1960ല്‍ ആണ് കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് നിലവില്‍ വന്നത്. രാഷ്ട്രീയ നേതാവും പിന്നീട് മന്ത്രിയുമായ പി.കെ. കുഞ്ഞ് ആയിരുന്നു കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ആദ്യത്തെ ചെയര്‍മാന്‍. എറണാകുളം ബ്രോഡ്‌വേയിലുള്ള കുടുസ്സായ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയ വഖഫ് ബോര്‍ഡ് ഇന്ന് ഒരുപാട് വികസിച്ചിരിക്കുന്നു.
വഖഫ് ബോര്‍ഡിന്റെ ആസ്ഥാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കലൂരിലുള്ള വിശാലവും സുന്ദരവുമായ അഞ്ച് നില കെട്ടിടത്തിലാണ്. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും വഖഫ് ബോര്‍ഡിന് ഡിവിഷണല്‍ ഓഫീസുകളുണ്ട്. മഞ്ചേരിയില്‍ ഔപചാരികമായ ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും ഡിവിഷണല്‍ ഓഫീസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 14ന് വിഷു ദിനത്തില്‍, കോഴിക്കോട് നഗരത്തിന്റെ പ്രധാനഭാഗത്ത് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം വ്യവസായ-വഖഫ് മന്ത്രി നിര്‍വ്വഹിക്കുകയാണ്. തദ്ദേശ-സ്വയംഭരണ മന്ത്രി എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും.
ഇസ്‌ലാമിക നീതിശാസ്ത്രത്തിന്റെ വളരെ പ്രധാനമായ ഒരു ഭാഗമാണ് വഖഫ്. പൊതുനന്മക്കായി സ്ഥാപിക്കപ്പെടുന്ന ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും ഒക്കെ ആദിരൂപം അന്വേഷിച്ചു പോകുന്ന ഒരു ഗവേഷണ വിദ്യാര്‍ത്ഥി സ്വാഭാവികമായും ചെന്നെത്തുക ഇസ്‌ലാമിന്റെ സംഭാവനയായ വഖഫ് എന്ന ആശയത്തിലായിരിക്കും. ഖൈബറിലെ സമ്മാല്‍ എന്ന ഒരു വസ്തു ദൈവത്തിന്റെ മാര്‍ഗത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഖലീഫ ഉമര്‍ (റ.അ) പ്രവാചകനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു. 'ആ വസ്തു ദൈവവുമായി ബന്ധിപ്പിക്കുക. അതിലെ വരുമാനം മനുഷ്യനന്മക്കായി ഉപയോഗിക്കുക. ആ വസ്തു കൈമാറ്റം ചെയ്യുവാനോ ദാനം കൊടുക്കുവാനോ പിന്തുടര്‍ച്ചാവകാശത്തിന് അര്‍ഹമാക്കുകയോ ചെയ്യരുത്. അതിന്റെ അനുഭവം കുട്ടികളും ബന്ധുക്കളും പാവപ്പെട്ടവരും ദൈവത്തിന്റെ വഴിയില്‍ ഉപയോഗിക്കട്ടെ.'
ഈ മറുപടിയില്‍ നിന്നു വിശുദ്ധ ഖുര്‍ ആനിലെ ഏതാനും സൂക്തങ്ങളുടെ ശരിയായ വായനയില്‍ നിന്നും ഉടലെടുത്തതാണ് വഖഫ് എന്ന മഹത്തായ ആശയം. ഈ ആശയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിയാണ് പിന്നീട് പാശ്ചാത്യലോകമടക്കം ട്രസ്റ്റുകള്‍, എന്‍ഡോവ്‌മെന്റുകള്‍, ഫൗണ്ടേഷനുകള്‍ എന്നിങ്ങനെയുള്ള പുതിയ സംവിധാനങ്ങളില്‍ എത്തിച്ചേരുന്നത്. എന്നാല്‍ പാശ്ചാത്യരുടെ സൃഷ്ടികളായ മേല്‍ പറഞ്ഞ സംവിധാനങ്ങളില്‍ ഒന്നും തന്നെ പൊതുനന്മക്കായി ഉപയോഗിക്കപ്പെടുന്ന വസ്തു വഹകളുടെ ഉടമസ്ഥാവകാശം ദൈവത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല. മനുഷ്യനന്മക്കായി നീക്കിവെയ്ക്കപ്പെടുന്ന വസ്തുവഹകളുടെ ഉടമസ്ഥാവകാശം ദൈവത്തില്‍ അര്‍പ്പിക്കുക എന്ന മഹത്തായ ആശയം ഇന്നും ഇസ്‌ലാമിക ലോകത്തിനുമാത്രം ബോധ്യമായ ഒരാശയമാണ്. ഇസ്‌ലാം മതവിശ്വാസിയായ ഒരാള്‍ ഇളകുന്നതോ ഇളകാത്തതോ ആയ ഏതെങ്കിലും വസ്തു വഹകള്‍ മുസ്‌ലിം നിയമം അംഗീകരിക്കുന്ന മതപരമോ വിശ്വാസപരമോ ജീവകാരുണ്യപരമോ ആയ കാര്യങ്ങള്‍ക്കുവേണ്ടി സ്ഥിരമായി ദൈവത്തില്‍ അര്‍പ്പിക്കുന്ന പ്രക്രിയയാണ് വഖഫ് എന്ന് വഖഫ് ആക്ടിലെ നിര്‍വ്വചനപ്രകാരം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു വസ്തു വഖഫ് ചെയ്യുന്നതോടെ അതിന്റെ ഉടമസ്ഥന് അതിന്മേലുള്ള എല്ലാ ഉടമസ്ഥാവകാശവും നഷ്ടപ്പെടുന്നു. വഖഫ് ചെയ്ത നിമിഷം മുതല്‍ ആ വസ്തു ദൈവത്തിന്റെ വസ്തുവായി മാറുന്നു. പിന്നീട് അതിന്റെ ആദായം ചെലവഴിക്കപ്പെടേണ്ടത് തികച്ചും ധാര്‍മ്മികവും ഇസ്‌ലാം അംഗീകരിക്കുന്നതുമായ കാര്യങ്ങള്‍ക്കു മാത്രമാണ്. അങ്ങനെതന്നെ അത് ചെലവഴിക്കേണ്ടത് വഖഫ് കൈകാര്യം ചെയ്യുന്ന കൈകാര്യകര്‍ത്താവിന്റെ (മുതവല്ലിയുടെ) ചുമതലയാകുന്നു. മുതവല്ലി അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും വീഴ്ചകള്‍ വന്നാല്‍ അതിനുള്ള പരിഹാര നടപടികള്‍ നടത്തുകയും ചെയ്യുകയാണ് ചുരുക്കിപ്പറഞ്ഞാല്‍ വഖഫ് ബോര്‍ഡിന്റെ ചുമതല.
ബ്രീട്ടീഷുകാരുടെ ഭരണകാലത്തുതന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കപ്പെട്ട സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഗഹനമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകളുടെ ഫലമായാണ് 1863ലെ റിലീജിയസ് എന്‍ഡോവ്‌മെന്റ് ആക്ട്, 1913ലെ വഖഫ് വാലിഡേറ്റിംഗ് ആക്ട്, 1920ലെ ചാരിറ്റബിള്‍ ആന്റ് റിലീജിയസ് ട്രസ്റ്റ് ആക്ട് എന്നീ നിയമങ്ങള്‍ ഉണ്ടായത്. വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും നടത്തിപ്പും കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ 1923ല്‍ മുസല്‍മാന്‍ വഖഫ് ആക്ട് കൊണ്ടുവന്നത്.
1947ല്‍ സ്വതന്ത്രമായപ്പോള്‍ തന്നെ ഇന്ത്യയുടെ വിഭജനവും നടന്നു. ഈ വിഭജനം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. വടക്കേ ഇന്ത്യയിലെ പല ധനികരും ജന്മികളും അവരുടെ കണക്കറ്റ സ്വത്തുക്കള്‍ ഇന്ത്യയില്‍ വിട്ടേച്ച് പാക്കിസ്താനിലേക്ക് കുടിയേറി. ഈ വസ്തുക്കള്‍ സ്വാഭാവികമായും ഭാരത സര്‍ക്കാറിന്റെ കൈയില്‍ വന്നുചേര്‍ന്നു. ഈ സ്വത്തുക്കള്‍ മുസ്‌ലിം സമുദായത്തിനുതന്നെ ഗുണകരമായി വിനിയോഗിക്കപ്പെടണമെന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മൗലാന അബുല്‍ കലാം ആസാദിന്റെയും സമാനമനസ്‌ക്കരുടെയും അഭിപ്രായത്തിന് മുന്‍തൂക്കം കിട്ടുകയും ഈ വസ്തു വഹകള്‍ അതാത് സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയുമായിരുന്നു. ഈ പശ്ചാതലങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് 1954ലെ വഖഫ് ആക്ട് കൊണ്ടുവന്നത്. ആക്ടില്‍ ഒരുപാട് ന്യൂനതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 1984ല്‍ വളരെ വലിയ ഭേദഗതികള്‍ കൊണ്ടുവരികയുണ്ടായി. ഈ ഭേദഗതികള്‍ക്കുശേഷവും ഒരുപാട് ന്യൂനതകള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു എന്ന ബോധ്യത്തിന്റെ വെളിച്ചത്തിലാണ് 1995ല്‍, ഇപ്പോള്‍ നിലവിലുള്ള വഖഫ് ആക്ട് കൊണ്ടുവന്നത്.
നിയമനിര്‍മ്മാണവും ഭേദഗതികളും ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ സാമൂഹികമാറ്റങ്ങളുടെ പശ്ചാതലത്തില്‍ ഒഴിച്ചു കൂടാന്‍പറ്റാത്ത പ്രക്രിയയാണ്. 1995ലെ വഖഫ് നിയമത്തിനും ഒരുപാട് ഭേദഗതികള്‍ വളരെയടുത്തുതന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം ഏതുനിമിഷവും ഉണ്ടാകാം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
1995ലെ വഖഫ് ആക്ട് പഴയ വഖഫ് നിയമത്തില്‍ നിന്ന് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട്. ആ മാറ്റങ്ങളെക്കുറിച്ച് ഒരു വിശദമായ ചര്‍ച്ച ഉദ്ദേശിക്കുന്നില്ല. എന്നാല്‍ രണ്ട് കാര്യങ്ങള്‍ പരാമര്‍ശിക്കാതെ വയ്യ. 1995ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ബോര്‍ഡിലെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും പ്രത്യേക ഇലക്ട്രല്‍ കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് വരുന്നവരാകണം എന്ന് നിര്‍ബന്ധമാണ്. 1954ലെ വഖഫ് ആക്ട് പ്രകാരം എല്ലാ വഖഫ് ബോര്‍ഡ് അംഗങ്ങളേയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു പതിവ്. ഈ മാറ്റം കാരണം വഖഫ് ബോര്‍ഡുകള്‍ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും ഒരളവോളം സര്‍ക്കാറിന്റെ അനിയന്ത്രിതമായ കൈകടത്തലുകളില്‍ നിന്ന് സ്വതന്ത്രമാവുകയും ചെയ്തു.
വഖഫ് തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍വേണ്ടി വഖഫ് ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചതാണ് 1995ലെ വഖഫ് നിയമത്തിലെ മറ്റൊരു പ്രധാന സംഭാവന. അതുവരേയും സിവില്‍ കോടതികളാണ് വഖഫ് കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്. പുതിയ മാറ്റം മൂലം കേസുകള്‍ തീര്‍പ്പാകുന്നതിന്റെ വേഗത കൂടിയെന്നുപറയാം. എന്നാല്‍ വഖഫുകളെ സംബന്ധിച്ച തര്‍ക്കങ്ങളില്‍ വഖഫ് ബോര്‍ഡ് ആണോ വഖഫ് ട്രൈബ്യൂണലാണോ പ്രാഥമികമായി തീര്‍പ്പ് കല്‍പിക്കേണ്ടതെന്ന സംശയം ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. ഇപ്പോള്‍ പലതര്‍ക്കങ്ങളും വഖഫ് ബോര്‍ഡ് മുമ്പാകെയും അതേ സ്വഭാവമുള്ള പലതര്‍ക്കങ്ങളും വഖഫ് ട്രൈബ്യൂണലുകളിലും തീര്‍പ്പിനായി കിടക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഒരേതരത്തിലുള്ളതും ഒരേവഖഫ് ഉള്‍പ്പെട്ടതുമായ തര്‍ക്കങ്ങള്‍ ബോര്‍ഡിലും ട്രൈബ്യൂണലിലും നിലവിലുള്ള അവസ്ഥയും ഉണ്ട്. വരാന്‍ പോകുന്ന ഭേദഗതികള്‍ ഈ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് ആശിക്കാം.-- അഡ്വ. ടി.കെ. സൈതാലിക്കുട്ടി