'ധന മോഹം; നാം അറിയേണ്ടത്

'ധന മോഹത്തെ കുറിച്ച് നിങ്ങള്‍ വല്ലാതെ സ്‌നേഹിക്കുന്നു' എപ്പോഴെങ്കിലും ധനം മോഹിക്കാത്ത മനുഷ്യരുണ്ടാവില്ല. മനുഷ്യ മനസ്സിന്റെ പ്രകൃതം അതാണ്. മനുഷ്യരുടെ നിലനില്‍പ്പിന്റെ മാര്‍ഗമായാണ് ധനത്തെ നിശ്ചയിച്ചിട്ടുള്ളതെന്ന് അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. (വി.ഖു: 4: 5) വിഭവങ്ങളില്‍ പെട്ടതാണല്ലോ ധനം.
എല്ലാത്തിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു തന്നെയാണ് ആത്യന്തികമായി മനുഷ്യനുള്ള വിഭവങ്ങളും വിതരണം ചെയ്യുന്നത്. വിഭവ വിതരണത്തിലെ അല്ലാഹുവിന്റെ മാനദണ്ഡം മനുഷ്യന് വ്യക്തമാക്കിക്കൊടുത്തിട്ടില്ല. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിശാലമാക്കിക്കൊടുക്കുകയും മറ്റു ചിലര്‍ക്ക് നിയന്ത്രിച്ച് കുറച്ചുമാത്രം കൊടുക്കുകയും ചെയ്യുന്നു എന്ന കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് (30: 37)
ധനം അല്ലാഹുവിന്റേതാണ്. അത് ലഭ്യമായവന്‍ അതിന്റെ ഓഹരി ലഭ്യമല്ലാത്തവര്‍ക്ക് പങ്കുവെച്ച് നല്‍കണം എന്ന് തീരുമാനിച്ചതും അല്ലാഹു തന്നെയാണ്. അത് ലഭ്യമായവന്റെ കടമയും ലഭ്യമല്ലാത്തവന്റെ അവകാശവുമായി അല്ലാഹു നിശ്ചയിച്ചു. അവനവന്റെയും കുടുംബത്തിന്റെയും മിതമായ ആവശ്യം കഴിച്ചുളളത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്.
എല്ലാത്തിലും മിതവ്യയം ശീലിക്കാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. അമിതവ്യയവും ധൂര്‍ത്തും കുറ്റകരമായ പൈശാചിക നടപടികളാണെന്ന് വ്യക്തമായി താക്കീതു നല്‍കുകയും ചെയ്തിട്ടുണ്ട്. ധനമുള്ളവന്‍ പലിശ ഇടപാട് നടത്തി പെരുപ്പിക്കാന്‍ ശ്രമിക്കുന്നത് അല്ലാഹുവിന്റെ അടുക്കല്‍ പെരുകാന്‍ പോകുന്നില്ലെന്നും അവന്റെ തൃപ്തിയുദ്ദേശിച്ച് ആരെങ്കിലും സക്കാത്ത് നല്‍കിയാല്‍ കൊടുത്തതിന്റെ ഇരട്ടി അവര്‍ക്ക് തിരിച്ചുനല്‍കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. (30: 39).


ധനത്തെയും വിഭവങ്ങളെയും സംബന്ധിച്ച് ശരിയായ ധാരണയോ യഥാര്‍ത്ഥ വിശ്വാസമോ ഇല്ലാത്തവരുടെ വിചിത്രമായ മനോഗതിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'മനുഷ്യന് ഒരു സ്വഭാവമുണ്ട്. തന്റെ രക്ഷിതാവ് പരീക്ഷണാര്‍ത്ഥം അവനെ ആദരിച്ച് അവന് ഐശ്വര്യവും സമൃദ്ധിയും നല്‍കിയാല്‍ അവന്‍ പറയും 'എന്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു' എന്ന്. എന്നാല്‍, പരീക്ഷണാര്‍ത്ഥം തന്നെ അവന്റെ വിഭവം ചുരുക്കിയാല്‍ അവന്‍ പറയും 'എന്റെ രക്ഷിതാവ് എന്നെ അവഗണിച്ചു' എന്ന് (89: 15, 16).


ജീവിതത്തിലെ ഐശ്വര്യവും ദാരിദ്ര്യവും ദാതാവായ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കാതെ പ്രതികരിക്കുന്നവരെയാണ് അല്ലാഹു ഇവിടെ കുറ്റപ്പെടുത്തുന്നത്. സമൃദ്ധിയും ഐശ്വര്യവും ലഭ്യമാകുമ്പോള്‍ ആ വിഭവങ്ങളും സ്ഥാനമാന പദവികളും തന്നെ അല്ലാഹു ആദരിച്ചു എന്നതിന്റെ തെളിവായും അതിനായി തന്നെ സവിശേഷം തെരഞ്ഞെടുത്തതിന്റെ അടയാളമായും അയാള്‍ വിചാരിക്കും. വിഭവങ്ങള്‍ ചുരുക്കപ്പെട്ടവന്‍ അതൊരു ദൈവീക ശിക്ഷയായി കരുതി അല്ലാഹു തന്നെ നിന്ദിച്ചു എന്ന നിരാശയിലാവുകയും ചെയ്യും.


രണ്ടവസ്ഥയിലും ഇത്തരക്കാരുടെ വിലയിരുത്തലും വീക്ഷണവും തെറ്റാണെന്ന് അല്ലാഹു പഠിപ്പിക്കുകയാണിവിടെ. സമൃദ്ധി ലഭിക്കുമ്പോള്‍ മനുഷ്യന്‍ അതിന് അല്ലാഹുവിനോട് നന്ദികാണിച്ചുകൊണ്ട് അവ അവന്റെ നിര്‍ദ്ദേശാനുസരണം വിനിയോഗിക്കുന്നുണ്ടോ? ദാരിദ്ര്യം വരുമ്പോള്‍ അല്ലാഹുവിന്റെ പരീക്ഷണം എന്നറിഞ്ഞ് ക്ഷമ പാലിക്കുന്നുണ്ടോ? എന്നൊക്കെയാണ് പരീക്ഷിക്കുന്നത്. അല്ലാതെ ഇവിടെ ലഭിച്ച ഭൗതിക വിഭവങ്ങളല്ല മനുഷ്യനുള്ള പ്രതിഫലം. ദാരിദ്ര്യം ശിക്ഷയുമല്ല. അല്ലാഹുവിന്റെ അടിമ അവന് മുന്നില്‍ വിലകല്‍പ്പിക്കപ്പെടുന്നത് ഭൂമിയിലെ വിഭവലഭ്യതയോ അലഭ്യതയോ നോക്കിയല്ല. അതൊന്നും അല്ലാഹുവിന്റെ തൃപ്തിയുടെയോ അതൃപ്തിയുടെയോ ലക്ഷണങ്ങളുമല്ല.


നല്ലവനും കൊള്ളരുതാത്തവനും പലപ്പോഴും വിഭവ ലഭ്യതയും അലഭ്യതയും ഉണ്ടാവും. ഏതവസ്ഥയിലും അതുസംബന്ധിച്ച അവന്റെ വിജ്ഞാനവും വിചാരവും വിശ്വാസവും സൂക്ഷ്മതയുമാണ് അല്ലാഹുവില്‍ പരിഗണിക്കപ്പെടുക.


ഭൂമിയിലെ ഐശ്വര്യത്തെ ആദരവായും ദാരിദ്ര്യത്തെ നിന്ദയായും ഒക്കെ കണക്കാക്കുന്നവര്‍ ഐശ്വര്യം ലഭിക്കുമ്പോള്‍ കടമകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കാതെ അതിന് പുറം തിരിഞ്ഞുനില്‍ക്കുകയല്ലേ ചെയ്യുന്നതെന്ന അതിരൂക്ഷ വിമര്‍ശനമാണ് തൊട്ടടുത്ത സൂക്തങ്ങളിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്നത്. ''അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. അഗതിക്ക് ഭക്ഷണം നല്‍കാന്‍ പരസ്പരം പ്രോല്‍സാഹിപ്പിക്കുന്നില്ല. അനന്തരാവകാശ സ്വത്ത് വാരിക്കൂട്ടിതിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ വല്ലാത്ത സ്‌നേഹം സ്‌നേഹിക്കുകയാണ്.'' (89: 17: 20).


വെറും അനാഥ സംരക്ഷണമോ അഗതിക്ക് ആഹാരം നല്‍കലോ അല്ല ഇവിടെ നിര്‍ദ്ദേശിക്കുന്നത്. അനാഥകളെ തങ്ങളെപ്പോലെ പരിഗണിച്ചു വളര്‍ത്തിയെടുക്കാനും അഗതി സംരക്ഷണത്തിന് പരസ്പരം കൂടിയാലോചിച്ച് ഉത്തമ നടപടികള്‍ സ്വീകരിക്കാനുമാണ് സത്യവിശ്വാസികളെ അല്ലാഹു പ്രേരിപ്പിക്കുന്നത്.


ഈ ഖുര്‍ആനിക നിര്‍ദ്ദേശങ്ങളും സമകാലിക സത്യവിശ്വാസ സമൂഹത്തിലെ ഉള്ളവന്റെ ജീവിതവും താരതമ്യം ചെയ്താല്‍ നാം എവിടെ നില്‍ക്കുന്നു എന്നു വ്യക്തമാവും. മാന്യവും ഉത്തമവുമായ അനാഥ അഗതി സംരക്ഷണമൊന്നും മുഖ്യ പരിഗണനയിലില്ലാതെ അനന്തരാവകാശം ഉള്‍പ്പെടെ കിട്ടുന്നതെല്ലാം അമിതോഭഭോഗം നടത്തി ധൂര്‍ത്തടിക്കുന്നവര്‍ എത്രയോ നമ്മുടെ ചുറ്റിലുമുണ്ട്.


ആര്‍ഭാട വിരുന്നുകളും വിവാഹ സദ്യകളും സമ്മേളനങ്ങളും ഇന്ന് സമുദായത്തിന്റെ അന്തസ്സിന്റെ അടയാളങ്ങളായി മാറ്റിയെടുത്തിരിക്കുന്നു. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വാഹനം തുടങ്ങിയവക്ക് ഉള്ളവന്‍ അതിരില്ലാതെ ചിലവിടുമ്പോള്‍ അതൊന്നും അത്യാവശ്യത്തിന് പോലും ലഭിക്കാത്ത എത്രയായിരങ്ങളാണ് നാട്ടിലുള്ളത്?
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ വസ്തുക്കള്‍ ഫിറ്റ് ചെയ്ത കക്കൂസുകള്‍ ഉള്‍പ്പെട്ട രമ്യഹര്‍മ്യങ്ങള്‍ പണിത് ഉള്ളവന്‍ ഉന്നതി കാട്ടുമ്പോള്‍ വെളിക്കിരിക്കാന്‍ ഇടമില്ലാത്തതിനാല്‍ തുറസ്സായ കടപ്പുറത്ത് പോകാന്‍ രാത്രിയാവുന്നത് കാത്തിരിക്കുന്ന എത്രയോ ഹതഭാഗ്യര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ടെന്നത് ഒരനിഷേധ്യ യാഥാര്‍ത്ഥ്യമാണ്.


സമ്പത്തിന്റെ വിനിയോഗത്തില്‍ മനുഷ്യനുണ്ടാക്കുന്ന ഈ ഏറ്റക്കുറച്ചില്‍ സമൂഹത്തില്‍ പകയും വിദ്വേഷവും അസൂയയും അക്രമവും മോഷണവും പിടിച്ചുപറിയും കൊള്ളയും തുടങ്ങിയവ സൃഷ്ടിക്കും. ഉപഭോഗതൃഷ്ണയേറുന്ന സമൂഹത്തില്‍ കൈക്കൂലിയും അഴിമതിയും മദ്യവും വ്യഭിചാരവും കൊലപാതകവുമൊക്കെ അകമ്പടിയായി വരും. കാരണം അതു പൈശാചികത പതിയിരിക്കുന്ന ഇടമാണ്. ഇതൊക്കെ സമകാലികത്തില്‍ ദിനേന നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണല്ലോ.


പണത്തോടുള്ള അമിതപ്രേമം മനുഷ്യനെ അധര്‍മത്തിലേക്കേ നയിക്കുകയുള്ളൂ. പണം സമ്പാദിച്ചുവെക്കുന്നതിലും അമിതമായി ചിലവഴിച്ച് ഉപഭോഗം നടത്തുന്നതിലുമല്ല നിക്ഷേപവും സംതൃപ്തിയും ഉള്ളത്. അല്ലാഹു നിര്‍ദ്ദേശിച്ച പ്രകാരം വിനിയോഗിക്കുന്നതിലാണ് അവന്റെയടുക്കല്‍ പരലോകത്തേക്കുള്ള നിക്ഷേപവും അവനില്‍ നിന്നുള്ള സംതൃപ്തിയും ലഭ്യമാവുക എന്നാണ് അല്ലാഹു അറിയിക്കുന്നത്. ജനങ്ങളുടെ ക്രയശേഷി ഊറ്റിയെടുക്കുന്ന ആധുനിക ചൂഷണ സാമ്പത്തിക തത്വശാസ്ത്രമല്ല, ആവശ്യക്കാരന്റെ ആവശ്യങ്ങള്‍ മാന്യമായി നിര്‍വഹിച്ചുകൊടുക്കുന്ന കാരുണ്യത്തിന്റെ ധനതത്വശാസ്ത്രമാണ് ഇസ്‌ലാം ജനങ്ങളെ പഠിപ്പിക്കുന്നത്.


സ്‌നേഹവും സഹാനുഭൂതിയും സാമൂഹിക സഹകരണവും അതിലൂടെ മാത്രമേ വികാസം പ്രാപിക്കുകയുള്ളൂ. ഭൂമിയില്‍ സമാധാന ജീവിതവും പാരത്രിക ലോകത്ത് ശാന്തിയും ലഭിക്കാന്‍ അല്ലാഹു കാട്ടിത്തരുന്ന മഹത്മാര്‍ഗം അതാണ്.


അല്ലാഹു പറയുന്നതൊന്നും ചെവിക്കൊള്ളാതെ ധനവിനിയോഗം നടത്തുന്നവര്‍ക്കുള്ള ശക്തമായ താക്കീതും നല്‍കപ്പെട്ടിട്ടുണ്ട്. പണവും പ്രതാപവും വസ്തുവഹകളും ഉള്‍ക്കൊള്ളുന്ന ഭൂമിയെ ഇടിച്ചുനിരത്തി രക്ഷിതാവും അണിയണിയായി മലക്കുകളും വരുന്ന വിചാരണയുടെ നാളില്‍, പാപികള്‍ക്ക് പാര്‍ക്കാനുള്ള നരകവും കൊണ്ടുവരപ്പെടുമ്പോള്‍ മനുഷ്യന്‍ അല്ലാഹുവിന്റെ ഈ നിര്‍ദ്ദേശങ്ങളെല്ലാം ഓര്‍ക്കും. അന്നു ഓര്‍ത്തതുകൊണ്ട് ഒരു കാര്യവുമില്ല.


തന്റെ പാരത്രിക ജീവിതത്തിനുവേണ്ടി എന്തെങ്കിലും കാലേകൂട്ടി താന്‍ ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെയെന്ന് മനുഷ്യന്‍ അന്നു വിലപിക്കും. അന്നു കുറ്റവാളികളെ അല്ലാഹു ശിക്ഷിക്കുംപോലെ ആരും ശിക്ഷിക്കുകയില്ല. അവന്‍ ബന്ധിക്കുംപോലെ ആരും ബന്ധിക്കുകയുമില്ല. (89: 21-25).


സത്യവിശ്വാസത്തോടെ ധനത്തിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിന് നല്‍കിക്കൊണ്ട് അവന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ അതൊക്കെ വിനിയോഗിച്ച് സംതൃപ്തമായ മനസ്സുകള്‍ ദൈവീക സംതൃപ്തി നേടിക്കൊണ്ട് മറ്റു സജ്ജനങ്ങള്‍ക്കൊപ്പം നിത്യാനന്ദത്തിന്റെ സ്വര്‍ഗാരാമങ്ങളില്‍ ശാശ്വത ശാന്തജീവിതത്തിന് അന്നു പ്രവേശിപ്പിക്കപ്പെടും എന്ന ശുഭവാര്‍ത്തയുമായാണ് പ്രൗഢഗംഭീരമായ സൂറത്തുല്‍ ഫജ്ര്‍ അല്ലാഹു അവസാനിപ്പിക്കുന്നത്.


ഇവിടെ എന്തെങ്കിലും ലഭ്യമായവന് ഏറെ ചിന്തിക്കാനും സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ച് ജീവിത വിജയം കൈവരിക്കാനും ഉള്‍ക്കാമ്പുള്ള ഏറെ ഉപദേശങ്ങള്‍ ഈ അധ്യായത്തിലുണ്ട്. - - എ.എ. വഹാബ്‌