ഇന്നും നാളെയുമായി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ക്യാമ്പസില്‍ നടക്കുന്ന ഗ ജില്ലാ സമ്മേളനത്തേങനെുബന്ധിച്ച് ക ജന.സെക്രട്ടറി കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതുന്നു


ഉള്‍ക്കൊണ്ടവരായിരുന്നു അന്നത്തെ ഉലമാക്കളും ഉമറാക്കളും. അത് കൊണ്ടു തന്നെ, സമൂഹത്തിന് ഉപകാരപ്രദമായ, ഭക്തിയും ആത്മാര്‍ത്ഥതയുമുള്ള ഒരുപാട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ അവര്‍ക്കു സാധിച്ചു. മതകീയ മേഖലകളില്‍ അഗാധ ജ്ഞാനമുണ്ടായിരുന്ന പണ്ഡിതര്‍ക്കു കൂട്ടായി ആജ്ഞാശക്തിയും ദീര്‍ഘ ദൃഷ്ടിയുമുള്ള മഹല്ല് കാരണവര്‍ കൂടി രംഗത്തെത്തിയതോടെ കേരളേതര മുസ്‌ലിംകളില്‍ കാണാത്ത ഊര്‍ജ്ജവും ആവേശവുമായിരുന്നു നമ്മുടെ പൂര്‍വ്വസൂരികള്‍ക്ക് ലഭിച്ചത്.
പ്രവാചകന്‍ (സ)തങ്ങള്‍ക്കും ഖുലഫാഉര്‍റാശിദീങ്ങള്‍ക്കും ഉമവീ, അബ്ബാസീ അടക്കമുള്ള ഭരണകൂടങ്ങള്‍ക്കും ശേഷം കടന്നുവന്ന ഒരു ഇസ്‌ലാമിക ഭരണരീതിയായിത്തന്നെ മഹല്ലുകളെ വീക്ഷിക്കാം. കാരണം സമൂഹത്തിനിടയില്‍ ഇറങ്ങിച്ചെന്ന് അവരുടെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസ പരവും ആരോഗ്യപരവുമായ സകല മേഖലകളിലും ക്രിയാത്മകമായി ഇടപെടേണ്ട ഉത്തരവാദിത്തമാണ് ഓരോ മഹല്ല് ഭാരവാഹികള്‍ക്കുമുള്ളത്. മഹല്ലില്‍ ഇസ്‌ലാമികമായ ഒരു ചൈതന്യം കൊണ്ടുവരുന്നതിലും ആത്മീയ വെളിച്ചം കെടാതെ സൂക്ഷിക്കുന്നതിലും മഹല്ല് കമ്മിറ്റികള്‍ക്ക് ഒരു പാട് ചെയ്യാനുണ്ട്.
എന്നാല്‍ അടുത്ത കാലത്തായി മഹല്ലുകളില്‍ നിന്നും ആത്മീയബോധം നീങ്ങിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ചയാണ് കാണാനാവുന്നത്. അധാര്‍മികതകളുടെയും അനാചാരങ്ങളുടെയും അരങ്ങുകളായി മുസ്‌ലിം മഹല്ലുകള്‍ മാറിത്തീര്‍ന്നിരിക്കുന്നു. സമൂഹത്തില്‍ ആഴത്തില്‍ വേരിറക്കി സമുദായ നന്മക്ക് അശ്രാന്തം പരിശ്രമിക്കേണ്ട മഹല്ല് സംവിധാനങ്ങള്‍ ഇന്ന് പേരിന് വേണ്ടിയോ കടമക്ക് വേണ്ടിയോ മാത്രം പ്രവര്‍ത്തിക്കുന്നൊരു അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇസ്‌ലാമിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സമുദായത്തിന്ന് നേര്‍വഴിയുടെ വെളിച്ചം പകര്‍ന്ന് കൊടുക്കുന്ന ആയിരക്കണക്കിന് മഹല്ലുകളുണ്ടായിട്ടും സമൂഹത്തില്‍ പെരുകിവരുന്ന അനാശാസ്യങ്ങള്‍ക്ക് പിന്നിലെല്ലാം എന്തു കൊണ്ട് മുസ്‌ലിം നാമങ്ങള്‍ മാത്രം ഉയര്‍ന്ന് കേള്‍ക്കുന്നു? മഹല്ല് സംവിധാനങ്ങള്‍ക്ക് സംഭവിച്ച പാളിച്ചകളിലേക്കാണ് ഇതൊക്കെ വിരല്‍ചൂണ്ടുന്നത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടൂതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു യുവ സമൂഹം നമുക്കിടയില്‍ വളര്‍ന്ന് വരുമ്പോള്‍ അതിനെതിരെ ധീരമായ ഇടപെടലുകള്‍ നടത്താന്‍ മഹല്ല് ഭാരവാഹികള്‍ക്ക് സാധിക്കേണ്ടതുണ്ട്.
മുസ്‌ലിം സമൂഹത്തിനിടയില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന മഹല്ലുകള്‍ ഇത്രപെട്ടെന്ന് തകര്‍ന്നടിയാനുള്ള പ്രധാന കാരണം പ്രാപ്തിയുള്ള നേതാക്കളുടെ അഭാവമാണ്. നാട്ടിലെ പണ്ഡിതരുടെയും കാരണവന്‍മാരുടെയും നേതൃത്വത്തില്‍ സജീവമാകേണ്ട മഹല്ല് സംവിധാനം തികച്ചും മതപരമായ കാരണങ്ങള്‍ക്ക് മാത്രം നേതൃത്വം കൊടുക്കുന്ന ഇടമായിമാറിയിരിക്കുന്നു.
പള്ളിയിലെ ഉസ്താദിനും നാട്ടിലെ ഖാളിക്കും അസാന്മാര്‍ഗികതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള സ്വാതന്ത്ര്യം പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. നാട്ടില്‍ എന്ത് അനാശാസ്യം നടന്നാലും അവര്‍ക്ക് മൂകരായി നോക്കിനില്‍ക്കാനേ സാധിക്കുന്നുള്ളൂ.
മഹല്ലുകളിലെ പണ്ഡിതരെ മുന്‍നിറുത്തി, സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അനിസ്‌ലാമിക പ്രവണതകള്‍ക്കെതിരെ രംഗത്തിറങ്ങാനും മദ്‌റസ അടക്കമുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് ജീവവായു പകരാനും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന മഹല്ല് അംഗങ്ങള്‍ക്കിടയിലെ ഛിദ്രതകള്‍ക്ക് പരിഹാരം കാണാനും മഹല്ലധികാരികളില്‍ നിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടാവണം. അതിന് ആദ്യം ചെയ്യേണ്ടത് ഓരോരുത്തരും സ്വയം ശുദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങുകയാണ്. മറ്റുള്ളവരെ അധാര്‍മ്മികതകളില്‍ നിന്ന് തടയേണ്ടവര്‍ തന്നെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുമ്പോള്‍ മഹിതമായ സാംസ്‌കാരിക പാരമ്പര്യമാണ് തകര്‍ന്നടിയുന്നത്.
യുവാക്കള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയില്‍, പ്രത്യേകിച്ച് മഹല്ലുകളില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്നു എന്നത് ഏറെ ദുഃഖകരമാണ്. പ്രവാചകന്‍ പോലും ഇസ്‌ലാമിന്റെ പ്രചാരണത്തിന് ചോരത്തിളപ്പുള്ള സ്വഹാബാക്കളെയായിരുന്നു ഉപയോഗിച്ചിരുന്നത്. കാരണം സമൂഹത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ യുവസമൂഹത്തിനേ സാധിക്കുകയുള്ളൂ. അത് തിരിച്ചറിയാനും മഹല്ല് നേതൃത്വത്തിലേക്ക് അവരെ കൊണ്ടുവരാനും നമുക്ക് സാധിക്കണം.
അധിക മഹല്ലുകള്‍ക്കും ശക്തമായ സാമ്പത്തിക അടിത്തറയുണ്ട്. മാത്രമല്ല പല ആവശ്യങ്ങള്‍ക്കായി പൊതു ജനങ്ങളില്‍ നിന്ന് നമ്മള്‍ പണം പിരിച്ചെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ശാസ്ത്രീയമായോ ആസൂത്രിതമായോ പണം ചെലവഴിക്കുന്നതില്‍ മഹല്ലുകള്‍ നന്നേ പിറകിലാണ്. സത്യത്തില്‍ മഹല്ലില്‍ പിരിച്ചുകിട്ടുന്ന പണം കൊണ്ട് നമുക്കൊരുപാട് ചെയ്യാനുണ്ട്. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ചെലവിലേക്കും ദരിദ്രവിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കും അനാഥരുടെ ചികിത്സാ സഹായങ്ങള്‍ക്കുമൊക്കെയായി അത്തരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഏതൊരു സമൂഹത്തിനും ഔന്നത്യത്തിലെത്താന്‍ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഇസ്‌ലാമാകട്ടെ, വിദ്യാഭ്യാസത്തിന്റെ മഹത്വത്തെ വിശുദ്ധ ഖുര്‍ആനിലൂടെ നിരന്തരം ഉദ്‌ഘോഷിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലകളില്‍ കൂടി സജീവമായി ഇടപെടാന്‍ മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങണം. മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കേണ്ടത് മഹല്ല് കമ്മിറ്റികളാണ്. കൊര്‍ദോവയുടെയും സെവിയ്യയുടെയും ഗ്രാനഡയുടെയുമെല്ലാം മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തെക്കുറിച്ച് നമ്മള്‍ നിരന്തരം വാചാലരാകുമ്പോള്‍ അത്തരമൊരു സംസ്‌കാരത്തിന് നമ്മുടെ നാടുകളില്‍ കൂടി വിത്തുപാകുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല. ബുദ്ധിശക്തിയും തന്റേടവുമുണ്ടായിട്ടും പണമില്ലാത്തതുകൊണ്ട് മാത്രം ഉന്നത വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന ഒരുപാട് ദരിദ്ര വിദ്യാര്‍ത്ഥികള്‍ നമുക്കിടയിലുണ്ട്. അവര്‍ക്കൊരു കൈത്താങ്ങാവാന്‍ മഹല്ല് കമ്മിറ്റിക്ക് സാധിച്ചാല്‍ തീര്‍ച്ചയായും മുസ്‌ലിം സമൂഹത്തില്‍ അഭൂതപൂര്‍വ്വകമായ വിപ്ലവങ്ങള്‍ക്ക് തിരികൊളുത്താന്‍ നമുക്ക് സാധിക്കും.
ജുമുഅ, ജമാഅത്ത്, ഹദ്ദാദ്, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം എന്നിവക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, മദ്‌റസ ദര്‍സ് സംവിധാനങ്ങളുടെ പുരോഗതിക്കു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലും ടി.വി, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിലും മഹല്ല് കമ്മിറ്റി ശ്രദ്ധയൂന്നേണ്ടതുണ്ട്.
ധാര്‍മികമായി മുസ്‌ലിം സമൂഹം എത്രമാത്രം അധഃപതിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ ചിത്രമാണ് നാട്ടിലെ വിവാഹങ്ങള്‍ നമുക്കു മുന്നില്‍ തുറന്നു വെക്കുന്നത്. ധൂര്‍ത്തിന്റെയും ലോകമാന്യത്തിന്റെയുമൊക്കെ വേദികളായി വിവാഹ സദസ്സുകള്‍ മാറിയിരിക്കുന്നു. കല്യാണരാവുകള്‍ കുടിച്ചും കൂത്താടിയുമാണ് യുവസമൂഹം ആഘോഷിക്കുന്നത്. ഇത്തരം അസാന്മാര്‍ഗികതകളെയും ആഭാസങ്ങളെയും പിഴുതെറിയാന്‍ വിവാഹങ്ങളിലെ അനിസ്‌ലാമികതകള്‍ക്കെതിരെ മഹല്ല് കമ്മിറ്റി രംഗത്തിറങ്ങണം.
മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരിപാദാര്‍ത്ഥങ്ങള്‍ അതിവേഗം മഹല്ലുകളെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ 'ലഹരി വിരുദ്ധ' മഹല്ലെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ കൊണ്ട് വന്നാല്‍ വര്‍ഷങ്ങളായി നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കോ ഉപവാസങ്ങള്‍ക്കോ സാധിക്കാത്ത വിധത്തിലുള്ള നേട്ടം കൊയ്യാന്‍ സാധിക്കും. അതിന് ഓരോ വീടുമായും അതിലെ അംഗങ്ങളെക്കുറിച്ചുമെല്ലാം മഹല്ല് കമ്മിറ്റിക്ക് വ്യക്തമായ അവബോധം വേണം.
മുഖ്യധാരയില്‍ നിന്ന് തെന്നിമാറി എന്നും അനാവശ്യങ്ങള്‍ക്കു മാത്രം കൂട്ടുനില്‍ക്കുന്ന ഒരുപാട് ആളുകളുണ്ടാവും നമുക്കിടയില്‍. തെമ്മാടിയെന്ന് മുദ്ര കുത്തി അവരെ ഒറ്റപ്പെടുത്താനല്ല, സൗമ്യമായ പെരുമാറ്റത്തിലൂടെ വിഷയങ്ങള്‍ ബോധ്യപ്പെടുത്തി സല്‍സരണിയിലേക്ക് നയിക്കാനാണ് മഹല്ല് അധികാരികള്‍ ശ്രമിക്കേണ്ടത്.
മഹല്ലില്‍ തങ്ങള്‍ക്കുള്ള അധികാരം കേവലം അലങ്കാരത്തിനു വേണ്ടി മാത്രമുള്ളതല്ല എന്നും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് പള്ളി പരിപാലനമെന്നും നാളെ മഹ്ശറയില്‍ വെച്ച് എണ്ണിയെണ്ണി മറുപടി പറയേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് മഹല്ല് നേതൃത്വമെന്നും നാം തിരിച്ചറിയണം. മഹല്ലുകളുടെ ഏകീകരണത്തിന് മുന്നിട്ടിറങ്ങിയ മഹാന്മാരായ എം.എം ബശീര്‍ മുസ്‌ല്യാര്‍, സി.എച്ച് ഹൈദ്രൂസ് മുസ്‌ല്യാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവര്‍ മഹല്ല് നേതൃത്വം എങ്ങനെയാകണമെന്നതിന്റെ നേര്‍ രേഖയാണ് അവരുടെ ജീവിതത്തിലൂടെ വരച്ചുവച്ചത്. ഓരോ നാടിന്റെയും ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെത്തെ മതകീയ സാഹചര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയ അവര്‍ മഹല്ലുകള്‍ക്കു വേണ്ടി തങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ചു.
നാട്ടില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന അസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ തകര്‍ത്തെറിയുമ്പോള്‍ അതിനു തടയിടാന്‍ നൂതന മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത്തരം ചില വിചാരപ്പെടലുകളുമായാണ് മഹല്ല് ഭാരവാഹികള്‍ സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ ഇന്നും നാളെയുമായി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ക്യാമ്പസില്‍ ഒത്തുകൂടുന്നത്. മഹല്ല് ശാക്തീകരണവുമായി ബന്ധപ്പെട്ട് പുതിയ കാല്‍വെപ്പുകളായിരിക്കും ഈ ശില്‍പശാലയില്‍ രൂപപ്പെടുക.