മുക്കം: ആയിരത്തിലധികം അനാഥ - അഗതികളുടെ കരസ്പര്‍ശവും പ്രാര്‍ത്ഥനയും തേടി നാടിന്റെ നാനാഭാഗത്തു നിന്നും ജാതിമത ഭേദമെന്യേ ഇന്നലെ മുക്കം യതീംഖാനയിലെത്തിയത് ആയിരങ്ങള്‍. അനാഥശാല വാര്‍ഷിക സന്ദര്‍ശനത്തിലും സമൂഹ പ്രാര്‍ത്ഥനയും വിദേശികളുള്‍പ്പെടെ പങ്കാളികളായി. അന്തേവാസികളുമായി സംവദിക്കുകയും ചെയ്തു.
യു.എ.ഇ രാഷ്ട്രപിതാവും ദീര്‍ഘകാലം ഭരണാധികാരിയുമായിരുന്ന ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്റെ മകള്‍ ശൈഖ റൗള ബിന്‍ത് സഈദ് അല്‍ നഹ്‌യാനുവേണ്ടി സെക്രട്ടറി ഫാത്തിമ ഫാഈസ് അല്‍ശംസി കുടുംബാംഗങ്ങളോടൊപ്പം മുഖ്യാതിഥിയായെത്തി.
മുക്കം അനാഥശാലയെ അടുത്തറിയുന്നതിലുള്ള സന്തോഷം അവര്‍ പങ്കിട്ടു. ശൈഖ റൗളയുടെ സന്ദേശം വായിച്ച അവര്‍ ശൈഖ് സാഈദ് കുടുംബത്തേയും യു.എ.ഇയെയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥി ക്കുകയും ചെയ്തു. ഉമ്മു അബ്ദുല്ല, അബ്ദുല്ല ബിന്‍ ഇബ്രാഹിം, അനാഥശാല കമ്മിറ്റിഅംഗം മൊയ്തീന്‍ഹാജി എന്നിവരും ഇവരെ അനുഗമിച്ചു.കോല്‍ക്കളിയുടെയും ദഫ്മുട്ടിന്റെയും അകമ്പടിയോടെ മുത്തുകുടകള്‍ ചൂടിയാണ് അന്തേവാസികള്‍ മുഖ്യാതിഥിയെ വേദിയിലേക്ക് ആനയിച്ചത്.
സ്വാഗതസംഘം ഭാരവാഹികളും യതീംഖാന കമ്മിറ്റി അംഗങ്ങളും ജീവനക്കാരും വിദ്യാര്‍ത്ഥികളും അതിഥികളെ സ്വീകരിച്ചു. രാത്രി നടന്ന സമൂഹപ്രാര്‍ത്ഥനക്ക് വാവാട് കുഞ്ഞികോയ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി.
സ്വീകരണ ചടങ്ങില്‍ അനാഥശാല ജനറല്‍ സെക്രട്ടറി വി.മോയിമോന്‍ഹാജി അധ്യക്ഷതവഹിച്ചു. വി.മുഹമ്മദ് മോന്‍ഹാജി, മൊയ്തീന്‍ഹാജി,സലാം ഫൈസിമുക്കം പ്രസംഗിച്ചു. വി.ഉമ്മര്‍ക്കോയ ഹാജി, എ.എം അഹമ്മദ്കുട്ടി ഹാജി, സി.മൂസ മാസ്റ്റര്‍ അതിഥികള്‍ക്ക് ഉപഹാരം നല്‍കി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.മോയിന്‍കുട്ടി എം.എല്‍.എ, ടി.കെപരീക്കുട്ടി ഹാജി, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ സന്ദര്‍ശനത്തിനെത്തി.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എ.എം അഹമ്മദ്കുട്ടി ഹാജി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി വി.മോയിമോന്‍ഹാജി, കെ.ഉമര്‍ഫൈസി, വി. മുഹമ്മദ് മോന്‍ ഹാജി, എ.ഇ.മൊയ്തീന്‍ഹാജി, സി.മൂസ മാസ്റ്റര്‍, വി.അബ്ദുല്ലക്കോയഹാജി, വി.ഉമര്‍ക്കോയ ഹാജി, വി.മരക്കാര്‍ മാസ്റ്റര്‍, യൂനുസ് പുത്തലത്ത്, വി.കുഞ്ഞാലി ഹാജി, വി.അസ്സു, വി.എം ഉസ്സന്‍കുട്ടി, ഡോ.കെ അബ്ദുല്‍ഗഫൂര്‍, പ്രസംഗിച്ചു.