രഹസ്യതീവ്രവാദം തിരിച്ചറിയപ്പെടണം- എസ്.കെ.എസ്.എസ്.എഫ്.കോഴിക്കോട്: രാഷ്ട്രീയമുഖംമൂടിയണിഞ്ഞ് രഹസ്യമായി തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന ചിലര്‍ മതേതരസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ്. 'മജ്‌ലിസ് ഇന്‍ത്വിസാബ്' ദേശീയ പ്രതിനിധിസമ്മേളനം പ്രമേയത്തില്‍ കുറ്റപ്പെടുത്തി.ഇസ്‌ലാമികപ്രമാണങ്ങള്‍ക്ക് അന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്കിയ മൗദൂദിയുടെ ആശയമാണ് കേരളത്തില്‍ മുസ്‌ലിംപക്ഷ തീവ്രവാദത്തിന് അടിത്തറയിട്ടത്. ഇതിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതിരോധനിര ഉയര്‍ത്തുമ്പോള്‍ രാഷ്ട്രീയമുഖംമൂടി അണിഞ്ഞാണ് അവര്‍ നിലനില്പിന് പുതിയ വഴി തേടുന്നത്. ഇത്തരക്കാരെ ജനാധിപത്യകക്ഷികള്‍ തിരിച്ചറിയണം- പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മൂന്നുദിവസം നീണ്ട പരിപാടിയുടെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനത്തിന് ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം എസ്.വൈ.എസ്. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതം ഉദ്‌ബോധിപ്പിക്കുന്ന ധര്‍മബോധം നിലനിര്‍ത്തി രാഷ്ട്രനിര്‍മാണപ്രക്രിയയുടെ ഭാഗമാകാന്‍ യുവാക്കളെ നേരായ ദിശയിലേക്ക് നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്റ് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ മജ്‌ലിസ് സന്ദേശപ്രഖ്യാപനം നടത്തി. റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് പുരസ്‌കാരദാനം നിര്‍വഹിച്ചു.തീവ്രവാദരാഷ്ട്രീയത്തിന്റെ വക്താക്കള്‍ പാണക്കാട് തങ്ങള്‍ കുടുംബത്തെ കൈയേറാന്‍ ശ്രമിച്ചത് അപലപനീയമാണെന്ന് മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.കെ.ഐ.എം.വി.ബി. പ്രസിഡന്റ് ടി.കെ.എം. ബാവ മുസ്‌ല്യാര്‍, എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ല്യാര്‍, എസ്.കെ.ഐ.എം.വി.ബി. സെക്രട്ടറി ടി.എം. ബാപ്പു മുസ്‌ല്യാര്‍, എസ്.വൈ.എസ്. സെക്രട്ടറിമാരായ അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം, എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി, ജില്ലാ പ്രസിഡന്റ് കെ.എന്‍.എസ്. മൗലവി എന്നിവര്‍ സംസാരിച്ചു.രാവിലെ നടന്ന കാമ്പസ് സെഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജാര്‍ഖണ്ഡിലെ ജില്ലാ കളക്ടര്‍ അബൂബക്കര്‍ സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. ആഗോള സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.