മലപ്പുറം: മുസ്‌ലിം സമുദ്ധാരണം മഹല്ലുകളിലൂടെ എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മഹല്ല് നേതൃ സമ്മേളനത്തിന് ഇന്ന് (13/04/2013 ശനി) ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ തുടക്കമാവും.
കേരളീയ മുസ്‌ലിംകളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തിയിരുന്ന മഹല്ല് സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന അധാര്‍മികതക്കെതിരെ ശബ്ദിക്കാന്‍ മഹല്ല് നേതൃത്വത്തെ സജ്ജീകരിക്കാനുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മഹല്ല് നേതൃ ജില്ലാ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ മഹല്ലുകളില്‍ നിന്നുമായി പ്രത്യേകം തെരഞ്ഞെടുത്ത പതിനായിരത്തോളം മഹല്ല് സ്‌ക്വാഡംഗങ്ങളായിരിക്കും സമ്മേളനത്തില്‍ സംബന്ധിക്കുക. മഹല്ലുകളിലെ സാമൂഹിക വളര്‍ച്ചയും സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്തുക, സാംസ്‌കാരിക നവോത്ഥാനം സാധ്യമാക്കുക തുടങ്ങിയ ഒട്ടനവധി ലക്ഷ്യങ്ങളുള്‍കൊള്ളിച്ച് എസ്.എം.എഫ് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ സമഗ്രമായ മഹല്ല് പദ്ധതിയും സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കും.
രാവിലെ എട്ടിന് മമ്പുറം മഖാമിലും ഡോ.യു ബാപ്പുട്ടി ഹാജി മഖ്ബറയിലും നടക്കുന്ന കൂട്ട സിയാറത്തോടെയാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളന പരിപാടികള്‍ക്ക് തുടക്കമാവുക// സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഒമ്പത് മണിക്ക് ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.പി അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ സംബന്ധിക്കും.
പതിനൊന്ന് മണിക്ക് 'മഹല്ല് നേതൃത്വം; കാലം തേടുന്ന കാതലായ മാറ്റം' സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി, കുഞ്ഞാണി മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിക്കും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി നസീര്‍ ക്ലാസെടുക്കും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍, ടി.എ അഹമദ് കബീര്‍ എം.എല്‍,എ സംബന്ധിക്കും.
രണ്ടിന് 'മുസ്ലിം ശാക്തീകരണം മഹല്ലുകളിലൂടെ' സെഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേരള ഗ്രാന്‍ഡ് ഇന്‍ എയ്ഡ് കമ്മിറ്റി മെംബര്‍ സുബൈര്‍ നെല്ലിക്കാപറമ്പ്, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഡയറക്ടര്‍ അഡ്വ. പി.വി സെനുദ്ദീന്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും. ഇ.ടി മുഹമ്മദ് ബശീര്‍ എം. പി മുഖ്യാതിഥിയായിരിക്കും. അഞ്ചിന് മോഡല്‍ മഹല്ല് പ്രസന്റേഷന്‍ നടക്കും, സി.ടി അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍, മുനീര്‍ ഹുദവി കരുവന്‍തിരുത്തി നേതൃത്വം നല്‍കും.
വൈകീട്ട് ഏഴിന് നടക്കുന്ന ആദര്‍ശ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാത്രി പത്തിന് ബുര്‍ദ മജ്‌ലിസും നടക്കും
പതിനാലിന് ശനി രാവിലെ ആറിന് ആത്മ സംസ്‌കരണം സെഷന്‍ നടക്കും. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുക്കും. എട്ട് മണിക്ക് നടക്കുന്ന അനുസ്മരണം സെഷന്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പത്ത് മണിക്ക് 'മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കൈകോര്‍ക്കാം' എന്ന സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ ഐ.പി.എസ്, കേരള ഹൈക്കോടതി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ ജലീല്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീം കരുവമ്പലം സംസാരിക്കും. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററായിരിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന 'മഹല്ല് കര്‍മ്മ പദ്ധതി തയ്യാറാക്കല്‍' ഗ്രൂപ്പ് ചര്‍ച്ചയില്‍ ദാറുല്‍ ഹുദാ വൈസ്.ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും
വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിക്കും. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പദ്ധതി പ്രഖ്യാപനം നടത്തും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് മുഖ്യാതിഥികളായിരിക്കും. സമസ്ത പ്രസിഡന്റ് ആനക്കര കോയകുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമല്ലുല്ലൈലി, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി.എം.എല്‍.എ, കെ.എന്‍.എ ഖാദിര്‍ എം.എല്‍.എ, സി. മമ്മുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ,കെ..എം സൈദലവി ഹാജി കോട്ടക്കല്‍ ,യു. ശാഫി ഹാജി ചെമ്മാട് , കാളാവ് സൈദലവി മുസ്‌ലിയാര്‍ ,ബി. ജഅ്ഫര്‍ ഹുദവി എന്നിവർ പങ്കെടുത്തു