നിതാഖാത്ത് കേരളീയര്‍ക്ക് വേണ്ടിയോ?

ഊദി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് മലയാള ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ കേരളീയ സമൂഹത്തില്‍ ചില്ലറ കോലാഹലങ്ങളൊന്നുമല്ല ഇളക്കിവിട്ടിട്ടുള്ളത്. വാര്‍ത്തകള്‍ കണ്ടാല്‍ ഏതാണ്ട് യുദ്ധസമാനമായ പ്രതീതിയാണ് സഊദി അറേബ്യയില്‍ എന്ന് പ്രേക്ഷകര്‍ക്കെല്ലാം തോന്നുംവിധമായിരുന്നു മത്സരിച്ചുള്ള വാര്‍ത്താ വിന്യാസം. ലോകത്ത് ആര്‍ക്കുമില്ലാത്ത ഏതോ വിപത്താണ് മലയാളിക്ക് സഊദിയില്‍ ഉണ്ടാവാന്‍ പോകുന്നത് എന്ന തോന്നലാണിത് ജനിപ്പിച്ചത്.
നൂറുകണക്കിന് രാജ്യങ്ങളിലെ ജനങ്ങള്‍ ജോലി ചെയ്യുന്ന സഊദി അറേബ്യയില്‍ മലയാളിക്ക് മാത്രമാണ് പ്രശ്‌നങ്ങള്‍ എന്നു തോന്നിപ്പോവും ഇതെല്ലാം കാണുമ്പോള്‍. മലയാളികള്‍ മുഴുവനും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരാണോ എന്നും സംശയം തോന്നിപ്പോകും.
ഔദ്യോഗിക കണക്കനുസരിച്ച് 22 ലക്ഷം ഇന്ത്യക്കാരാണ് സഊദിയിലുള്ളത്. ഇതില്‍ എട്ടു മുതല്‍ പത്തു ലക്ഷം വരെ മലയാളികളാണ്. ഈ പത്തു ലക്ഷത്തില്‍ പരമാവധി അഞ്ചു മുതല്‍ പത്തു ശതമാനം വരെ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരാവാം. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ നിയമെത്ത അനുസരിച്ച് ജീവിക്കുന്നവരും നിയമപരമായി ജോലി ചെയ്യുന്നവരുമാണ്. മാത്രമല്ല നിയമത്തെ ഏറ്റവും കൂടുതല്‍ മാനിക്കുകയും നിയമവിരുദ്ധതയെ ഭയപ്പെടുകയും, തങ്ങള്‍ ജോലി ചെയ്യുന്ന- ജീവിക്കുന്ന രാജ്യത്തെ സ്വന്തം രാജ്യത്തെ പോലെ സ്‌നേഹിക്കുകയും ചെയ്യുന്നതില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണ് എന്ന കാര്യത്തില്‍ സംശയമില്ല.

നിതാഖാത് പോലുള്ള നിയമം ഒരു പക്ഷേ ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ലബനീസ് പൗരന്‍മാരെ ആയിരിക്കാം. കാരണം അവരിവിടെ കോടിക്കണക്കിന് റിയാലിന്റെ വ്യാപാരം ചെയ്യുന്നവരാണ്. എന്നാല്‍ നിക്ഷേപകരായും എല്‍.എല്‍.സി തുറന്നുകൊണ്ടും മറ്റു നിയമപരമായ മാര്‍ഗത്തിലൂടെയും നിയമപരമായി വ്യാപാരം ചെയ്യുന്നവരാണ് ഇന്ത്യന്‍ വ്യാപാരികള്‍. യമന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് ഈ നിയമം കൊണ്ട് പ്രഹരമേല്‍ക്കുന്ന മറ്റൊരു വിഭാഗം.

ഈ രാജ്യക്കാര്‍ക്കൊന്നും തന്നെ ഇല്ലാത്ത വേവലാതി സൃഷ്ടിച്ചാണ് നമ്മുടെ മാധ്യമങ്ങള്‍ ഭയപ്പെടുത്തി മലയാളികളെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തിയത്. ഒരുപക്ഷേ നിതാഖാത്ത് കൊണ്ട് ദൂരവ്യാപകമായി ഏറ്റവുംകൂടുതല്‍ പ്രയോജനം കിട്ടുന്നത് ഇന്ത്യക്കാര്‍ക്കായിരിക്കും.

കേരളത്തിലെ ഏതെങ്കിലും ചില ജില്ലക്കാരെ ഉന്നംവെച്ചുകൊണ്ട് ആ ജില്ലക്കാരുടെ സാമ്പത്തിക സ്ഥിതി തകരുവാന്‍ പോകുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി, അതല്ലെങ്കില്‍ ഈ ജില്ലക്കാരൊക്കെ നിയമാനുസൃതമായല്ല ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത് എന്നും വരുത്തിത്തീര്‍ക്കാനുള്ള ചില അണിയറ നീക്കങ്ങളുടെ ഭാഗമാണിതെന്ന് ആരെങ്കിലും സംശയിച്ചാല്‍ നമുക്കവരെ കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല. വിമാനങ്ങള്‍ വന്നിറങ്ങുമ്പോള്‍ തത്സമയ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ വേണ്ടി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിമാനത്താവളങ്ങളില്‍ ക്യൂ നില്‍ക്കുന്നു. പ്രത്യേകിച്ച് മലബാറിലുള്ള വിമാനത്താവളത്തില്‍. സ്‌പോര്‍ട്‌സ് കമന്ററി പറയുന്നതുപോലെ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിമാനത്തിന്റെ ആകാരവടിവിനെക്കുറിച്ചും അത് ഇറങ്ങുന്ന രീതിയെക്കുറിച്ചും വളരെ വിശദമായി വിശദീകരിക്കുന്നു. യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ അവരെ ഒന്നൊന്നായി ഇന്റര്‍വ്യൂ ചെയ്യുന്നു. എന്നാല്‍ ആരും തന്നെ തങ്ങള്‍ക്ക് നിതാഖാത്തുമായി ബന്ധപ്പെട്ട് ഒരു ദുരനുഭവവും ഉണ്ടെന്നു പറയുന്നില്ല. നേരെമറിച്ച് തനിക്കറിയാവുന്ന ഒരു സുഹൃത്തിന്റെ സുഹൃത്തിന് ഇത്തരം ഒരു അനുഭവം വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു എന്നു കമന്റ് വരുന്നു. സ്വന്തം തോന്നലുകള്‍ മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കുക മലയാളികളുടെ പൊതു രീതിയാണെന്ന വിമര്‍ശം സാധൂകരിക്കപ്പെടുന്ന അവസരങ്ങളാണിത്.

മലയാളം ചാനലുകളില്‍ വരുന്ന ടോക് ഷോകള്‍ കണ്ടുകഴിഞ്ഞാല്‍ ഇത് മനസ്സിലാക്കാം. ഒരുപക്ഷേ ബഖാല പോലുള്ള ചെറിയ സ്ഥാപനങ്ങള്‍ നടത്തുന്ന മലയാളികള്‍ക്ക് ചെറിയതോതിലെങ്കിലും ഈ നിയമം പ്രതികൂലമായി ബാധിച്ചേക്കാം. അത്തരക്കാര്‍ പത്തു ശതമാനത്തിനു മുകളില്‍ വരില്ല എന്നതാണ് യാഥാര്‍ഥ്യം.

സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് സഊദി സര്‍ക്കാര്‍ ഏതാണ്ട് രണ്ടു വര്‍ഷത്തിന് മുകളിലായി ഈ നിതാഖാത് കര്‍ശനമാക്കുകയും വിദേശ തൊഴിലാളികള്‍ പ്രൊഫഷന്‍ മാറ്റാനും, സ്‌പോണ്‍സര്‍ഷിപ് മാറ്റാനും അവസരം കൊടുക്കുകയും ചെയ്തിട്ട്. ഈ കാലാവധി ഇഖാമ കാലാവധി കഴിയുന്നതോടെ അത് പുതുക്കുകയും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റാനും ഉള്ള അവസരമായിരുന്നു ഇത്. എന്നാല്‍ അയല്‍പക്കത്തുള്ളവരുടെ പ്രശ്‌നം തന്നെ ബാധിക്കാത്ത സമീപനം ശീലമാക്കിയതു കൊണ്ട് ഇതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. സഊദി സര്‍ക്കാരിന്റെ നിരന്തരമായിട്ടുള്ള അഭ്യര്‍ഥന ഒന്നും മാനിക്കാതെ ഇഖാമ, കൂലി കഫീലിന്റെ കീഴില്‍ പുതുക്കുന്ന രീതി നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരുന്നു. ഈ നിയമം വന്നപ്പോള്‍തന്നെ ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളിലെ തൊഴിലാളികള്‍ അവരുടെ ഇഖാമ തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് മാറ്റി തുടങ്ങിയിരുന്നു.

തീ പിടിച്ചുകഴിഞ്ഞാല്‍ തീ അണക്കുന്നതോടൊപ്പം തന്നെ പരിസരപ്രദേശങ്ങളില്‍ വെള്ളം ഒഴിക്കാറുണ്ട്. മുന്‍കരുതല്‍ എന്ന നിലയിലാണിത്. നാം എന്തു മുന്‍കരുതലാണ് എടുത്തത്? മാത്രമല്ല, നാം ചെയ്യേണ്ടത് ചെയ്യാതെ സര്‍ക്കാരിനെയും എംബസികളെയും കുറ്റപ്പെടുത്തുന്ന കാര്യത്തില്‍ ആത്മപരിശോധനക്കു തയ്യാറാകണം.

ഒരു മന്ത്രിതല ഉന്നത സമിതിയെ സഊദിയിലയച്ച് ഒരു ചര്‍ച്ചകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണോ ഇത്? കാരണം നൂറുകണക്കിന് രാജ്യത്തെ പൗരന്‍മാര്‍ ജോലി ചെയ്യുന്ന ഒരു രാജ്യത്ത് ആ രാജ്യത്തിന്റെ കെട്ടുറപ്പിന് വേണ്ടി ഒരു നിയമം കൊണ്ടുവരുമ്പോള്‍ ഒരു പ്രത്യേക രാജ്യത്തിന് വേണ്ടി നിയമം ലഘൂകരിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യുന്നത് എത്രത്തോളം പ്രായോഗികമാകുമെന്നത് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയില്‍ ജോലി ചെയ്യുന്ന വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് അതിനനുസരിച്ച ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്ക് കോടിക്കണക്കിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്ക് ഒരു പുനരധിവാസ പദ്ധതിയോ അവരുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതിയോ നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല, അവരുടെ കുടുംബത്തെക്കുറിച്ചോ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ മാനസിക പ്രശ്‌നങ്ങളെക്കുറിച്ചോ ഒന്നു പഠിക്കുവാന്‍ പോലും മാറിമാറി വരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഇവിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് പ്രവാസി ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതോടൊപ്പം അവരുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ശരിയായൊരു പഠനം നടത്തുവാനെങ്കിലും മുന്നോട്ടുവരണം.

ഇങ്ങിനെയൊക്കെയാണെങ്കില്‍പോലും പ്രവാസികള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തിട്ടുള്ളത് യു.ഡി.എഫ് സര്‍ക്കാരും യു.പി.എ സര്‍ക്കാരുമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പ്രവാസി സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു മാതൃകയാണ്. സഊദി-ഇന്ത്യ ബന്ധം ഏറ്റവും നല്ല നിലയില്‍ കൊണ്ടുപോകുന്നതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് രാഷ്ട്രീയഭേദമന്യെ ഏവരും മുക്തകണ്ഠം പ്രശംസിക്കുന്ന ഒന്നാണ്.

സഊദിയിലെ പുതിയ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരായ പ്രവാസികള്‍ എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ടപ്പോള്‍ ഏഷ്യ കോ-ഓപറേഷന്‍ ഡയലോഗ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ താജിക്കിസ്താനിലായിരുന്ന ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി അഹമ്മദ് അവിടെയുണ്ടായിരുന്ന സഊദി വിദേശകാര്യ സഹമന്ത്രി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദുമായി അടിയന്തര ചര്‍ച്ച നടത്തുകയായിരുന്നു. പിന്നീട് അബ്ദുല്ല രാജാവിന്റെ മകള്‍ അമീറ അദീല ബിന്‍ത് അബ്ദുല്ല ബിന്‍അബ്ദുല്‍അസീസ് അല്‍ സഊദുമായി ഫോണില്‍ ബന്ധപ്പെട്ട് രാജാവിന്റെ അടിയന്തര ശ്രദ്ധയില്‍ പ്രവാസികളുടെ വിഷയം കൊണ്ടുവരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ച് നേടിത്തന്ന രാജകാരുണ്യം ഉള്‍പ്പെടെ പ്രവാസികള്‍ക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ മന്ത്രി അഹമ്മദ് ചെയ്തിട്ടുണ്ട്.
~ഒരു രാജ്യം തങ്ങളുടെ ജനതയെ സ്വയം പര്യാപ്തരാക്കാന്‍ വേണ്ടി, അവരെ കാര്യശേഷി ഉള്ളവരാക്കുവാന്‍ വേണ്ടി, തങ്ങളുടെ രാജ്യത്ത് തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ നമുക്ക് പ്രശംസിക്കാം. ഗള്‍ഫ് രാജ്യത്തിന്റെ പ്രത്യേകിച്ച് സഊദി അറേബ്യയുടെ പുരോഗതിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപാട് സഹായങ്ങളും ത്യാഗങ്ങളും ചെയ്തിട്ടുള്ള നമുക്ക് അവരോടൊപ്പം തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് പ്രവര്‍ത്തിക്കാം. സ്വന്തം രാജ്യ നന്മക്കായുള്ള നിയമനടപടികള്‍ കൈക്കൊള്ളുമ്പോള്‍ പോലും വിദേശികളായ ജനങ്ങളോട് രാജ്യം കാട്ടുന്ന കരുണയുടെ ഏറ്റവും ലളിതമായ ഉദാഹരണമാണ് ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ഇതു സംബന്ധിച്ച ഉത്തരവ്.- ഷാജി ആലപ്പുഴ(ചന്ദ്രിക)