അനാഥാലയം; അഭ്യന്തരമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം : SKSSF

കാസറകോട് : സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലേക്ക് പിഞ്ചു വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ വരുന്നതിനെ മനുഷ്യക്കടത്തായും മഹാപാപമായും ചില ഉദ്യോഗസ്ഥരും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളും ചിത്രീകരിക്കുമ്പോള്‍ അത്തരക്കാര്‍ക്ക് ചൂട്ടപിടിക്കുകയും ഉത്തേജകം നല്‍കുകയും ചെയ്യുന്ന രൂപത്തില്‍ നിരുത്തരപരമായി പ്രസ്താവന നടത്തിയ അഭ്യന്തര വകുപ്പ്മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എസ്. കെ. എസ്. എസ്. എഫ്. കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ അനാഥ-അഗതി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അതാത് സംസ്ഥാനങ്ങളില്‍ സൗകര്യം ഒരുക്കണമെന്ന് പറയുന്ന രമേശ് ചെന്നിത്തല കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ ഇവിടെ സൗകര്യമുണ്ടോ എന്നും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നില്ലെ എന്നും അന്വേഷിക്കണം. നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തതിനാലും സ്വാശ്രയ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയും കാരണം മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് പോകുന്നതിനെ മനുഷ്യക്കടത്തെന്ന് ഓമനപ്പേരിട്ട് വിളിക്കാന്‍ അഭ്യന്തരമന്ത്രിയും കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് നേതാക്കളും ഉദ്യോഗസ്ഥരും തയ്യാറാകുമോ. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ തന്നെ കേരളത്തില്‍ ഉണ്ട്. പ്രസ്തുത സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഭാഷ പോലും അറിയാത്ത പിഞ്ചു മക്കളെ അന്വേഷണത്തിന്റെ പേരില്‍ സൗകര്യമില്ലാത്ത അനാഥാലയങ്ങളില്‍ പാര്‍പ്പിച്ച് പീഢിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- Secretary, SKSSF Kasaragod Distict Committee