സമസ്‌തയുടെ പാതയില്‍ അണിനിരക്കുക: ഹാഫിസ്‌ അഹ്‌ മദ്‌ കബീര്‍ ബാഖവി കാഞ്ഞാർ

ഹാഫിസ്‌ അഹ്‌ മദ്‌ കബീര്‍ ബാഖവി കാഞ്ഞാർ
മനാമ: ഒരു വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം പരലോക മോക്ഷമാണെന്നും അതു നേടിയെടുക്കാന്‍ മഹാന്മാരും സൂക്ഷമജ്ഞാനികളും നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട സമസ്‌തയുടെ പാതയില്‍ അണിനിരക്കണമെന്നും പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഹാഫിസ്‌ അഹ്‌ മദ്‌ കബീര്‍ ബാഖവി വിശ്വാസികളോടാഹ്വാനം ചെയ്‌തു.
മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടന്ന ത്രിദിന മത പ്രഭാഷണ പരമ്പരയുടെ സമാപനദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നുവദ്ധേഹം.
വിശ്വാസികള്‍ക്ക്‌ വരദാനമായി ലഭിച്ചതാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും പാണക്കാട്‌ തങ്ങള്‍ കുടുംബവും. പ്രതിസന്ധിഘട്ടങ്ങളില്‍ തനിക്ക്‌ പോലും അവര്‍ തുണയായിട്ടുണ്ട്‌. ഒരു വിശ്വാസിക്ക്‌ അവന്റെ മരണവും അനന്തര ജീവിതത്തിലെ മോക്ഷവുമാണ്‌ പ്രദാനം. എങ്ങിനെയെങ്കിലും ജീവിച്ച്‌ നന്നായി മരിക്കാന്‍ സാധ്യമല്ല, നന്നായി മരിക്കണമെങ്കില്‍ എപ്രകാരം ജീവിക്കണമെന്ന്‌ കാണിച്ചു തന്നവരാണ്‌ സമസ്‌ത നേതാക്കള്‍. തിരുവചനങ്ങളിലൂടെ നാം മനസ്സിലാക്കിയ മരണ സമയത്തെ ശുഭ സൂചകങ്ങള്‍ മാത്രമല്ല, മരണാനന്തരം അവരുടെ മോക്ഷത്തിനു വേണ്ടി തടിച്ചു കൂടിയവരും ഘട്ടം ഘട്ടമായി നിരവധി തവണയായി നടന്ന മയ്യിത്ത്‌ നമസ്‌കാരങ്ങളും അതിന്‌ സാക്ഷിയാണ്‌. മഹാ•ാരായ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്ല്യാര്‍, മാനു മുസ്ലിയാര്‍, കാളമ്പാടി ഉസ്‌താദ്‌ എന്നിവരുടെ മരണ സന്ദര്‍ഭങ്ങള്‍ എടുത്തുദ്ധരിച്ചു കൊണ്ടദ്ധേഹം ഓര്‍മപ്പെടുത്തി.
ബഹ്‌റൈനിനെ സംബന്ധിച്ചിടത്തോളം ബഹ്‌റൈന്‍ സമസ്‌തയും കെ.എം.സി.സിയും വിശ്വാസികള്‍ക്ക്‌ അത്താണിയാണെന്നും പരസ്‌പര പൂരകങ്ങളായ അവക്ക്‌ രണ്ടിനും ശക്തിപകര്‍ന്ന്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മുഴുവന്‍ വിശ്വാസികളും തയ്യാറാവണമെന്ന്‌ പ്രത്യേകം ഉപദേശിച്ചു കൊണ്ടാണ്‌ ത്രിദിന പ്രഭാഷണ പരമ്പരക്കദ്ധേഹം സമാപനം കുറിച്ചത്‌.
ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ സയ്യിദ്‌ ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. ഗുദൈബിയ ഏരിയയിലെ സമസ്‌ത മദ്‌റസാ വിപുലീകരണ ഫണ്ട്‌ ഹാശിം വില്ല്യാപ്പള്ളിയില്‍ നിന്ന്‌ ആദ്യ ഗഡു സ്വീകരിച്ച്‌ ബാഖവി നിര്‍വഹിച്ചു. തൊട്ടു മുന്‍ ദിവസങ്ങളിലെ പ്രഭാഷണ സിഡികള്‍ യഥാക്രമം ശിഫ ജസീറ ഡയരക്‌ടര്‍ ഹബീബ്‌ വേങ്ങൂര്‍, അറേബ്യന്‍ ഹോം ഡയരക്‌ടര്‍, അബൂബക്കര്‍ എന്നിവര്‍ക്ക്‌ കൈമാറി അശ്‌റഫ്‌ കാട്ടില്‍ പീടികയും വി.കെ.കുഞ്ഞഹമ്മദ്‌ ഹാജിയും നിര്‍വ്വഹിച്ചു.
അഹ്‌മദ്‌ കബീര്‍ ബാഖവിക്കുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ഉപഹാരം സമസ്‌ത അഡ്വൈസറിബോര്‍ഡംഗം എടവണ്ണപ്പാറ മുഹമ്മദ്‌ മുസ്ല്യാര്‍ അദ്ദേഹത്തിന്‌ സമര്‍പ്പിച്ചു. ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസി മുഹമ്മദലി ഫൈസി സ്വാഗതവും ഏരിയ സെക്രട്ടറി നൂറുദ്ധീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു.