ഹജ്ജ്: പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ചും ഓണ്‍ലൈന്‍ മുഖേനയും പണമടയ്ക്കാം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ക്ക് ബാങ്കില്‍ ആദ്യഗഡു പണമടയ്ക്കുന്നതിനുള്ള പേ-ഇന്‍ സ്ലിപ്പ് ഓണ്‍ലൈന്‍ മുഖേന ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നായിരിക്കും സ്ലിപ്പ് ലഭിക്കുക.
നിലവില്‍ അപേക്ഷകര്‍ക്ക് വിതരണംചെയ്യുന്ന ഹജ്ജ് ഗൈഡില്‍ നിന്നാണ് സ്ലിപ്പ് ലഭിക്കുന്നത്. സ്ലിപ്പില്‍ കവര്‍ നമ്പറടക്കമുള്ള വിശദാംശങ്ങള്‍ പൂരിപ്പിച്ച് ബാങ്കില്‍ പണമടയ്ക്കുകയാണ് പതിവ്. ഇന്റര്‍നെറ്റ് മുഖേന രസീതി ലഭിക്കാന്‍ അപേക്ഷകന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം കവര്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ മതി. അപേക്ഷകന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ രസീതിയായിരിക്കും ലഭിക്കുക. രസീതി പ്രിന്റെടുത്ത് ബാങ്കില്‍ നല്‍കാം. ഇതുവഴി അപേക്ഷ പൂരിപ്പിക്കുന്നതിലെ സംശയങ്ങളും തെറ്റുകളും ഒഴിവാക്കാനാകും. 
ഹജ്ജ് ഗൈഡിലുള്ള പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ചും പണമടയ്ക്കാം. തീര്‍ഥാടകരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് മുഖേന അപേക്ഷാ വിശദാംശങ്ങളോടുകൂടിയ പേ-ഇന്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതെന്ന് ഹജ്ജ് അധികൃതര്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഇത്തവണ 76,000 രൂപ ഒന്നാം ഗഡുവായി നല്‍കേണ്ടിവരും.