ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നതായി ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. മസ്ജിദ് തകര്‍ത്തതില്‍ പാര്‍ട്ടിക്കുള്ള പങ്കില്‍ ദുഃഖമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതീയ ജനതാ പാര്‍ട്ടി(ബി.ജെ.പി)യുടെ 33-ാം സ്ഥാപക ദിനത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലായിരുന്നു തീവ്ര വര്‍ഗീയ ചുവയുള്ള അദ്വാനിയുടെ പ്രസംഗം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ കാര്‍ഡിറക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമാണ് അദ്വാനിയുടെ പ്രസംഗമെന്ന് വിലയിരുത്തപ്പെടുന്നു.
'നിങ്ങള്‍ അയോധ്യയില്‍ വിശ്വസിക്കുന്നുവെങ്കില്‍, അതിനു വേണ്ടി ആന്ദോളന്‍ (സമരം) സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍, അതേ കുറിച്ച് ക്ഷമ ചോദിക്കേണ്ടതില്ല. ഒരിക്കലും വേണ്ട. നമ്മള്‍ അതില്‍ അഭിമാനിക്കുന്നു' - കഴിഞ്ഞയാഴ്ച അദ്വാനിയെ പ്രശംസിച്ചു സംസാരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നു ബാബരി ധ്വംസനത്തില്‍ ഇപ്പോഴും തനിക്ക് കുറ്റബോധമില്ലെന്ന് അദ്വാനി വ്യക്തമാക്കിയത്. ബാബരി മജ്‌സിദ് തകര്‍ക്കുന്നതിനായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ രാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ രഥയാത്രക്ക് നേതൃത്വം നല്‍കിയത് അദ്വാനിയായിരുന്നു. 1990 സെപ്തംബര്‍ 25 ന് ഗുജറാത്തിലെ സോമനാഥില്‍ നിന്ന് ആരംഭിച്ച രഥയാത്രയുടെ അവസാനം 1992 ഡിസംബര്‍ ആറിനു നടന്ന ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലായിരുന്നു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന കര്‍സേവകര്‍ ആഘോഷമായാണ് പള്ളി പൊളിച്ചത്. കര്‍സേവകര്‍ക്ക് ആവേശം പകരാനായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍. കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് എന്നിവര്‍ അയോധ്യയില്‍ പള്ളിക്കടുത്തെത്തിയിരുന്നു. ബി.ജെ.പിയെ കുറിച്ചുള്ള തന്റെ ആശയങ്ങളില്‍ നിന്ന് പാര്‍ട്ടി ഇപ്പോള്‍ ഏറെ അകലെയാണെന്നും അദ്വാനി പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കണം. അച്ചടക്കത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചയും അരുതെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.പാക്കിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലെത്തിയാല്‍ വിസ നല്‍കുന്ന സമ്പ്രദായം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ സംസാരിക്കവെ ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.- Web Desk