നിതാഖാത്ത് മറ്റൊരു അടിയന്തരാവസ്ഥയല്ല


ത്രയോ ലക്ഷം വിദേശികള്‍ക്ക് തൊഴിലും ജീവിതസൗകര്യങ്ങളും അനേകവര്‍ഷങ്ങളായി നല്‍കിവരുന്ന ഉദാരമനസ്‌കരായ ഭരണാധികാരികളാണ് സഊദി അറേബ്യയിലുള്ളത്. സ്വന്തം പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്ക് നല്‍കിവരുന്ന അതേ പ്രാധാന്യം അന്യരാജ്യങ്ങളിലെ പൗരന്മാരുടെ കാര്യങ്ങളിലും അവര്‍ കാണിച്ചിട്ടുണ്ട്. അവിടെ ജോലി ചെയ്ത് സമ്പാദിച്ച കോടാനുകോടി ബില്ല്യന്‍ ഡോളര്‍ അന്യരാഷ്ട്രപൗരന്മാര്‍ സ്വന്തം രാഷ്ട്രങ്ങളിലേക്ക് കടത്തിക്കൊണ്ട് പോയിട്ടുണ്ട്. ഇപ്പോഴും അത് യഥേഷ്ടം തുടരുന്നു.
അന്യരാഷ്ട്ര പൗരന്മാരുടെ സഊദിഅറേബ്യയിലേക്കുള്ള വരവും അവിടെ അവര്‍ ചെയ്യുന്ന ജോലിയും അവരുടെ സേവനവേതന വ്യവസ്ഥകളും കടമകളും അവകാശങ്ങളുമൊക്കെ ആ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് പൂര്‍ണ്ണമായും വിധേയമായിരിക്കണമെന്നും അതെല്ലാം വ്യവസ്ഥാപിതമായിരിക്കണമെന്നും ആ രാജ്യം ആഗ്രഹിക്കുന്നതില്‍
യാതൊരു തെറ്റുമില്ല. അങ്ങനെ ആഗ്രഹിക്കുകയോ അതിനായി ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയോ ചെയ്യാതിരിക്കുന്ന രാഷ്ട്രങ്ങളാണ് അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്നത്.


സഊദിഅറേബ്യ കര്‍ശനമായ നിയമങ്ങളുള്ള ഒരു രാജ്യമാണ്. അത് നടപ്പിലാക്കുന്നതില്‍ അതീവ ജാഗ്രത കാണിക്കുന്ന ഭരണാധികാരികളും അവിടെയുണ്ട്. നിയമരാഹിത്യവും അരാജകത്വവും അവര്‍ വെച്ചുപൊറുപ്പിക്കുകയില്ല. നിയമവാഴ്ചയോടും ആ രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥയോടും കൂറും ബഹുമാനവും പുലര്‍ത്തുന്ന ആരെയും അവര്‍ ഇന്നുവരെ ദ്രോഹിച്ചിട്ടില്ല.


ആ രാഷ്ട്രത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും നിര്‍ണ്ണായക പങ്കുവഹിച്ച അദ്ധ്വാനശീലരായ അന്യരാഷ്ട്രപൗരന്മാരെ അവര്‍ ബഹുമാനിക്കുന്നു. അക്കാരണത്താല്‍ ലോകത്തിലെ നൂറിലധികം വരുന്ന രാഷ്ട്രങ്ങളിലെ പൗരന്മാര്‍ അവിടെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ട് വര്‍ഷങ്ങളായി ജീവിച്ചുവരുന്നു.


ഇന്ത്യന്‍ പൗരന്മാര്‍ സഊദിയിലെ ഒരു പ്രബലവിഭാഗമായി തീര്‍ന്നിട്ടുണ്ട്. കഴിവും പ്രാപ്തിയും ആത്മാര്‍ത്ഥതയുമുള്ള മിടുക്കരായ ഇന്ത്യക്കാര്‍ക്ക് അവിടെ ഏറെ സ്വീകാര്യതയുണ്ട്. ഇന്ത്യയും സഊദി അറേബ്യയും തമ്മില്‍ നല്ല നയതന്ത്രബന്ധം പുലര്‍ത്തുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ രണ്ട് രാജ്യങ്ങളും തമ്മില്‍ ഒന്നാം തരം വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. അതുവഴി നടന്ന സാംസ്‌കാരിക വിനിമയവും രണ്ടു രാജ്യങ്ങളേയും സമ്പന്നമാക്കിയിട്ടുണ്ട്.


ഇന്നുവരെ ഈ രണ്ടുരാജ്യങ്ങളും തമ്മില്‍ ഒരു രാഷ്ട്രാന്തരീയ വിഷയങ്ങളിലും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. മക്കയുടേയും മദീനയുടേയും സൂക്ഷിപ്പുകാരെന്ന നിലയില്‍ സഊദി ഭരണാധികാരികള്‍ക്ക് ലോകജനതയോട് മൊത്തം ആഭിമുഖ്യം പുലര്‍ത്തേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രം അവിടെയാണ്. അനേകലക്ഷം അന്യരാഷ്ട്രങ്ങളിലെ പൗരന്മാര്‍ ദിനവും സൗദിഅറേബ്യയിലെത്തുന്നു.


മഹാനായ പ്രവാചകന്‍ ഇബ്രാഹിമിന്റെ കാലം മുതല്‍ തുടങ്ങിയതാണ് സഊദിയിലേക്കുളള ഈ ജനപ്രവാഹം. ലോകമുള്ള നാള്‍വരെ അതു നിലനില്‍ക്കുകയും ചെയ്യും. ലോകജനതക്ക് സഊദിയില്‍ പോകാതിരിക്കാനോ അവര്‍ക്ക് വരുന്നവരെ സ്വീകരിക്കാതിരിക്കുവാനോ തരമില്ല. ഹജ്ജ് ചെയ്യുക എന്നത് ശേഷിയുള്ളവര്‍ക്ക് ഒരു ബാദ്ധ്യതയും അനിവാര്യതയുമാക്കി വച്ചത് ഒരു രാജ്യത്തിന്റെ നിയമമല്ല, പ്രപഞ്ചസൃഷ്ടാവിന്റെ തന്നെ കല്‍പനയാണ്. ആ കല്‍പന നിറവേറ്റുവാന്‍ ഇസ്‌ലാം മതവിശ്വാസികള്‍ ഉദ്ദേശിക്കുന്ന കാലത്തോളം സഊദിയുടെ വാതില്‍ ലോകജനതക്കായി തുറന്നുവച്ചിരിക്കണം.


ലോകാവസാനം വരെ തങ്ങളുടെ രാജ്യത്തിന്റെ കവാടങ്ങള്‍ അന്യരാജ്യക്കാര്‍ക്കായി തുറന്നുവെക്കുവാനും അവരെ സ്വീകരിക്കുവാനും ഉള്ള പ്രപഞ്ചനാഥന്റെ കല്‍പന അവിടത്തെ ഭരണാധികാരികള്‍ ശിരസ്സാവഹിക്കുന്നു. ആ ചുമതല സന്തോഷപൂര്‍വ്വം ഏറ്റെടുക്കുകയും ഭംഗിയായും തൃപ്തികരമായും വര്‍ഷങ്ങളായി നിറവേറ്റിവരുകയും ചെയ്യുന്ന സഊദികളെ എത്ര അഭിനന്ദിച്ചാലും മതിവരുകയില്ല.


അന്യപൗരന്മാരെ നിത്യവും സ്വീകരിക്കല്‍ സഊദി ഭരണാധികാരികളുടേയും അവിടത്തെ ജനങ്ങളുടെയും ഒരു ശീലമായി എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു. ഹജ്ജിനും ഉംറക്കുമല്ലാതെ തൊഴിലിനും ബിസിനസ്സിനുമായി സഊദിയില്‍ കുടിയേറുന്നവരോട് അയവേറിയതും സ്‌നേഹമുള്ളതുമായ ഒരു പെരുമാറ്റമാണ് സഊദിഭരണാധികാരികള്‍ എന്നും പ്രകടിപ്പിച്ചുപോന്നത്. ഇന്ത്യയുള്‍പ്പെടെ സകലരാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ അവരോട് കടപ്പാടും നന്ദിയും ഉണ്ട് താനും.

ഇപ്പോള്‍ സഊദി ഭരണാധികാരികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കര്‍ശനമായ തൊഴില്‍ നിയമങ്ങളും സദുദ്ദേശപരമാണ്. അനിയന്ത്രിതവും അനധികൃതവുമായ കുടിയേറ്റങ്ങള്‍ക്കു പകരം നിയമാനുസൃതവും വ്യവസ്ഥാപിതവുമായ രീതിയില്‍ തൊഴില്‍ മേഖലയെ ക്രമീകരിക്കുകയാണ് ഭരണാധികാരികളുടെ ആത്യന്തിക ലക്ഷ്യം. അതോടൊപ്പം സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് എല്ലാ തൊഴിലിലും കച്ചവടത്തിലും ഒരു നിശ്ചിതഭാഗം നീക്കിവക്കുകയെന്നതും അവരുടെ ലക്ഷ്യമാണ്. 2009-ല്‍ തന്നെ ഇതിന് തുടക്കം കുറിച്ചിരുന്നു. നിതാഖാത്ത് ഒരു ദിവസം പെട്ടെന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയല്ല. ക്രമാനുഗതം ആ രാജ്യം നടപ്പിലാക്കിവരുന്ന ഒരു പരിഷ്‌കാരം മാത്രമാണ്. എല്ലാ രാഷ്ട്രങ്ങള്‍ക്കും ഈ നിയമവ്യവസ്ഥയെക്കുറിച്ചും അതു നടപ്പിലാക്കുവാന്‍ പോകുന്നതിനെ കുറിച്ചും അറിയാമായിരുന്നു.


ചുവപ്പ്, മഞ്ഞ, പച്ച വിഭാഗങ്ങളാക്കി തൊഴില്‍സംരംഭങ്ങളെ അവര്‍ വിഭജിച്ചു. 10% സഊദികള്‍ക്കെങ്കിലും ജോലി നല്‍കാത്തവരും ഒരു നിശ്ചിതസമയത്തിനകം അതു നല്‍കാന്‍ തയ്യാറുള്ളവരും നേരത്തെ അതു നടപ്പിലാക്കിയവരും തമ്മില്‍ തിരിച്ചറിയുവാന്‍ വേണ്ടിയാണ് ഈ തരംതിരിവ് നടത്തിയത്. ഈ വര്‍ഗീകരണത്തിലൂടെ ചില താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ അന്യരാഷ്ട്രത്തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായിട്ടുണ്ട്.


സഊദി നിയമങ്ങളുടെ പരിധി ലംഘിക്കപ്പെട്ട അവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. നല്ലകാര്യബോധവും അറിവും ഏതു സാഹചര്യങ്ങളെയും മറികടക്കാനുള്ള യുക്തിയും പ്രാപ്തിയുമുള്ള അന്യരാഷ്ട്രപൗരന്മാര്‍ക്ക് കാര്യമായ പ്രയാസങ്ങള്‍ കൂടാതെ ഈ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ കഴിയും. ഇന്ത്യക്കാരില്‍ അനേകലക്ഷം മലയാളികള്‍ സഊദിയിലുണ്ട്. അവര്‍ കോടിക്കണക്കിന് രൂപ വര്‍ഷംതോറും നാട്ടിലേക്ക് അയക്കുന്നുണ്ട്.


കേരളത്തിന്റെ സമ്പദ്‌വ്യസസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നതും പ്രവാസികള്‍ തന്നെയാണ്. കേരളീയ ജീവിതത്തെ ധന്യമാക്കുന്ന പ്രവാസികളെ ആര്‍ക്കും തള്ളിപ്പറയുവാനോ ഉപേക്ഷിക്കുവാനോ കഴിയുകയില്ല. കേരള സര്‍ക്കാര്‍ എത്ര കേരളീയര്‍ക്ക് ജോലി നില്‍കിയിട്ടുണ്ടോ അതിന്റെ എത്രയോ ഇരട്ടി മലയാളികള്‍ക്ക് സഊദി സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. അനേകലക്ഷം കുടുംബങ്ങളെ സഊദി ഭരണാധികാരികള്‍ ദാരിദ്ര്യത്തില്‍ നിന്നും തകര്‍ച്ചയില്‍ നിന്നും കരകയറ്റിയിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. സ്വന്തം പൗരന്മാര്‍ക്ക് വേണ്ടി അവര്‍ വരുത്തുന്ന ചില ഭരണപരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുകയും അത് കര്‍ശനമായി നടപ്പിലാക്കുമ്പോള്‍ മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.


ഇതുവരെ സഊദി ഭരണകൂടം നല്‍കിയ തൊഴിലും വരുമാനവും ജീവിതസൗകര്യങ്ങളുമെല്ലാം ഒറ്റരാത്രി കൊണ്ട് വിസ്മരിച്ച് തള്ളിപ്പറയുന്നതോ, ഈ നിയമവ്യവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ പര്‍വ്വതീകരിച്ച് മുഴുവന്‍ മലയാളികളെയും ഭയപ്പെടുത്തുകയോ ചെയ്യുന്നത് തീര്‍ത്തും അപലപനീയമാണ്. മലയാളത്തിലെ മാധ്യമങ്ങളും ചാനലുകളും ചില രാഷ്ട്രീയ നേതാക്കളും ഈ സാഹചര്യം മുതലെടുത്ത് വളരെ തെറ്റായ പ്രചാരവേലകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത് നമുക്ക് ദോഷം മാത്രമേ വരുത്തുകയുള്ളൂ.


ഏതു രാഷ്ട്രങ്ങളില്‍ നിന്നു വന്ന് സഊദിയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ നിയമം മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അത് മലയാളികളുടെ മാത്രം പ്രശ്‌നമല്ല. കേരളത്തില്‍ നടക്കുന്നതു പോലുള്ള വിവാദങ്ങളും കള്ള പ്രചരണങ്ങളും മറ്റൊരിടത്തും ഇപ്പോള്‍ നടക്കുന്നില്ല.


വസ്തുതകള്‍ മനസ്സിലാക്കുവാനും സത്യസന്ധമായി പ്രശ്‌നങ്ങളെ അപഗ്രഥിക്കുവാനും ഇന്ത്യാഗവര്‍മെന്റ് മുന്നോട്ടുവരണം. ആകെ എത്രപേരെ എവിടെയെല്ലാം ഏതേത് മേഖലകളില്‍ ഇത് ബാധിക്കുമെന്ന് കൃത്യമായി സര്‍ക്കാര്‍ അറിയണം. അതിനാവശ്യമായ പഠനം ധ്രുതഗതിയില്‍ നടത്തണം. തൊഴില്‍ നഷ്ടപ്പെടാനിടയുള്ളവരെ നാട്ടില്‍ പുനരധിവസിപ്പിക്കുകയും അനുയോജ്യമായ സമയത്ത് നിയമാനുസൃതം സഊദിയില്‍ തിരിച്ചുപോകുവാന്‍ വഴിയൊരുക്കുകയും ചെയ്യണം. ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കണം. നിതാഖാത്ത് നിയമത്തിന്റെ പ്രത്യാഘാതം മൂലം തൊഴിലും വ്യാപാരവും ഉപേക്ഷിക്കേണ്ടിവന്നവരുടെ പ്രത്യേകമായ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കണം. അവരുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കണം. അവര്‍ക്കു മാത്രമായി ഒരു പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണം.


നിയമാനുസൃതമല്ലാതെ നടക്കുന്ന കുടിയേറ്റം ഇന്ത്യാ ഗവര്‍മെന്റും കര്‍ശനമായി മുന്‍കൂട്ടി തടയണം. കൂട്ടപ്പാലായനം തുടങ്ങിയ അതിശയോക്തികലര്‍ത്തിയ പദപ്രയോഗങ്ങള്‍ രാഷ്ട്രീയ നേതൃത്വം ഉപേക്ഷിക്കണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ച്ചകള്‍ പരിഹരിക്കേണ്ടതാണ്. വിമര്‍ശനം ഒരിക്കലും സഊദിഭരണകൂടത്തെ ലക്ഷ്യമാക്കിയാവരുത്. അവര്‍ സ്വന്തം പൗരന്മാരോട് കാണിക്കുന്ന ആഭിമുഖ്യം നാം നമ്മുടെ പൗരന്മാരോടും കാണിക്കുകയാണ് വേണ്ടത്.


തൊഴില്‍ നഷ്ട്ടപ്പെടുന്ന പ്രവാസികള്‍ക്ക് നിയമാനുസൃതം നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഉണ്ടാകണം. പിടിക്കപ്പെട്ടാല്‍ തിങ്ങിനിറഞ്ഞ ജയിലുകളില്‍ വീര്‍പ്പുമുട്ടി കഴിയേണ്ടിവരുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. അവരെ കുറ്റവാളികളായി കാണുകയും അരുത്. മറ്റുരാജ്യങ്ങളില്‍ പോയി ജോലി ചെയ്യാനുളള പരിരക്ഷയും ആവശ്യമെങ്കില്‍ നില്‍കണം.


നിലവിലുള്ള സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് നിയമപരമായി പുതിയ തൊഴിലിലേക്ക് മാറാന്‍ അവസരം നല്‍കണം. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും നിയമപരമായി നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണം. ഇനിയും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പൊതുമാപ്പ് നില്‍കുന്നതും നല്ലതാണ്.


ചെറിയ ചായക്കടകള്‍, ഗ്രോസറി, ബാര്‍ബര്‍ ഷാപ്പ്, ഹോട്ടല്‍, മീന്‍കട, മൊബൈല്‍ഷോപ്പ് എന്നിവ നടത്തുന്നവരും നിര്‍മ്മാണമേഖലയില്‍ തൊഴിലെടുക്കുന്നവരും ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്ന് മറ്റുപണികള്‍ ചെയ്യുന്നവരും ഫ്രീ-വിസയില്‍ വന്ന് കുടുംബസമേതം കഴിയുന്നവരും കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നവരുമൊക്കെ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യാഗവര്‍മെന്റ് ഉടന്‍ നടപടിയെടുക്കണം.

പ്രധാനമന്ത്രിയും മന്ത്രിമാരായ ഇ. അഹമ്മദ്, വയലാര്‍ രവി, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതിവേഗം ഈ വിഷയം ഏറ്റെടുക്കുകയും ശക്തമായ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളം ഒറ്റക്കെട്ടായി ഈ വിഷയത്തിലും പ്രവാസികളുടെ കൂടെയാണ്. നിയമസഭ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്തിട്ടുമുണ്ട്. നമ്മുടെ സര്‍ക്കാരുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ വിഷയത്തില്‍ ഇത്രവലിയ സംവാദങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല.
സഊദി സര്‍ക്കാരും ഇന്ത്യാ ഗവര്‍മെന്റും കാര്യങ്ങള്‍ വസ്തുനിഷ്ടമായി വിലയിരുത്തി യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ഒരു പദ്ധതി തയ്യാറാക്കുകയാണ് വേണ്ടത്. ശബ്ദകോലാഹലങ്ങളും വിവാദങ്ങളും ഭക്ഷിച്ചുജീവിക്കുന്ന മലയാളികള്‍ സ്വന്തം സഹോദരീസഹോദരന്മാരായ പ്രവാസികളുടെ നന്മക്കുവേണ്ടിയെങ്കിലും ക്ഷമയും അച്ചടക്കവും നിയന്ത്രണവും പ്രതികരണങ്ങളില്‍ പാലിക്കട്ടെ.
കാലിപ്പാത്രങ്ങളാണ് വലിയ ഒച്ചയുണ്ടാക്കുന്നതെന്ന പഴമൊഴി മറന്നുപോവണ്ട.-- അഡ്വ. കെ.എന്‍.എ ഖാദര്‍(-ചന്ദ്രിക