കരിപ്പൂര്‍:സൗദിയില്‍ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിതാഖാത് നിയമത്തില്‍ കുടുങ്ങി ഇതുവരെ കോഴിക്കോട് വഴി നാട്ടിലെത്തിയത് 208 പേര്‍. പ്രവാസികളെ സാഹായിക്കാനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ സഹായ കൗണ്ടറുകളിലും നോര്‍ക്ക ഓഫീസിലുമായി രജിസ്റ്റര്‍ ചെയ്തത് ഇത്രയും പേരാണ്.
തിങ്കളാഴ്ച മാത്രം കോഴിക്കോട് വിമാനത്താവളത്തില്‍ 59 പേരും നോര്‍ക്ക ഓഫീസുകളില്‍ 14 പേരും രജിസ്റ്റര്‍ ചെയ്തു.
കഥനകഥകളുമായാണ് മിക്കവരും നാട്ടില്‍ തിരിച്ചെത്തിയത്. നിതാഖാത് നിയമപ്രകാരം സൗദിവിട്ട പാലക്കാട് അലനല്ലൂര്‍ പാറപ്പുറത്ത് മുഹമ്മദ്ഷാജി(31)ക്ക് പറയാനുണ്ടായിരുന്നത് തന്റെ സ്‌പോണ്‍സറുടെ ചതിയുടെയും നിയമത്തിന്റെയും പ്രശ്‌നങ്ങളാണ്. ആറ് വര്‍ഷമായി ജിദ്ദയിലെ വാഹന സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ ജോലിക്കാരനായിരുന്നു ഷാജി. നിയമം നടപ്പായതോടെ അവിടെ നില്‍ക്കാനാവാത്ത അവസ്ഥയായി.ഈ സാഹചര്യം മുതലെടുത്ത ഇയാളുടെ സ്‌പോണ്‍സര്‍ 5000 റിയാല്‍ നല്‍കിയാല്‍ വിസ മാറ്റിനല്‍കാമെന്ന് ഉറപ്പുനല്‍കി. ഇത്രയും തുക നല്‍കിയെങ്കിലും വിസ മാറ്റിനല്‍കാന്‍ അറബി തയ്യാറായില്ല. നില്‍ക്കക്കളിയില്ലാതെ നാട്ടിലേക്ക് മടങ്ങിയതാണ് ഷാജി.\.