സൂറത്തുല്‍ കഹ്ഫ് സാരോപദേശങ്ങളുടെ കഥാഖ്യാനം

വിശുദ്ധ ഖുര്‍ആനിലെ സുപ്രധാന അധ്യായങ്ങളിലൊന്നാണ് സൂറത്തുല്‍ കഹ്ഫ്. പ്രവാചകര്‍(സ) തങ്ങളുടെ മക്കാജീവിത വേളയില്‍ അവതീര്‍ണ്ണമായ ഈ അധ്യായത്തിന്റെ അല്‍കഹ്ഫ് എന്ന നാമ ലബ്ധിതന്നെ അതുള്‍ക്കൊള്ളുന്ന ഒരു സുപ്രധാന ചരിത്ര സംഭവവുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. നിശ്ചയദാര്‍ഢ്യവും, ദൈവ ഭക്തിയും കൈമുതലാക്കിയവരെ വഴി നടത്താന്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും അല്ലാഹു കൂടെയുണ്ടാകുമെന്ന അലംഘനീയ പ്രഖ്യാപനത്തിന്റെ സന്ദേശമാണ് ആ ചരിത്രം നമുക്ക് നല്‍കുന്നത്.

അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും ,ആ വിശ്വാസത്തിനു മുന്നില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ ചങ്കൂറ്റത്തോടെ നേരിടാന്‍ തീരുമാനിച്ചിറങ്ങുകയും ചെയ്ത ഒരു പറ്റം യുവാക്കളുടെ ദീരോദാത്തമായ സംഭവ കഥയാണ് ഈ സൂറത്തിലൂടെ ആദ്യമായി അല്ലാഹു പറയുന്നത് . തങ്ങളുടെ വിശ്വാസ സംഹിതയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയ ഭരണാധികാരിക്കുമുന്നില്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുമെന്ന ഘട്ടത്തില്‍ വിശ്വാസ സംരക്ഷണാര്‍ത്ഥം ഏഴു പേരടങ്ങുന്ന ഒരു ചെറുസംഘം യുവാക്കള്‍ നാട്ടില്‍ നിന്ന് യാത്ര തിരിച്ചു. ഭരണാധികാരിയുടെ നിരീക്ഷണ സംവിധാനങ്ങള്‍ക്കുമുന്നില്‍ വഴിയടഞ്ഞു പോയ അക്കൂട്ടം ഒരു അസന്നിഗ്ദ ഘട്ടത്തില്‍ പ്രാണ രക്ഷാര്‍ത്ഥം ഒരു ഗുഹയില്‍ അഭയം തേടുകയും, പരിക്ഷീണരായിരുന്ന അവര്‍ താമസംവിനാ ഉറക്കത്തിലേക്കു വഴുതുകയും ചെയ്തു. യാത്രയുടെ തുടക്കം മുതല്‍ അവരെ പിന്തുടര്‍ന്ന ഒരു നായയുടെ പ്രതീകാത്മക കാവലില്‍ അല്ലാഹു സ്വസ്ഥവും സുദീര്‍ഘവുമായ ഒരുറക്കം അവര്‍ക്കു പ്രദാനം ചെയ്തു. നൂറ്റാണ്ടുകള്‍ കഴിഞ്ഞ് അവരുടെ രാജ്യത്ത് തങ്ങളുടെ വിശ്വാസ സംഹിതയുള്‍ക്കൊണ്ട് ജീവിക്കാന്‍ അനുകൂലമായൊരു സാഹചര്യം സംജാതമായ ശേഷം അല്ലാഹു അവരെ ഉറക്കമുണര്‍ത്തുകയും, തുടര്‍ന്ന് തങ്ങളുടെ വിശ്വാസത്തിലടിയുറച്ച് ജീവിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. ഉറക്കം മനുഷ്യന് നല്‍കുന്ന നവോന്‍മേഷത്തെക്കുറിച്ചും , മരണവും, ഉറക്കവും തമ്മിലുള്ള സാദ്യശ്യത്തെക്കുറിച്ചും മനുഷ്യന്‍ സദാ ബോധവാനാകണമെന്നും അങ്ങനെ ഓരോ ഉറക്കവും ഉണര്‍വ്വും അവന്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള നിദാനങ്ങളാക്കി മാറ്റണമെന്നും ഈ ചരിത്ര കഥാകഥനത്തിലൂടെ അല്ലാഹു ഓര്‍മിപ്പിക്കുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആവോളമനുഭവിക്കുകയും, ആ അനുഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ അനുഗ്രഹ ദാതാവായ അല്ലാഹുവിനെ മറന്ന് അഹങ്കാരിയായി മാറുകയും ചെയ്ത് നന്ദികേടിന്റെ ശിക്ഷ ഭൗതിക ലോകത്തുവെച്ച് തന്നെ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്ത ഒരു മനുഷ്യന്റെ കഥയും ഈ അധ്യായത്തില്‍ അല്ലാഹു വിവരിക്കുന്നുണ്ട്. തന്റെ തോട്ടം നിറയെ കുലച്ചു നിന്ന കായ്ഫലങ്ങള്‍ അവനെ മത്തുപിടിപ്പിച്ചപ്പോള്‍, ആദ്യം തന്റെ സുഹ്യത്തിനോട് തന്റെ സാമ്പത്തിക നേട്ടത്തില്‍ അഹങ്കരിച്ച അവന്‍ ക്രമേണ അല്ലാഹുവിനെ തന്നെ ധിക്കരിക്കുകയും, ഇനി അല്ലാഹു തന്നെ വിചാരിച്ചാലും തന്നെ തോല്‍പിക്കാനാവില്ലെന്ന വിശ്വാസത്തോളം അവന്റെ അഹങ്കാരം വളരുകയും ചെയ്തു. തന്റെ സഹചാരിയായ സുഹ്യത്തിന്റെ ഗുണകാംക്ഷയെപ്പോലും ത്യണവല്‍ഗണിച്ച് അവസാനം, നല്‍കപ്പെട്ട മുഴുവന്‍ അനുഗ്രഹങ്ങളും പിന്‍വലിക്കപ്പെട്ട അസന്നിഗ്ദ ഘട്ടം വന്നപ്പോള്‍ നിസ്സഹായനായി വിലപിക്കാന്‍ മാത്രമേ അവന് യോഗമുണ്ടായുള്ളൂ. മനുഷ്യന്റെ ദൗര്‍ബല്യങ്ങളും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് വേണ്ട വിധം നന്ദി ചെയ്യുന്നതില്‍ അവനു സംഭവിക്കുന്ന വീഴ്ചകളും ,അത്തരം വീഴ്ചകളാല്‍ ഉണ്ടായേക്കാവുന്ന അതിഗുരുതരമായ പ്രത്യാഘാതങ്ങളും മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നതാണ് സൂറത്തുല്‍ കഹ്ഫിലെ ഈ കഥാഖ്യാനം.
വിജ്ഞാന സമ്പാദനമേഖലയില്‍, ഒരു മനുഷ്യന് അവശ്യമായും ഉണ്ടായിരിക്കേണ്ട ക്ഷമാശീലത്തിന്റെയും, വിനയബോധത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു ഈ സൂറത്തിലെ മറ്റൊരു ശ്രദ്ധേയ ചരിത്രം. അല്ലാഹുവിന്റെ രണ്ടു പ്രവാചകരായ മൂസാ നബി (അ)മും, ഖളിര്‍ നബി(അ)മും, അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസാരം നടത്തിയ ഒരു വൈജ്ഞാനിക യാത്രയുടെ വിവരണ രൂപത്തില്‍ മുന്നേറുന്ന ഈ കഥയുടനീളം ഒരു വിദ്യാര്‍ത്ഥിയിലുണ്ടാവേണ്ട ജിജ്ഞാസയുടെയും, ക്ഷമാശീലത്തിന്റെയും, അര്‍പ്പണബോധത്തിന്റെയും പച്ചയായ ആവിഷ്‌കാരമാണ്. ഗുരുനാഥന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്കു ഗ്രഹിക്കാനാവാത്തവയുടെ കാര്യത്തില്‍ പോലും ഗുരുനാഥന്റേതായ വിശദീകരണം ലഭിക്കും വരേക്കും വിദ്യാര്‍ത്ഥി അക്ഷമ കാണിച്ചുകൂടാ എന്ന ശക്തമായ ആഹ്വാനം ഈ കഥയുള്‍ക്കൊള്ളുന്നു. തന്റെ താല്‍പര്യങ്ങളെയും, ബാഹ്യ വീക്ഷണത്തിലെ നിരീക്ഷണങ്ങളെയുമുപരി ഒരു സത്യവിശ്വാസി ഏതുകാര്യത്തിലും ദൈവ ഹിതത്തിനും അല്ലാഹുവിന്റെ കല്‍പനകള്‍ക്കുമാണ് പ്രഥമസ്ഥാനം നല്‍കേണ്ടതെന്ന അവിസ്മരണീയ പാഠമാണ് കഥയിലെ ഗുരുനാഥനായ ഖളിര്‍(അ) മിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹു ചിത്രീകരിച്ചത്.
കഥയിലൂടെ തുടങ്ങി, കഥയിലൂടെ മുന്നേറിയ ഈ അധ്യായത്തിന്റെ അവസാന ആയത്തുകളും മറ്റൊരു കഥയാണുള്‍ക്കൊള്ളുന്നത്. ദുല്‍ഖര്‍നൈന്‍ എന്ന ലോക ചക്രവര്‍ത്തിയുടെ ചരിത്രമാണ് ഈ വിശുദ്ധ ഖുര്‍ആന്‍ അധ്യായം അവസാനമായി വിവരിക്കുന്നത്. അല്ലാഹു കനിഞ്ഞേകിയ അപാരവും, അനന്യവുമായ അനുഗ്രഹങ്ങളും, അധികാരങ്ങളും, അല്ലാഹുവിന്റെ പ്രീതിയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കുകയും, അല്ലാഹു ജനങ്ങള്‍ക്കുമേല്‍ തനിക്കു നല്‍കിയ ഭരണാധികാരം ഏറ്റവും ജനോപകാരപ്രദമായി വിനിയോഗിക്കുകയും ചെയ്ത സദ്‌വ്യത്തനായ ഒരു ഭരണാധികാരിയുടെ വിശേഷങ്ങളാണ് ഈ ചക്രവര്‍ത്തിയുടെ കഥയിലൂടെ ഖുര്‍ആന്‍ അനാവരണം ചെയ്തത്. നിര്‍മ്മാണ കലയില്‍ ലോകാവസാനം വരെയുമുള്ള മുഴുവന്‍ വികാസങ്ങളുടെയും അടിത്തറയായ ഒരു മഹാ നിര്‍മ്മിതിയുടെ പൂര്‍ത്തീകരണത്തിന് മേല്‍നോട്ടം വഹിച്ച ദുല്‍ഖര്‍നൈന്‍ ചക്രവര്‍ത്തി ലോകചരിത്രത്തിന് അമൂല്യമായ ഒരു നാഴികക്കല്ലാണ് സമ്മാനിച്ചത്.
സദ്‌വ്യത്തരുടെയും, ദുര്‍മാര്‍ഗികളുടെയും ചരിത്രകഥനത്തിലൂടെ ഗുണപാഠങ്ങളുടെ ഒരു മഹാപ്രപഞ്ചം തന്നെ ചിത്രീകരിച്ച ഈ ഖുര്‍ആനികാധ്യായം ഈ രണ്ടു കൂട്ടര്‍ക്കും പാരത്രിക ജീവിതത്തില്‍ വരാനിരിക്കുന്ന അവസ്ഥകളിലേക്കും വളരെ വ്യക്തമായി വിരല്‍ ചൂണ്ടിയിട്ടുണ്ട്.
ലോകത്തെ മുഴുവന്‍ സമുദ്ര ജലവും മഷിയാക്കിയെഴുതിയാല്‍ പോലും എഴുതിത്തീര്‍ക്കാന്‍ സാധ്യമാവാത്ത വിധം അനന്ത വിശാലമാണ് അല്ലാഹുവിന്റെ വചനങ്ങളെന്ന പ്രഖ്യാപനം നടത്തിയ ഈ വിശുദ്ധ അധ്യായം അവസാനിക്കുന്നത് തന്റെ സ്യഷ്ടാവിന്റെ കരുണാകടാക്ഷമാഗ്രഹിക്കുന്നവര്‍ നന്‍മയിലധിഷ്ടിതമായ ജീവിതം നയിക്കുകയും, അല്ലാഹുവിന്റെ ഏകത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും വേണമെന്ന ശക്തമായ നിര്‍ദ്ദേശത്തോടെയാണ്. ഈ സൂറത്തിലെ ആദ്യത്തെയോ അവസാനത്തെയോ പത്ത് ആയത്തുകള്‍ മനപ്പാഠമാക്കുന്നവര്‍ക്ക് അന്ത്യ ദിനത്തിലെ വിശ്വാസപരീക്ഷണത്തില്‍ അടിപതറാതെ നില്‍ക്കാനാവുമെന്ന് പ്രവാചകര്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനിന്റെ സാരോപദേശങ്ങളിലടിയുറച്ചു നിന്ന് ജീവിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീന്‍