സമസ്ത മുശാവറ; അസത്യ പ്രചാരണം ശരിയല്ല: സമസ്ത

14 ന് മുശാവറ യോഗം വിളിക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തിട്ടില്ല 
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം പതിനാലാം തിയ്യതിയിലേക്ക് വിളിച്ചുവെന്നും, പിന്നീടത് നിര്‍ത്തിവെച്ചു എന്നുമുള്ള ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ല. മുശാവറ യോഗം മേല്‍പറഞ്ഞ പ്രകാരം വിളിക്കുകയോ, നിര്‍ത്തിവെക്കുവാന്‍ ആരെങ്കിലും പറയുകയോ ചെയ്തിരുന്നില്ല. എല്ലാ ധാര്‍മ്മിക അതിരുകളും പൂര്‍ണ്ണമായി പാലിക്കുന്ന പ്രസ്ഥാനമാണ് സമസ്ത. യാതൊരു വിവാദങ്ങളിലും, ഭൗതിക വ്യവഹാരങ്ങളിലും ഇടപെടാതെ തികച്ചും ആത്മീയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന മുസ്‌ലിംകളുടെ ഏക ആധികാരിക പരമോന്നത പണ്ഡിതസഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. ഈ പ്രസ്ഥാനത്തെ പൊതുസമൂഹവും മുസ്‌ലിംകളും മതിപ്പോടെയാണ് വീക്ഷിക്കുന്നത്. 
ചില പത്രമാധ്യമങ്ങള്‍ ഇടക്കിടെ സമസ്തയെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അസത്യമാണ്. ഇത്തരംവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരും, അത് പ്രസിദ്ധീകരിക്കുന്നവരും ധാര്‍മ്മികതയും, സത്യസന്ധതയും മറക്കുകയാണ്.
വ്യാജകേശം സംബന്ധിച്ച് സമസ്ത അതിന്റെ സുചിന്തിത നിലപാട് വ്യക്തമാക്കിയതും തുടര്‍ന്ന് മുസ്‌ലിം കേരളം ഉറച്ചനിലപാട് സ്വീകരിച്ചതുമാണ്. തുടര്‍ന്നാണ് ബന്ധപ്പെട്ടവര്‍ കേശസൂക്ഷിപ്പ് പള്ളി നിര്‍മ്മാണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്ന് പിറകോട്ട് പോയത്. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ബഹു. കേരള ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്് വസ്തുതാവിരുദ്ധമായതിനാല്‍ തിരുത്തണമെന്ന് സര്‍ക്കാറിനോട് സമസ്ത രേഖാമൂലം ആവശ്യപ്പെട്ടതും തെറ്റ് ബോദ്ധ്യമായതിനാല്‍ തിരുത്താമെന്ന് മുഖ്യമന്ത്രി ഉള്‍ പ്പെടെ ഉറപ്പ് നല്‍കിയതുമാണ്.
കാലതാമസവും, അലഭാവവും സംഭവിച്ചതിനെതുടര്‍ന്ന് പൊതുസമൂഹത്തെ പ്രതിഷേധ സംഘമത്തിലൂടെ കാര്യങ്ങള്‍ തര്യപ്പെടുത്തിട്ടുണ്ട്. സമസ്തയുടെ നിയോഗ നിര്‍വ്വഹണത്തിന്റെ ഭാഗമാണിതെല്ലാം. അഹ്‌ലുസുന്നയുടെ വഴിയില്‍ ഇസ്‌ലാമിക സമൂഹത്തെ നയിക്കുകയെന്നതാണ് സമസ്ത എട്ടരപതിറ്റാണ്ടായി നിര്‍വ്വഹിച്ചുവരുന്നത്. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി പ്രത്യേക അകല്‍ച്ചയോ, അടുപ്പമോ, പുതിയ നയമോ സമസ്തക്കില്ല. സമസ്ത അതിന്റെ സ്ഥാപിത നയവുമായി മുന്നോട്ട് നീങ്ങുന്നു. മാധ്യമങ്ങളില്‍ നിന്ന് സമസ്ത നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.