547 മദ്രസകള്‍ക്ക് രണ്ടാം ഗഡുവായി 7.76 കോടി രൂപ
മലപ്പുറം: മദ്രസ നവീകരണ പദ്ധതിയില്‍ കേരളത്തിലെ 547 മദ്രസകള്‍ക്ക് രണ്ടാം ഗഡുവായി 7.76 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 2010-11 വര്‍ഷത്തെ സഹായമാണിത്. ആദ്യ ഗഡുവായി 14.90 കോടി രൂപ കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. മദ്രസ നവീകരണ പദ്ധതിയില്‍ അധ്യാപകര്‍ക്കുള്ള ശമ്പളയിനമായാണ് രണ്ടാം ഗഡു അനുവദിച്ചത്. ബിരുദാനന്തര ബിരുദം കഴിഞ്ഞ അധ്യാപകര്‍ക്ക് 12000 രൂപ വീതവും ബിരുദം നേടിയ അധ്യാപകര്‍ക്ക് 6000 രൂപവീതവുമാണ് ശമ്പളമായി അനുവദിച്ചിട്ടുള്ളത്.
ശമ്പളയിനമായിരുന്നു നല്‍കാന്‍ ബാക്കിയുണ്ടായിരുന്നത്. തുക വിതരണം ചെയ്യണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ മാസം 23ന് 11 മണിക്ക് എടപ്പള്ളി അല്‍അമീന്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് തുക വിതരണം ചെയ്യും.
ആദ്യ ഗഡുവില്‍ മദ്രസകളുടെ കമ്പ്യൂട്ടര്‍, സയന്‍സ് ലാബ്, തുടങ്ങിയ സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് തുക അനുവദിച്ചിരുന്നത്. 2012-13 വര്‍ഷത്തേതില്‍ 1462 മദ്രസകള്‍ക്ക് 70 .97 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഈ തുക ബജറ്റില്‍ വകയിരുത്തിയതായി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. തുക അനുവദിച്ച് കിട്ടിയാല്‍ ആദ്യ ഗഡുവായ 35 കോടി രൂപ ആദ്യം വിതരണം ചെയ്യും. മദ്രസ നവീകരണ പദ്ധതിയില്‍ കേരളത്തിന് അര്‍ഹമായ സഹായം നേടിയെടുക്കാന്‍ കഴിയുന്നതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന് എത്തിയ സംഘം കേരളത്തിലെ മദ്രസകള്‍ പരിശോധിച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. 2010-11ലേക്ക് 22,66,97000 രൂപയാണ് ആകെ അനുവദിച്ചിരുന്നത്.