
യതീംഖാനയില്‍ പഠിച്ച ശേഷം ഓര്‍ഫനേജിന്റെ മണാശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാനുള്ള അവസരവും ഫൈസലിന് ലഭിച്ചത് അതുകൊണ്ടാണ്. ജീവിക്കാന്‍ മാര്‍ഗം കണ്ടെത്തി കൊടുത്തതിലൂടെയും തീരുന്നില്ല ഓര്‍ഫനേജ് ഫൈസലിന് നല്‍കിയ സൗഭാഗ്യങ്ങള്‍.
1998ല്‍ വീടും 2003ല്‍ ജീവിത പങ്കാളിയെയും നല്‍കിയതിലൂടെ ഒരു മനുഷ്യായുസില്‍ വേണ്ടതെല്ലാം കരസ്ഥമാക്കാന്‍ അദ്ദേഹത്തിനായി. ഏതോ ദിശയിലേക്ക് പോകുമായിരുന്ന തന്റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ ആ മാതൃകാ സ്ഥാപനത്തെക്കുറിച്ച് കേള്‍ക്കുന്ന അപവാദ പ്രചരണങ്ങള്‍ ഫൈസലില്‍ ഞെട്ടലിനപ്പുറം അത്ഭുതമാണ് ജനിപ്പിക്കുന്നത്. ഒരാശ്രയവുമില്ലാത്ത അനേകം കുട്ടികള്‍ക്ക് അത്താണിയായി വര്‍ത്തിക്കുന്ന മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ യതീംഖാനയൊന്ന് സന്ദര്‍ശിക്കണമെന്ന് ഫൈസല്‍ പറയുന്നു.
അനേകം യതീം കുട്ടികളെ വിദ്യാസമ്പന്നരാക്കി അവര്‍ക്ക് ജീവിതം നേടിക്കൊടുത്ത മുക്കം യതീംഖാനയെ തകര്‍ക്കാനുള്ള നിഗൂഢനീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിര്‍ധനരും നിരാലംബരുമായ കുട്ടികളെ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന യതീംഖാനകളെ തകര്‍ക്കാനുള്ള ശ്രമത്തിന് ആരും കൂട്ടുനില്‍ക്കരുതെന്നും സ്വന്തം ജീവിതത്തെ സാക്ഷിയാക്കി ഫൈസല്‍ പറയുന്നു. നാസദയാണ് ഫൈസലിന്റെ ഭാര്യ. മുഹമ്മദ് ഇര്‍ഫാന്‍ (10), ആയിശ മഹ്‌സ (7), ഹിന മെഹ്‌റിന്‍ (രണ്ടര) എന്നിവര്‍ മക്കളാണ്.