കമ്മ്യൂണിസവും മുതലാളിത്തവും കൊറിയയില്‍ കൊമ്പുകോര്‍ക്കുന്നു

കൊറിയന്‍ അര്‍ധദ്വീപില്‍ കമ്മ്യൂണിസവും മുതലാളിത്തവും ഒരിക്കല്‍കൂടി കൊമ്പുകോര്‍ക്കുന്നു. ശീതയുദ്ധം അവസാനിക്കുകയും സോവിയറ്റ് യൂനിയന്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ബ്ലോക്ക് തകര്‍ന്നടിയുകയും ചെയ്തശേഷമുള്ള ഏറ്റുമുട്ടല്‍ ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലമുളവാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഏകാഭിപ്രായം. ഏഷ്യയുടെ കിഴക്കുഭാഗത്ത് ജപ്പാന്‍ കടലിലേക്കും മഞ്ഞ കടലിലേക്കും തള്ളിനില്‍ക്കുന്ന കൊറിയന്‍ അര്‍ധദ്വീപില്‍ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സ്ഥിതിയുണ്ട്. കമ്മ്യൂണിസ്റ്റ് ഉത്തരകൊറിയയും മുതലാളിത്ത ദക്ഷിണകൊറിയയും ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി യുദ്ധം കാത്തിരിപ്പാണ്!
ലോക സമാധാനത്തിന് നേതൃത്വം നല്‍കേണ്ടുന്ന ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ നാട്ടിലാണ് സംഘര്‍ഷം എന്നത് വിചിത്രമായി തോന്നാം. ദക്ഷിണകൊറിയയുടെ വിദേശകാര്യ മന്ത്രിയായിരുന്ന മൂണ്‍, മുതലാളിത്ത രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് 2006ല്‍ സെക്രട്ടറി ജനറല്‍ ആയത്. അന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ഇന്ത്യയുടെ ശശി തരൂരിന്റെ അവസരം നഷ്ടപ്പെടുത്തിയാണ് മൂണിന് പദവി ലഭിച്ചത്. സ്വന്തം നാട്ടില്‍, സംഘര്‍ഷം രൂക്ഷമാവുമ്പോള്‍, ഗ്യാലറിയില്‍ ഇരുന്ന് കളികാണുന്ന ലാഘവത്തോടെയാണ് മൂണിന്റെ സമീപനം എന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം. ലോകത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ പ്രമുഖ സ്ഥാനത്താണ് ഉത്തരകൊറിയ. ചൈനയും ക്യൂബയുമാണ് മറ്റ് രണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍. ,..... 

ഉത്തരകൊറിയയുടെ ആണവായുധങ്ങളെചൊല്ലി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ വഴിത്തിരിവില്‍ എത്തിയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ആണവ പ്രശ്‌നത്തില്‍ ഉത്തരകൊറിയയുമായി പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും നടത്തിവരുന്ന ചര്‍ച്ച എങ്ങുമെത്താതെ അനിശ്ചിതാവസ്ഥയിലാണ്. ഉത്തരകൊറിയ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ ഉത്തരകൊറിയ ആണവശേഷി ഇതിന്നകം സ്വന്തമാക്കിയിരിക്കുകയാണെന്ന് അമേരിക്ക ഉള്‍പ്പെടെ ആരോപിക്കുന്നുണ്ട്. 

ആരോപണം ശരിവെക്കുന്ന നിലയിലാണ് ഉത്തരകൊറിയന്‍ അധികാരികളുടെ സമീപനം. പുതിയ സംഘര്‍ഷം '1950' ആവര്‍ത്തിക്കുമോ എന്നാണ് ലോകത്തിന്റെ ആശങ്ക. ഏകീകരണത്തിന് എന്ന പേരില്‍ 1950ല്‍ ഉത്തരകൊറിയ ദക്ഷിണകൊറിയയെ ആക്രമിക്കുകയായിരുന്നു. ദക്ഷിണകൊറിയയുടെ സഹായത്തിന് അമേരിക്കയും പാശ്ചാത്യ ശക്തികളും എത്തിയപ്പോള്‍ മറുഭാഗത്ത് ചൈന സഹായിച്ചു. മൂന്നുവര്‍ഷം യുദ്ധം നീണ്ടു. യുദ്ധം അവസാനിച്ചുവെങ്കിലും സംഘര്‍ഷം നിലനില്‍ക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ട്രൂമാനും പെന്റഗണ്‍ മേധാവി ജനറല്‍ മക്ക് അര്‍തറും ദക്ഷിണ കൊറിയയെ അന്ന് യുദ്ധസജ്ജരാക്കി. പരസ്പരം ആഭ്യന്തര സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാന്‍ ഇരുപക്ഷത്തും നിരവധി ശ്രമം പിന്നീടും ഉണ്ടായി. 1960ല്‍ ദക്ഷിണ കൊറിയയില്‍ 200 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവം വിദ്യാര്‍ത്ഥി കലാപമായി പടര്‍ന്നു. സിംഗ്മാന്റീ എന്ന പ്രസിഡണ്ട് കലാപത്തെ തുടര്‍ന്ന് പുറത്തായി.

കൊറിയന്‍ അര്‍ദ്ധദ്വീപില്‍ ചൈനക്ക് വളരെയേറെ താല്‍പര്യങ്ങളുണ്ട്. 17ാം നൂറ്റാണ്ടില്‍ കൊറിയ ചൈനയുടെ ആശ്രിതരാജ്യമായിരുന്നു. 1910ല്‍ ജപ്പാന്‍ കീഴടക്കി. രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതോടെ കൊറിയ രണ്ടായി വിഭജിക്കപ്പെട്ടു. ജര്‍മ്മനിയെപോലെ! ഉത്തരകൊറിയ സോവിയറ്റ് യൂണിയന്റെ ആശ്രിതരാജ്യമായി. ദക്ഷിണകൊറിയയില്‍ അമേരിക്കയുടെ ആധിപത്യവും. ഇരുപക്ഷത്തേയും ജനങ്ങള്‍ ഏകീകരണം ആഗ്രഹിച്ചുവെങ്കിലും ബാഹ്യശക്തികള്‍ സമ്മതിച്ചില്ല. ഏകീകരണത്തിന്നായുള്ള ശ്രമങ്ങള്‍ അവസാനം സംഘര്‍ഷത്തിലെത്തുക പതിവായി.

പുതിയ സംഘര്‍ഷം അനുദിനം രൂക്ഷമാവുന്നു. സംയുക്ത വ്യവസായ സംരംഭമായ 'കീസോംഗ് കേന്ദ്രം' ഉത്തരകൊറിയ കഴിഞ്ഞആഴ്ച ഏകപക്ഷീയമായി അടച്ചുപൂട്ടിയത് ദക്ഷിണകൊറിയയെ കൂടുതല്‍ പ്രകോപിതരാക്കി. അതിര്‍ത്തിയില്‍നിന്ന് ഉത്തരകൊറിയക്കുള്ളില്‍ (പത്ത് കിലോമീറ്റര്‍ അകലെ) സ്ഥിതിചെയ്യുന്ന കേന്ദ്രത്തില്‍ ജോലിചെയ്യുന്ന ദക്ഷിണകൊറിയക്കാരായ 861 തൊഴിലാളികളില്‍ ഒമ്പതുപേര്‍ മാത്രമാണ് തിരിച്ചെത്തിയത്. കേന്ദ്രം നിര്‍മ്മിക്കാന്‍ പണമിറക്കിയത് ദക്ഷിണകൊറിയയാണ്. 

പൗരന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിവന്നാല്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നാണ് ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് പാര്‍ക് ഗ്യൂന്‍ഹെ പ്രഖ്യാപിച്ചത്. അമേരിക്കയുടെ പിന്‍ബലമുള്ളതിനാല്‍ പാര്‍ക്ക് ഗ്യൂന്‍ഹെക്ക് ധൈര്യമുണ്ട്. രണ്ട് ആണവ അദൃശ്യ ബോംബര്‍ വിമാനങ്ങള്‍വരെ അമേരിക്ക എത്തിച്ചുകഴിഞ്ഞു. പടക്കപ്പല്‍ ദ്വീപിന് സമീപം നിലയുറപ്പിച്ചിട്ടുമുണ്ട്. ഉത്തരകൊറിയയെ ചുട്ടുകരിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഉത്തരകൊറിയ അമേരിക്കന്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആണവായുധങ്ങള്‍ സജ്ജമാണെന്ന് പ്രസിഡണ്ട് കിംജോങ്ഉന്‍ സൂചന നല്‍കി. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും കിംജോങ്ങ് ഉന്‍ വ്യക്തമാക്കി.

അമേരിക്കയുടെ ഇവിടത്തെ സൈനിക അഭ്യാസങ്ങളാണ് സംഘര്‍ഷം രൂക്ഷമാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഉത്തരഭാഗത്ത് നിന്നുള്ള ഏത് ഭീഷണിയും നേരിടാന്‍ തയാറെന്ന് പ്രതിരോധ സെക്രട്ടറി ചക്‌ഹെഗല്‍ പ്രസ്താവിച്ചത് ദക്ഷിണയുടെ തലസ്ഥാനമായ സോളില്‍ എത്തിയാണ്. കൊറിയന്‍ സംഘര്‍ഷം അത്രവേഗം അവസാനിക്കാന്‍ സാധ്യത കാണുന്നില്ല.

ലോകത്ത് അവശേഷിക്കുന്ന ഏക സ്റ്റാലിനിസ്റ്റ് രാജ്യമായ ഉത്തരകൊറിയയെ നിയന്ത്രിക്കാന്‍ കമ്മ്യൂണിസ്റ്റ് ചൈനപോലും പ്രത്യക്ഷത്തില്‍ തയാറില്ല. രാഷ്ട്ര സ്ഥാപകനായ കിം ഇല്‍ സൂങ് 1994ല്‍ അന്തരിച്ചതിനെത്തുടര്‍ന്ന് മകന്‍ കിം ജോംഗ് ഇല്‍ പ്രസിഡണ്ടായി. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് മകനായ കിം ജോങ് ഉന്‍ ഭരണാധികാരിയാവുന്നത്. 2006ല്‍ കമ്മ്യൂണിസ്റ്റ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയതോടെയാണ് മേഖല സംഘര്‍ഷനിര്‍ഭരമായത്.

സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസ്റ്റ് ഭരണം തകരുകയും കിഴക്കന്‍ യൂറോപ്പിലാകമാനം കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നടിയുകയും ചെയ്ത ഘട്ടത്തില്‍ കൊറിയന്‍ ഏകീകരണത്തിന് വലിയ സാധ്യതയുണ്ടായിരുന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് വിഭജിക്കപ്പെട്ട ജര്‍മ്മനിയും യമനും അടക്കം ഏകീകരിക്കപ്പെട്ടു. കൊറിയന്‍ ഏകീകരണത്തിനുള്ള മുറവിളി ഇരുപക്ഷത്തും സജീവമായി. 

എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തി. 1950-53 യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണകൊറിയ ജപ്പാന്റെയും പാശ്ചാത്യ നാടുകളുടേയും സഹായത്തോടെ വന്‍ സാമ്പത്തിക പുരോഗതി നേടിയത് അസൂയയോടെയാണ് ഉത്തരകൊറിയക്കാര്‍ നോക്കിക്കണ്ടത്. പ്രത്യയശാസ്ത്രമനുസരിച്ചുള്ള കാഴ്ചപ്പാട് മാറ്റിവെച്ചും തിരുത്തിയും സാമ്പത്തിക അടിത്തറ വിപുലപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് ചൈന നടത്തുന്ന അഭ്യാസം ഉത്തരകൊറിയന്‍ സമൂഹത്തിന് അധികകാലം കണ്ടില്ലെന്ന് നടിക്കാനാവില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടം കുടുംബവാഴ്ചയുടെ താവളമാക്കിയ 'കിംമാര്‍' വികാരപരമായാണ് ഉത്തരകൊറിയന്‍ ജനതയെ നയിക്കുന്നത്.

കൊറിയന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയുക, ചൈനയുടേയും റഷ്യയുടേയും ഇടപെടലിലൂടെ മാത്രമാവും. യു.എന്നിന് നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഉത്തരകൊറിയ വിശ്വസിക്കുകയും അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ദക്ഷിണകൊറിയയെ യുദ്ധസജ്ജരാക്കുകയും ചെയ്യുമ്പോള്‍ മധ്യസ്ഥത വഹിക്കാന്‍ ചൈനയും റഷ്യയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറിയന്‍ സംഘര്‍ഷം മേഖലയില്‍ ഒതുങ്ങുന്നതല്ല. ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് ഇരുഭാഗത്തും ആശങ്കയുണ്ട്. ലോകമാകെ സാമ്പത്തികമാന്ദ്യം അനുഭവിക്കുകയും കാലാവസ്ഥ വ്യതിയാനംമൂലം ദുരിതം വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇനി ഒരു യുദ്ധം ഒഴിവായേ തീരൂ.