ആത്മീയ പ്രഭ ചൊരിഞ്ഞ്‌ അക്കാദമി ദശവാര്‍ഷികം ചരിത്രമായി

സമ്മേളനംവിജയിപ്പിക്കാൻ പരിശ്രമിച്ചവർക്കെല്ലാം കമ്മിറ്റിയുടെ നന്ദി
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ ദശവാര്‍ഷികങ്ങള്‍ക്ക്‌ സമാപനം കുറിച്ച്‌ നടന്ന ദിക്‌ര്‍-ദുആ സമ്മേളനത്തിന്‌ പാണക്കാട്‌ സയ്യിദ്‌ ശഹീറലി  ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്നു.
വെങ്ങപ്പള്ളി: 2012 മെയ് മാസത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി രൂപം നല്‍കിയ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 11 മാസം നീണ്ടു നിന്ന ശ്രദ്ധേയമായ വര്‍ത്തനങ്ങള്‍ക്കൊടുവില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ നഗരിയില്‍ അഞ്ചു ദിവസം നീണ്ടു നിന്ന സമാപന സമ്മേളനം ജനപങ്കാളിത്തംകൊണ്ടും വ്യത്യസ്ത കൊണ്ടും ശ്രദ്ധേയമായി. 14 മേഖലാ തലങ്ങളിലും രൂപീകരിച്ച സംഘാടക സമിതികള്‍ മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. 
കാമ്പയിനുകള്‍, പഠന ക്ലാസ്സുകള്‍, കുടുംബസംഗമങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയ സമൂഹത്തിനുപകാരപ്രദമായ പലതും നടപ്പിലാക്കാന്‍ സമ്മേളന പ്രചരണം ഉപയോഗപ്പെട്ടിട്ടുണ്ട്. ദശവാര്‍ഷിക പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്തി മൂന്നു കെട്ടിടങ്ങളുടെ നിര്‍മ്മാണ പൂര്‍ത്തീകണവും നടത്തി. വാരാമ്പറ്റ സആദാ കോളേജ് ബില്‍ഡിംഗ്, എന്‍ മമ്മൂട്ടി സ്മാരക ഹിഫ്‌ള് കോളേജ് കെട്ടിടം, ശിഹാബ് തങ്ങള്‍ സ്മാരക അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് തുടങ്ങിയവയാണവ. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി 6 ദിവസങ്ങളിലായി നടത്തിയ സന്ദേശ യാത്രയും സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കൊടിമര-പതാക ജാഥകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 
മാര്‍ച്ച് 28 മുതല്‍ 10 ദിവസം നടത്തിയ കണ്ണാടി എക്‌സിബിഷന്‍ കാഴ്ചക്കാരെ ചിന്തയുടെ അനിര്‍വചനീയ ലോകത്തേക്ക് കൊണ്ടുപോയെന്നതിലുപരി സമ്മേളന പ്രചരണത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസും എക്‌സിബിഷന്‍ സന്ദര്‍ശിക്കാനെത്തിയത്. 3 ന് ബുധനാഴ്ച രാവിലെ ഹമീദലി ശിഹാബ് തങ്ങളുടേയും ജില്ലയിലെ സമസ്ത നേതാക്കളുടേയും നേതൃത്വത്തില്‍ 10 പകതാകകള്‍ ഉയര്‍ത്തിയതോടെയാണ് സമാപന സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അഞ്ചു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, പണ്ഡിതര്‍, മാനേജ്‌മെന്റ് ഭാരവാഹികള്‍, പൊതുജനങ്ങള്‍ തുടങ്ങി ജില്ലയിലെ മുഴുവന്‍ ജനവിഭാഗവും സമ്മേളനത്തിലെത്തിച്ചേര്‍ന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, മറ്റുജനപ്രതിനിധികള്‍, ഹൈദരലി ശിഹാബ് തങ്ങലളുള്‍പ്പെടെയുള്ള പാണക്കാട് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍, പണ്ഡിതര്‍ തുടങ്ങി കേരളത്തിലെ അത്യുന്നത നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ജില്ലയിലെ സമ്മേളനങ്ങളുടെ ചരിത്രത്തിന് തിരുത്ത് കുറിക്കപ്പെടുകയും ചെയ്തു. 7 ന് ഞായറാഴ്ച രാത്രി 9.30 ന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങളുടേയും ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടേയും നേതൃത്വത്തില്‍ നടന്ന ഭക്തി നിര്‍ഭരമായ ദിക്ര്‍-ദുആ സമ്മേളനത്തോടെ ദശവാര്‍ഷികാഘോഷത്തിന് നാന്ദി കുറിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പ്രാദേശിക സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണ വിതരണവും നടന്നു. 10 ക്വിന്റല്‍ അരി ഇതിനായി ഉപയോഗപ്പെടുത്തി. വയനാട് കണ്ട ഏറ്റവും വലിയ ജനസഞ്ചയമാണ് ജില്ലയിലെ പ്രഥമ മുത്വവ്വല്‍ സനദ്ദാന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി എസ് തങ്ങള്‍, സാബിത്ത് തങ്ങള്‍ റഹ്മാനി, കെ സി കെ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ ദുആ സമ്മേളനത്തില്‍ സംബന്ധിച്ചു. കെ എ നാസര്‍ മൗലവി സ്വാഗതവും നൗഷീര്‍ വെങ്ങപ്പള്ളി നന്ദിയും പറഞ്ഞു. സമ്മേളന വിജയത്തിനായി പരിശ്രമിച്ച മഹല്ല് ഭാരവാഹികള്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍, സ്വാഗതസംഘടങ്ങള്‍, പൊതുജനങ്ങള്‍, മീഡിയ, നിയമപാലകര്‍ തുടങ്ങി എല്ലാവര്‍ക്കും ജനറല്‍ കണ്‍വീനര്‍ ഹാരിസ് ബാഖവി നന്ദി പ്രകാശിപ്പിച്ചു.