ഒരു മഴക്കാലാരംഭത്തില്‍ കുറച്ചാളുകളുമായി കല്‍ക്കട്ടയിലൊരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. കൂട്ടത്തിലൊരു ജനറല്‍ മെഡിസിന്‍ ഡോക്ടറും ഒരു ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റുമുണ്ടായിരുന്നു. ട്രെയിന്‍ യാത്രയിലെ സംഭാഷണങ്ങള്‍ക്കിടെ അന്നത്തെ സാഹചര്യത്തില്‍ ഒരാഴ്ചത്തെ ലീവ് എടുക്കാനുണ്ടായ ബുദ്ധിമുട്ടുകള്‍ ജനറല്‍ മെഡിസിന്‍കാരന്‍ വിശദീകരിച്ചപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. 'മഴ തുടങ്ങി. ഡോക്ടര്‍മാര്‍ക്ക് ഇനി കൊയ്ത്തുകാലമാണല്ലോ' എന്ന്. 'ഞങ്ങള്‍ക്ക് കൊയ്ത്ത് ഇപ്പോഴല്ല, അതിന് അവധിക്കാലം വരണം'. പെട്ടെന്നായിരുന്നു ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റിന്റെ പ്രതികരണം. അതെന്താ അങ്ങനെയെന്നായി ആദ്യത്തെ ആളിന്റെ ചോദ്യം. കുട്ടികള്‍ കളിക്കാന്‍ ഇറങ്ങുമ്പോഴാണല്ലോ കൈ ഒടിഞ്ഞും കാല്‍ ഒടിഞ്ഞും നോക്കിത്തീര്‍ക്കാന്‍ പറ്റാത്തത്ര കേസ്സുകള്‍ വരുന്നത്. ഓരോരുത്തര്‍ക്കും ഭക്ഷണം ഉണ്ടാക്കുന്ന പടച്ചവന്റെ പണിയെത്ര അപാരം എന്നായിരുന്നു..കേട്ടിരുന്ന മറ്റൊരാളിന്റെ പ്രതികരണം.
അവധിക്കാലം കുട്ടികള്‍ക്ക് ആനന്ദത്തിന്റെ കാലമാണ്. ലക്കും ലഗാനുമില്ലാതെ ഓടിക്കളിച്ച് ഓരോന്ന് വരുത്തിവെക്കും. അവധിയാവാന്‍ ഓരോ കുട്ടിയും കാത്തിരിക്കുകയാണ്. പ്രത്യേകിച്ചും സ്‌കൂള്‍ കുട്ടികള്‍. കടുത്ത സിലബസ്സും കനത്ത പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും സ്‌കൂള്‍ പഠനസമയം കഴിഞ്ഞുള്ള ട്യൂഷനും ഒക്കെയായി വിദ്യാഭ്യാസം ഇന്ന് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അതീവ സമ്മര്‍ദ്ദം നല്‍കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. പക്ഷേ സമകാലിക പൊതു വിദ്യാഭ്യാസംകൊണ്ട് സാംസ്‌കാരിക സമ്പന്നതയോ ധാര്‍മ്മിക നിലവാരമോ ഉയരുന്നില്ലെന്ന് മാത്രമല്ല സ്‌കൂളുകളിലും കലാലയങ്ങളിലും മൂല്യത്തകര്‍ച്ച ഏറെ പ്രകടമാവുകയും ചെയ്യുന്നുമുണ്ട്. തൊഴില്‍ മാത്രം ലക്ഷ്യംവെച്ച് സര്‍ട്ടിഫിക്കറ്റുകളും ഡിഗ്രികളും നേടുന്നതിനായി തട്ടിക്കൂട്ടിയ പാഠ്യപദ്ധതികളില്‍ മനുഷ്യനെ മനുഷ്യനായി വളര്‍ത്തിയെടുക്കാന്‍ പറ്റിയ തരത്തില്‍ അകക്കാമ്പുള്ളതൊന്നും ഉള്‍പ്പെടുന്നില്ലെന്നതാണ് അതിന് കാരണം. പരിഹാരമായി മത ധാര്‍മ്മിക ബോധം വളര്‍ത്തുന്ന മദ്രസാ വിദ്യാഭ്യാസം മതിയായ അളവില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സ്‌കൂള്‍ പഠനകാലത്ത് അവസരം ലഭിക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്. ഗ്രാമത്തിലെ കുട്ടികള്‍ക്ക് കുറെയൊക്കെ അവസരം ലഭിക്കുന്നു എന്നകാര്യം മറക്കുന്നില്ല. പട്ടണത്തിലെ കുട്ടികള്‍ക്കുള്ള അവസരം തുലോം കുറവാണ്. ഉള്ള അവസരങ്ങള്‍പോലും പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ അധിക കുട്ടികളും രക്ഷിതാക്കളും വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല.
അവധിക്കാലം വെറുതേയിരുന്നോ വിരുന്നുപോയോ കളിച്ചോ തീര്‍ക്കാനുള്ളതല്ല. ടി.വിയും കമ്പ്യൂട്ടര്‍, മൊബൈല്‍ ഗൈമുകളും ഇന്റര്‍നെറ്റും ഇന്ന് വളരെയേറെ കുട്ടികളുടെ ധാരാളം സമയം അപഹരിക്കുന്നുണ്ട്. അതൊക്കെ അവരുടെ ജീവിത വീക്ഷണങ്ങളെയും ചിന്താഗതികളെയും പെരുമാറ്റത്തെയും സാരമായി ബാധിക്കുന്നുമുണ്ട്. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന പലവിധ അനുസരണക്കേടുകളും പ്രവൃത്തികളും അത്തരക്കാരില്‍നിന്നുണ്ടാവുന്നതായി ധാരാളം അനുഭവങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും. പല രക്ഷിതാക്കളും അത്തരം അനുഭവങ്ങള്‍കൊണ്ട് പൊറുതിമുട്ടി കുട്ടികളുമായി കൗണ്‍സിംലിംഗിന് വരാറുണ്ട്. നല്ലവണ്ണം ശ്രദ്ധിച്ചാല്‍ അവയില്‍ പലതും മാറ്റിയെടുക്കാവുന്നതേയുള്ളൂ.
അവധി എന്നാല്‍ ജോലി മാറ്റം എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഒരധ്വാനത്തില്‍നിന്ന് വിരമിച്ചാല്‍ നീ മറ്റൊരധ്വാനത്തില്‍ ഏര്‍പ്പെടുക. നിന്റെ രക്ഷിതാവില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക (94: 7, 8) എന്ന് അല്ലാഹു നിര്‍ദ്ദേശിക്കുന്നു. ഇന്നിന്ന വിഷയങ്ങളില്‍ അധ്വാനിക്കണം എന്ന് പ്രത്യേകം എടുത്തുപറയാതെ പൊതുവായുള്ള ഒരു നിര്‍ദ്ദേശമാണ് ഇവിടെ നല്‍കുന്നത്. ഐഹീക കാര്യങ്ങള്‍ക്കും പാരത്രിക ലോക ജീവിത വിജയത്തിനും മനുഷ്യന്‍ അധ്വാനിക്കേണ്ടതുണ്ട്. ഐഹിക നന്മ ഉദ്ദേശിക്കുന്ന എല്ലാ കാര്യത്തിലും പാരത്രിക വിജയംകൂടി ലക്ഷ്യംവെക്കണം എന്നതിനുള്ള സൂചനയാണ് നിന്റെ രക്ഷിതാവില്‍ പ്രതീക്ഷയര്‍പ്പിക്കുക എന്ന പരാമര്‍ശംകൊണ്ട് നല്‍കുന്നത്. ഏത് കാര്യവും നിര്‍വ്വഹിക്കാന്‍ അല്ലാഹുവിന്റെ സഹായം അനിവാര്യമാണ്. അതിന്റെ പര്യവസാനം നന്നായിത്തീരാനും അവന്റെ അനുഗ്രഹം വേണം. അതിന്റെ യഥാര്‍ത്ഥ പ്രതിഫലം ആത്യന്തികമായി അവനില്‍നിന്ന് മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ പ്രതീക്ഷയത്രയും അല്ലാഹുവില്‍ അര്‍പ്പിക്കാനാണ് അവന്‍ പഠിപ്പിക്കുന്നത്. ചെരുപ്പിന്റെ വള്ളി അറ്റുപോയാല്‍ അത് തുന്നിക്കെട്ടല്‍ മനുഷ്യന് എളുപ്പമുള്ള കാര്യമാണ്. പക്ഷേ അത് ചെയ്യുന്നതിന് മുമ്പ് അതിനുള്ള ശക്തിയും സൗകര്യവും നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം എന്നാണ് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നത്. ഇത്ര നിസ്സാരമായ കാര്യത്തിനുപോലും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം എന്ന് പറയുമ്പോള്‍ വലിയ സംഗതികളുടെ കാര്യം പ്രത്യേകം പറയാനില്ലല്ലോ. പ്രാര്‍ത്ഥനയും കഴിവിന്‍പടിയുള്ള അധ്വാനവും. അതാണ് മനുഷ്യനോട് അല്ലാഹു കല്‍പിക്കുന്നത്. ഫലവും പ്രതിഫലവും അല്ലാഹു നിശ്ചയിക്കും.
പകല്‍ അധ്വാനത്തിനും രാത്രി വിശ്രമത്തിനുമായി നിശ്ചയിച്ച അല്ലാഹു (78: 10,11) രാത്രിയില്‍ ഉള്‍പ്പെടെ ഉണര്‍ന്നിരിക്കുന്ന എല്ലാ സമയവും പരിശ്രമം ചെയ്യാന്‍ ഉണര്‍ത്തുന്നു. ഒരിക്കല്‍ പ്രവാചകന്‍ (സ) പറയുകയുണ്ടായി. 'രണ്ടനുഗ്രഹങ്ങളുണ്ട്; അവയില്‍ അധിക മനുഷ്യരും നഷ്ടം ബാധിക്കുന്നവരാണ്. ആരോഗ്യവും ഒഴിവു സമയവുമാണവ' (ബുഖാരി). സമയം പിന്നൊരിക്കലും തിരിച്ചുവരാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നഷ്ടംവരാതെ അത് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ തീരാനഷ്ടമായിരിക്കും ഭവിക്കുക. ഒരു മധ്യവേനലവധിയുടെ ദിനങ്ങള്‍കൂടി നമ്മുടെ മുന്നില്‍ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്ക് മത ധാര്‍മ്മിക വിദ്യാഭ്യാസം നല്‍കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ശ്രമിക്കേണ്ടതുണ്ട്. പല സംഘടനകളും കമ്മിറ്റികളും അവധിക്കാല പഠന ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യക്തികളോ സംഘടനകളോ മഹല്ലുകളോ മുന്‍കൈ എടുത്ത് അത്തരം പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കണം. അഞ്ചോ ഏഴോ പത്തോ പതിനഞ്ചോ ദിനങ്ങള്‍, അതാത് പ്രദേശത്തിന്റെ ആവശ്യവും സൗകര്യവും പരിഗണിച്ച് കൂട്ടുകയോ കുറക്കുകയോ ആവാം. സമുദായത്തിന്റെ ഉള്ളിലുളള വിഭാഗീയതകള്‍ ഒഴിവാക്കി ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളും കര്‍മങ്ങളും പ്രാര്‍ത്ഥനകളും ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ ഹദീസ് ഭാഗങ്ങള്‍ തെരഞ്ഞെടുത്ത സിലബസ് അതിനായി തയാറാക്കണം. പ്രഗത്ഭരായ അധ്യാപകരെക്കൊണ്ട് ക്ലാസുകള്‍ നിര്‍വഹിപ്പിക്കണം.
നടത്തിപ്പിനാവശ്യമായ മിതമായ ഫീസും ഈടാക്കാവുന്നതാണ്. ചരിത പാഠങ്ങളും അത്യാവശ്യം കര്‍മശാസ്ത്രവും സിലബസില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇഹലോകത്തും പരലോകത്തും ഏറെ പ്രയോജനപ്രദമായ ഇക്കാര്യം അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്ന പുണ്യകര്‍മമാണെന്ന കാര്യം മറക്കാതിരിക്കുക. ഹ്രസ്വമെങ്കിലും അത്തരം പഠനക്യാമ്പുകളില്‍നിന്ന് ലഭിക്കുന്ന പ്രചോദനം താല്‍പര്യമുള്ളവരില്‍ കൂടുതല്‍ പഠനത്തിനും ധാര്‍മ്മിക വളര്‍ച്ച ഉണ്ടാക്കുന്നതിനും ഉപകരിക്കും. ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ഇത്തരം പഠനക്യാമ്പുകള്‍ ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികള്‍ക്കും ഒരു അനിവാര്യതയാണെന്ന് വേണ്ടപ്പെട്ടവരെല്ലാം മനസ്സിലാക്കണം. ഇത്തരം പഠനക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പണ്ഡിതരും നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും പള്ളി ഇമാമുമാരും പൊതുജനങ്ങള്‍ക്ക് ശക്തമായ പ്രേരണ നല്‍കുന്നതുപോലും അല്ലാഹുവില്‍ പ്രതിഫലാര്‍ഹമായ സല്‍കര്‍മ്മമാണ്.- എ.എ. വഹാബ്