും കോഴ്‌സിന്റെയും അടിസ്ഥാനത്തില്‍ മദ്രസാധ്യാപകര്‍ക്കുള്ള വാര്‍ഷിക ആനുകൂല്യം സെപ്റ്റംബറില്‍ നല്‍കും.സി.കെ.എം. സാദിഖ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. എം.എം. മുഹയിദ്ദീന്‍ മുസല്യാര്‍, എം. അബൂബക്കര്‍ മൗലവി, പി.ടി. കുഞ്ഞിമുഹമ്മദ് മുസല്യാര്‍, എം.എം. ഇമ്പിച്ചിക്കോയ മുസല്യാര്‍, കൊടക് അബ്ദുറഹിമാന്‍ മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.