പാണക്കാട് തങ്ങളോട് വിശദീകരണം തേടാന്‍ എസ്.ഡി.പി.ഐ. വളര്‍ന്നിട്ടില്ല - എസ്.കെ.എസ്.എസ്.എഫ്.

മലപ്പുറം: പാണക്കാട് തങ്ങളോട് വിശദീകരണം തേടാന്‍മാത്രം എസ്.ഡി.പി.ഐ. വളര്‍ന്നിട്ടില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ അബ്ബാസലി തങ്ങളെ കൈയേറ്റം ചെയ്യാനും സ്വീകരണ പരിപാടി അലങ്കോലപ്പെടുത്താനും ശ്രമിച്ച എസ്.ഡി.പി.ഐ. വിഷയത്തെ വളച്ചൊടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. സ്വീകരണ സമ്മേളന വേദിയിലേക്ക് എസ്.ഡി.പി.ഐ.ക്കാര്‍ കയറിവന്നതെന്തിനെന്ന് നേതാക്കള്‍ വ്യക്തമാക്കണം. പാണക്കാട് തങ്ങള്‍മാരെ വിമര്‍ശിക്കാനും വിലകുറച്ച് കാണിക്കാനും മുമ്പും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ എസ്.കെ.എസ്.എസ്.എഫ്. ഗൗരവമായിട്ടാണ് കാണുന്നത്. സമൂഹത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദിനംപ്രതി പേരും ആദര്‍ശവും മാറ്റുന്നവര്‍ രാഷ്ട്രീയ കുപ്പായമണിഞ്ഞ് സമൂഹത്തെ വഞ്ചിക്കാന്‍ ശ്രമിച്ചാല്‍ നടക്കുന്നതല്ലെന്നും എസ്.കെ.എസ്.എസ്.എഫ്.ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ആശിഖ് കുഴിപ്പുറം അധ്യക്ഷത വഹിച്ചു.സത്താര്‍ പന്തല്ലൂര്‍, ശമീര്‍ ഫൈസി ഒടമല, റഷീം ചുഴലി, റഫീഖ് അഹമ്മദ്, ഷംസുദ്ദീന്‍ ഒഴുകൂര്‍, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ജലീല്‍ ഫൈസി അരിമ്പ്ര, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, റഹീം കൊടശ്ശേരി, ഇ. സാജിദ് മൗലവി, സഹീര്‍ അന്‍വരി എന്നിവര്‍ സംബന്ധിച്ചു.