മതങ്ങളോടുള്ള കമ്യൂണിസ്റ്റ്‌ മമത ശുദ്ധകാപട്യം: അബ്ബാസലി തങ്ങള്‍


കോഴിക്കോട്‌: കമ്യൂണിസം മത വിരുദ്ധമായ പ്രത്യയശാസ്‌ത്രമാണെന്ന്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. ഒരു മുസ്‌ലിമിന്‌ കമ്യൂണിസത്തിന്റെ പ്രത്യയശാസ്‌ത്രത്തെ സ്വീകരിക്കാനാവില്ല. ഇസ്‌ലാമിനെ തകര്‍ക്കാനും അവഹേളിക്കാനും കിട്ടിയ ഒരവസരവും കമ്യൂണിസ്റ്റുകള്‍ പാഴാക്കിയിട്ടില്ല.
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ ദക്ഷിണമേഖലാ സന്ദേശയാത്രക്ക്‌ ലഭിച്ച സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലാഭങ്ങള്‍ക്ക്‌ വേണ്ടി മതങ്ങളോട്‌ മമത കാണിക്കുന്ന കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ അവരോധിക്കപ്പെടുമ്പോഴൊക്കെ മതങ്ങള്‍ക്കെതിരെ വാളെടുത്തിട്ടുണ്ട്‌. കേരളത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തകര്‍ക്കാന്‍ പല ശ്രമങ്ങളും നടന്നുവരുന്നുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ ഇസ്‌ലാമിനെതിരെ ഹിഡന്‍ അജണ്ടകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ അഭിപ്രായ ഭിന്നതകള്‍ മറന്ന്‌ മുസ്‌ലിം സമൂഹം ഒന്നിക്കണമെന്ന്‌ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
യൂനുസ്‌ കുഞ്ഞ്‌ എം.എല്‍.എ, എ.എം. പരീത്‌ എറണാംകുളം, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സത്താര്‍ പന്തലൂര്‍, അബൂബക്‌ര്‍ ഫൈസി മലയമ്മ, കെ.എന്‍.എസ്‌. മൗലവി, അയ്യൂബ്‌ കൂളിമാട്‌, പുറങ്ങ്‌ മൊയ്‌തീന്‍ മൗലവ, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, കുഞ്ഞാലന്‍കുട്ടി ഫൈസി, ജവാദ്‌ ബാഖവി, സിയാദ്‌ ചെമ്പറക്കി, ഇബ്‌റാഹീം ഫൈസി പഴുന്നാന, ബശീര്‍ ഫൈസി ദേശമംഗലം പ്രസംഗിച്ചു.
വ്യാഴം 9 ന്‌ അമ്പലപ്പുഴ, 10 ന്‌ തൃക്കുന്നപ്പുഴ, 11 ന്‌ കായംകുളം, 12 ന്‌ കരുണാഗപ്പള്ളി, 1 ന്‌ പള്ളിമുക്ക്‌, 3 ന്‌ ആലംകോട്‌, 4 ന്‌ കണിയാപുരം, 5 ന്‌ ബീമാപള്ളി, 6 ന്‌ വിഴിഞ്ഞത്ത്‌ പൊതു സമ്മേളനത്തോടെ സമാപിക്കും.

-റിയാസ് ടി. അലി