കിണാശ്ശേരി യത്തീംഖാന 40- വാര്‍ഷികം: മൂന്നുപേര്‍ക്ക് മംഗല്യഭാഗ്യം

കോഴിക്കോട്: കിണാശ്ശേരി യത്തീംഖാനയിലെ മൂന്ന് പെണ്‍കുട്ടികള്‍ കൂടി സനാഥരായി. യത്തീംഖാനയുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നികാഹിന് നേതൃത്വം നല്‍കി. യത്തീംഖാനയില്‍ ചെറുപ്പം മുതല്‍ പഠിച്ചു വളര്‍ന്ന കെ. ഖദീജയെ പൂക്കോട്ടൂരിലെ ശിഹാബുദ്ദീനും എം. റഹ്മത്തിനെ കിണാശ്ശേരിയിലെ അബ്ദുള്‍സലാമും സി. ശറീനയെ ചേലേമ്പ്രയിലെ പി.കെ. ജബാറുമാണ് വിവാഹം കഴിച്ചത്. വ്യവസായവകുപ്പ്മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ഡി.എ. ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, ഉമ്മര്‍ പാണ്ടികശാല, കെ. മൊയ്തീന്‍കോയ, കോയിശ്ശേരി ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് സ്വാഗതവും ടി. മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥി കുടുംബസംഗമം കെ.പി. മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥികളുടെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും മാനേജര്‍ എം.പി. അഹമ്മദിന് അദ്ദേഹം സമ്മാനിച്ചു. കെ.ടി. ബീരാന്‍കോയ, മമ്മദ്‌കോയ കിണാശ്ശേരി, കെ. മുഹമ്മദ് ഫൈസി, വി. കോയ, ടി. മുഹമ്മദ് അശ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പി. അസ്സന്‍കോയ സ്വാഗതവും കെ. റഫീഖ് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് വിജ്ഞാനസദസ്സും ദുആ സമ്മേളനവും നടക്കും. കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍, റഫീഖ് സക്കരിയ്യാഫൈസി കൂടത്തായ് പങ്കെടുക്കും. ദുആ സമ്മേളനത്തിന് സമസ്ത ജന. സെക്ക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കും.