പാരമ്പര്യത്തിന്റെ നന്മയുമായി മതപഠനത്തിലെ നൂതനപദ്ധതി


വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണെന്ന പ്രവാചകാധ്യാപനത്തിന്റെ നേരര്‍ത്ഥം അജ്ഞരായ ഒരു സമൂഹത്തില്‍ ഇസ്‌ലാം നിര്‍ജീവമാണെന്നാണ്. പ്രവാചകരെ അക്ഷരം പ്രതി അനുധാവനം ചെയ്യുന്നത് ജീവിതചര്യയാക്കിയ അനുചരന്മാര്‍ പരിശുദ്ധ ദീനിന്റെ പ്രകാശവുമായി തങ്ങള്‍ കടന്നു ചെന്നിടങ്ങളിലൊക്കെ വിജ്ഞാനത്തിന്റെ വിളക്കുമാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
തിരുനബിയുടെ കാലത്തുതന്നെ ഇസ്‌ലാം കടന്നുവന്ന പ്രദേശമാണ് കേരളമെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെത്തിയ പ്രബോധക സംഘം ആദ്യമായി ചെയ്തത് തദ്ദേശീയരോട് ചേര്‍ന്നുനിന്ന് തങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മിക്കുകയായിരുന്നു. പ്രസ്തുത കാലഘട്ടത്തിലെ കേരളീയ ജാതിപരിസരങ്ങളില്‍ 'എത്രയോ ദൂരം വഴിതെറ്റിനില്‍ക്കേണ്ട' അധ:സ്ഥിത സമൂഹം ജീവിത മോക്ഷം ലഭിക്കുന്നത് പോലെ ഇസ്‌ലാമിക തത്വസംഹിത നെഞ്ചോട് ചേര്‍ക്കുകയും ചെയ്തു.

ഇപ്പോഴും കേരളീയ മുസ്‌ലിം സമുദായത്തിന്റെ ആവാസവ്യവസ്ഥ രൂപപ്പെടുന്നത് പള്ളികള്‍ കേന്ദ്രീകരിച്ചാണ്. ഈ പള്ളികളിലൂടെ മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യതയും ദിനചര്യകളും പഠിപ്പിക്കപ്പെടുകയും വിചിന്തന മനനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. രേഖപ്പെട്ട് കാണുന്ന കേരളത്തിലെ ആദ്യത്തെ ദര്‍സ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്ലാഹില്‍ ഹള്‌റമി ഹിജ്‌റ അറുനൂറുകളില്‍ താനൂര്‍, വലിയ കുളങ്ങര പള്ളിയില്‍ സ്ഥാപിച്ച ദര്‍സാണ്.

മലബാറിലെ 'മക്ക' എന്ന് പൊന്നാനിയെ വിശ്രുതമാക്കുന്ന മഖ്ദൂമീങ്ങളുടെ ദര്‍സ് സ്ഥാപിതമാകുന്നത് ഈ ചലനങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു. മക്ക, മദീന, ഈജിപ്ത് തുടങ്ങിയ വിദ്യാനികേതനങ്ങളില്‍ ചെന്ന് ദാഹശമനം നടത്തി മടങ്ങി വന്ന മഖ്ദൂം ഒന്നാമന്‍ ലോകപ്രശസ്തമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുടെ മാതൃക സ്വീകരിച്ച്‌കൊണ്ട് വിവിധ വിജ്ഞാന ശാഖകളില്‍ ആഴത്തില്‍ അവഗാഹം നേടിയ പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കുന്നത് സ്വപ്‌നം കണ്ടു.

ദീര്‍ഘകാലം, പൊന്നാനി കേരളത്തിലെ പണ്ഡിത വിദ്യാര്‍ത്ഥികളുടെ സനദ് സമ്പാദനത്തിന്റെ അവസാന ഗേഹമായി നിലകൊണ്ടു. വിവിധ ഘട്ടങ്ങളില്‍ മലേഷ്യ, സിംഗപ്പൂര്‍, ജാവ, സുമാത്ര തുടങ്ങിയിടങ്ങളില്‍നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ പൊന്നാനിയിലെ വൈജ്ഞാനിക അഴിമുഖത്തെത്തി.

പൊന്നാനി സിലബസ് പോലെ പ്രചുര പ്രചാരം നേടിയില്ലെങ്കിലും കേരളത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒരു പാഠ്യ രീതിയായിരുന്നു നിസാമിയ്യ: സിലബസ്. ഫറങ്കിമഹല്‍ പണ്ഡിതന്‍മാരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ഈ സിലബസും പൊന്നാനി സിലബസും സമന്വയിപ്പിച്ച് വ്യവസ്ഥാപിതമായ പാഠ്യപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത് കേരളത്തില്‍ നിന്ന് ആദ്യമായി വെല്ലൂരിലെ ബാഖിയാതുസ്വാലിഹാതില്‍ ചെന്ന് ഉന്നത പഠനം നടത്തി ബിരുദം കരസ്ഥമാക്കിയ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്.

1871ല്‍ സ്ഥാപിതമായ വാഴക്കാട് തന്‍മിയതുല്‍ ഉലൂം മദ്രസയില്‍ ചാലിലകത്ത് പ്രധാനാധ്യാപകനായി എത്തുന്നതോടെയാണ് ദാറുല്‍ ഉലൂം എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുന്നത്. പൊന്നാനിയുടെ പൈതൃകത്തെ നിലനിര്‍ത്തി അറബ്, പേര്‍ഷ്യന്‍, ഗ്രീക്ക് തര്‍ക്കശാസ്ത്രം തത്വശാസ്ത്രം തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കുന്ന നിസാമിയ്യ സിലബസ്സാണ് മൗലാന ദാറുല്‍ ഉലൂമില്‍ നടപ്പിലാക്കിയത്.

പത്ത് വര്‍ഷത്തെ തുടര്‍പഠനം ലക്ഷ്യമാക്കി കരിക്കുലവും സിലബസും തയ്യാറാക്കി. സമയ ക്രമീകരണത്തിന് പീരീഡുകള്‍ നിര്‍ണയിച്ചു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, മന്‍ത്വിഖ്, താരീഖ്, ഇല്‍മുല്‍ ഹൈഅത്, ഹന്‍ദസ, മുനാളറ, സര്‍ഫ് നഹ്‌വ് തുടങ്ങിയ വിജ്ഞാന ശാഖകളിലെ പ്രധാന കിതാബുകള്‍ ക്രമാനുഗതമായി ഓരോ വര്‍ഷത്തെയും സിലബസില്‍ ഉള്‍പ്പെടുത്തി. ഓരോ ക്ലാസിനും പ്രത്യേകം പ്രത്യേകം അധ്യാപകരെ നിയോഗിച്ചു. ഹാജര്‍പട്ടിക, ലീവ് സമ്പ്രദായം, ലൈബ്രറി സമ്പ്രദായം തുടങ്ങിയവയൊക്കെ ചാലിലകത്താണ് കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത്.

പാരമ്പര്യ വിശ്വാസാചാരങ്ങളില്‍ നിന്ന് അകലം പാലിക്കാത്ത ചാലിലകത്ത് തികച്ചും യാഥാസ്ഥിക ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിച്ചു എന്നതിന് ഒട്ടനേകം ചരിത്ര സാക്ഷ്യങ്ങളുണ്ട്.

1916ല്‍ സ്ഥാപിതമായ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളജ്, 1924ല്‍ സ്ഥാപിതമായ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളജ്, 1962 നവംബര്‍ ഒന്നിന് ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അംഗീകരിച്ച ഭരണ ഘടനപ്രകാരം പ്രവര്‍ത്തിക്കുന്ന, പട്ടിക്കാട് ജാമിഅ: നൂരിയ്യ അടക്കമുള്ള പല സ്ഥാപനങ്ങളും പൊന്നാനി സിലബസിന്റെ പുനരാവിഷ്‌കാരമാണ് നടപ്പിലാക്കിയത്. ഈ കാലഘട്ടങ്ങളിലൊന്നും കേരളത്തിലെ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ദര്‍സീ സമ്പ്രദായത്തിന് ഒരു കോട്ടവും തട്ടിയില്ലെന്ന് മാത്രമല്ല, ശക്തവും ഊര്‍ജിതവുമായ ദര്‍സുകളുടെ സാന്നിധ്യവും ആധിക്യവുമാണ് ജാമിഅ: നൂരിയ്യയുടെ സംസ്ഥാപനത്തിന് വഴിതെളിച്ചത്.

പരിഷ്‌കരണങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളിലലയുന്ന നവ തലമുറക്ക് യഥാര്‍ത്ഥ വഴി തുറന്ന് കൊടുക്കണമെങ്കില്‍ ഇവിടെ നിന്നിറങ്ങുന്ന ബിരുദധാരികളെ അതിനു സജ്ജരാക്കേണ്ടതുണ്ട്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പണ്ഡിത മഹത്തുക്കളുടെ ഗൗരവമായ ചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ജാമിഅ ജൂനിയര്‍ കോളജ്.

സമൂഹം ഇതിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു. വിവിധ സ്ഥാപനങ്ങള്‍ ഇതിന്റെ അംഗീകാരത്തിനുവേണ്ടി അപേക്ഷിക്കുകയും ജാമിഅ ജൂനിയര്‍ കോളജ് എന്ന പേരില്‍ നിരവധി പുതിയ സ്ഥാപനങ്ങള്‍ ഉടലെടുകയും ചെയ്തു. കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി അമ്പതിലധികം ജൂനിയര്‍ കോളജുകള്‍ ഇതിനകം ജാമിഅ നൂരിയ്യയോട് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. വിവിധ ഭാഷാ പരിജ്ഞാനം കരസ്ഥമാക്കുന്നതിലൂടെ അന്യഭാഷക്കാരായ അമുസ്‌ലിംകളോടും മുസ്‌ലിംകളോട് തന്നെയും സംവദിക്കാനും ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ പകരാനുമുള്ള പ്രാപ്തിയാണ് ജാമിഅ: ലക്ഷീകരിക്കുന്നത്. ദീനി സേവനരംഗത്ത് മികവുറ്റ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുകയും അവരെ സേവന സജ്ജരാക്കുകയും ചെയ്യുക എന്ന അടിസ്ഥാന ലക്ഷ്യത്തിലൂന്നിയാണ് ഈസംരംഭത്തിനും ജാമിഅ: അസ്തിവാരമിട്ടത്.

കേരളീയരായ പണ്ഡിത വിദ്യാര്‍ത്ഥികള്‍ക്ക് ബാഖിയാത്തിലെയും ദാറുല്‍ ഉലൂമിലെയുമൊക്കെ ബിരുദ വിദ്യഭ്യാസം അപ്രാപ്യമായിത്തുടങ്ങിയ പതിതാവസ്ഥയിലാണ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാരും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും സമസ്ത പണ്ഡിത നേതൃത്വത്തിന്റെ തീരുമാന പ്രകാരം ജാമിഅ: നൂരിയ്യക്ക് വിത്ത് പാകുന്നത്. കേരളീയ മുസ്‌ലിം സമൂഹം തുടര്‍ന്ന് വരുന്ന അഭിമാനകരമായ സാംസ്‌കാരിക-വൈജ്ഞാനിക അസ്തിത്വത്തിന്റെ തുടര്‍ച്ചയായിരുന്നു അവരുടെ കഠിനാധ്വാനത്തിന്റെ ലക്ഷ്യം. ജാമിഅ:യിലൂടെ അല്ലാഹു പ്രസ്തുത ലക്ഷ്യം സാക്ഷാല്‍കൃതമാക്കിയെന്ന് മാത്രമല്ല , ആഗോള സുന്നീപണ്ഡിതരുടെ അവലംബവും ശ്രദ്ധാകേന്ദ്രവുമായി പ്രസ്തുത സ്ഥാപനവും അതിന്റെ സന്തതികളും പരിണമിച്ചു എന്ന സന്തോഷകരമായ വസ്തുതക്ക് കൂടി സമകാലിക മുസ്‌ലിം ലോകം സാക്ഷിയാവുകയാണ്.

തഫ്‌സീര്‍, ഹദീസ്, കര്‍മ്മശാസ്ത്രം, തസ്വവുഫ്, വ്യാകരണശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം തുടങ്ങിയവയില്‍ ഗഹനമായ പഠനങ്ങള്‍ നടക്കുന്നതിനോടൊപ്പം ഭൗതിക വിദ്യഭ്യാസവും പകര്‍ന്ന് നല്‍കുക, ലോക ഭാഷയായ ഇംഗ്ലീഷ്, അറബി എന്നിവയിലും ഉറുദു ഭാഷയിലും വിദ്യാര്‍ഥികളെ നിപുണരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ പാഠ്യ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

ലോകോത്തരമായ അലിഗര്‍ മുസലിം യൂണിവേഴ്‌സിറ്റി ഫൈസി ബിരുദത്തെ ബി.എക്ക് തുല്യമായി അംഗീകരിക്കുന്നു എന്നതിനുപുറമേ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ കോളജില്‍ അഡ്മിഷന്‍ നല്‍കി ഫൈസി ബിരുദത്തോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, ബി.എ, എം.എ തുടങ്ങിയ ബിരുദങ്ങളും കരസ്ഥമാക്കാനുതകുന്ന വിധത്തിലാണ് ജാമിഅ: വിഭാവനം ചെയ്യുന്ന ജൂനിയര്‍ കോളജിന്റെ സിലബസ്.

ആദര്‍ശധാരയോട് പ്രതിബദ്ധത പുലര്‍ത്തുന്ന മുസ്‌ലിമിന് ആധുനിക സാഹചര്യങ്ങളെ പഴിച്ച് മത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറം തിരിയുക സാധ്യമല്ല, വിജ്ഞാന പ്രസരണത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഇസ്‌ലാമിന്റെ അനുയായികള്‍ക്ക് ഒരു കാലത്തും മത പ്രബോധനത്തിന്റെ മാര്‍ഗങ്ങള്‍ അസ്തമിക്കുന്നില്ല.- പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, (ചന്ദ്രിക)