ഖാസി സി.എം. അബ്ദുല്ല മൌലവി ഉത്തര മലബാറിന്‍റെ നവോത്ഥാന നായകന്‍- പുസ്തക പ്രകാശനം ഇരുപത്തിനാലിന് കോഴിക്കോട്ട്

പ്രഗല്‍ഭ പണ്ഡിതനും ഗോളശാസ്ത്ര പ്രതിഭയും മംഗലാപുരം-ചെന്പിരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൌലവിയെക്കുറിച്ച് സമഗ്രമായ പുസ്കതം പുറത്തിറങ്ങുന്നു. ഇരുപത്തിമൂന്ന്-ഇരുപത്തിയഞ്ച് കൂടിയ ദിവസങ്ങളില്‍ കോഴിക്കോട് വെച്ചുനടക്കുന്ന എസ്.കെ.എസ്.എസ്.എഫിന്‍റെ ഇന്‍തിസാബ് സമ്മേളനത്തില്‍ പുസ്തകം പ്രകാശിതമാകും.

ഇരുന്നൂറിലേറെ പേജ് വരുന്ന പുസ്തകത്തില്‍ ഇരുപത്തിയഞ്ച് അദ്ധ്യായങ്ങളിലായി അബ്ദുല്ല മൌലവിയുടെ ജീവിതത്തിന്‍റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും സര്‍ഗ-രചനാ മേഖലകളുടെയും വിശദമായ വിവരണങ്ങള്‍ നല്‍കുന്നുണ്ട്. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് അദ്ധ്യക്ഷന്‍ പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്, വടക്കെ മലബാറിലെ പൊന്നാനി, ചെന്പിരിക്കപ്പെരുമ, വിഭവം തേടിയുള്ള യാത്രകള്‍, നവോത്ഥാന ചിന്തയുടെ ഉദയം, സൌഭാഗ്യം കൈവരുന്നു, സഅദിയ്യയുടെ ബാനീ മുകര്‍റം, നവോത്ഥാനത്തിന്‍റെ രണ്ടാമൂഴം, ഗോള ശാസ്ത്രത്തിന്‍റെ ആകാശങ്ങളില്‍, എഴുതിത്തീരാത്ത ചിന്തകള്‍..... തുടങ്ങിയ അദ്ധ്യായങ്ങളിലൂടെയെല്ലാം പുസ്തകം കടന്നുപോകുന്നു.

ഒരു പുരുഷായുസ് മുഴുക്കെ ഉത്തര മലബാറിന്‍റെ മത ഭൌതിക വിദ്യാഭ്യാസത്തിന്‍റെ പുരോഗതിക്കും ഒരു ദേശത്തിന്‍റെ ഇസ്ലാമിക നവ ജാഗരണത്തിനുമായി ഒഴിഞ്ഞുവെച്ച അബ്ദുല്ല മൌലവിയുടെ സംഭവ ബഹുലമായ ജീവിത യാത്രയുടെ പച്ചയായ അവതരണമാണ് പുസ്തകം. കോഴിക്കെട് ശിഫാ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മോയിന്‍ മലയമ്മ ഹുദവിയാണ് ഗ്രന്ഥകാരന്‍.