ഹജ്ജിന്‍റെ ചൈതന്യം ജീവിതത്തില്‍ നിലനിര്‍ത്തുക : റിയാദ് ഇസ്‍ലാമിക് സെന്‍റര്‍

റിയാദ് : ഹജ്ജിന്‍റെ ചൈതന്യം ജീവിതത്തില്‍ നിലനിര്‍ത്തി ശിഷ്ടജീവിതം മൂല്യാധിഷ്ഠിതമാക്കുന്നതിലാണ് ഹാജിമാര്‍ ജീവിത വിജയം വരിക്കുന്നത്. ആരാധനയുടെ ആത്മാവ് ഉള്‍ക്കൊള്ളാത്ത ഏതും ചടങ്ങുകള്‍ മാത്രമാണ്. പൂര്‍വ്വസൂരികള്‍ ഹജ്ജിലും ശിഷ്ടജീവിതത്തിലും പാലിച്ച ശുഷ്കാന്തി നമുക്ക് പാഠമാകണം. സദാചാര പോലീസും അവിശുദ്ധ കഥകളും മീഡിയകളില്‍ നിററഞ്ഞോടുന്പോള്‍ ഇവയില്‍ പലതും സമുദായത്തിന് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. സമുദായത്തിലെ ജീര്‍ണ്ണതകള്‍ തിരിച്ചറിയാനും നന്മയുടെ വെളിച്ചം പകരാനും നാം തയ്യാറാകണമെന്നും റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ വാദീനൂര്‍ ഹജ്ജാജിമാര്‍ക്കും കെ.എം.സി.സി. ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും നല്‍കിയ സ്വീകരണ യോഗം ഉണര്‍ത്തി.
വാദീനൂര്‍ ഹജ്ജ് ക്യാന്പ് 2011 മിനയില്‍ നടന്ന ഹജ്ജ് ഉംറ നോളജ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ഫാത്തിമ ഹുസ്ന, ഇസ്ഹാഖ്, അബ്ദുന്നാസര്‍, അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ക്ക് മുഹമ്മദ് കോയ തങ്ങള്‍, മുഹമ്മദ് മാസ്റ്റര്‍ വളകൈ, ഉമര്‍ കോയ യൂണിവേഴ്സിറ്റി, കുഞ്ഞുമുഹമ്മദ് ഹാജി ചുങ്കത്തറ, താജുദ്ദീന്‍ ആലപ്പുഴ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ നല്‍കി. നാം ശ്രദ്ധിക്കേണ്ടത്, സ്വലാത്ത് നല്‍കുന്ന ചൈതന്യം എന്നീ വിഷയങ്ങളില്‍ മുസ്തഫ ബാഖവി പെരുമുഖവും അബൂബക്കര്‍ ഫൈസി ചെങ്ങമനാടും ക്ലാസ്സെടുത്തു. എന്‍.സി മുഹമ്മദ് കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ജാഫര്‍ ഹുദവി, അബുട്ടി മാസ്റ്റര്‍, സെയ്ത് മീഞ്ചന്ത തുടങ്ങിയവര്‍ പ്രസംഗിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും റസാഖ് വളകൈ നന്ദിയും പറഞ്ഞു.