പാക്കിസ്‌താന്‍ ക്ലബ്ബ് നിറഞ്ഞു കവിഞ്ഞ സദസ്സ് |
മനാമ: ബഹ്‌റൈനിലെ പ്രത്യേക സാഹചര്യത്തിലും പ്രതിബന്ധങ്ങള്‍ മറികടന്ന് വിവിധ ഏരിയകളില്‍ നിന്നായി സ്‌ത്രീ പുരുഷ ഭേദമന്യെ ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ മനാമ പാക്കിസ്‌താന്‍ ക്ലബ്ബ് അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പു മുട്ടി.
കഴിഞ്ഞ ആറു പതിറ്റാണ്ടിലാദ്യമായാണ് പ്രവര്‍ത്തി ദിനമായിട്ടും ഒരു ആത്മീയ സദസ്സിന് ഇത്രമാത്രം വിശ്വാസികള്‍ തിങ്ങി നിറഞ്ഞൊഴുകിയ ഒരു സദസ്സ് താന്‍ കാണുന്നതെന്ന് പാക്കിസ്‌താന്‍ ക്ലബ്ബ് ചെയര്‍മാന്‍ ഇഫ്‌തിഖാര്‍ അഹമ്മദ് ലോണിന്റെ സാക്ഷ്യപ്പെടുത്തല്‍. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചെത്തിയ വിശ്വാസികളുടെ കുത്തൊഴുക്കിനു മുമ്പില്‍ അവശ്യമായ സൌകര്യങ്ങളൊരുക്കാന്‍ കഴിയാതെ സംഘാടകരും കുഴങ്ങി.
കഴിഞ്ഞ ദിവസം മനാമയിലെ പാക്കിസ്‌താന്‍ ക്ലബ്ബാണ് ഈ ചരിത്ര നിമിഷത്തിന് വേദിയായത്. സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ ഗുദൈബിയ ഘടകം സംഘടിപ്പിച്ച പ്രമുഖ വാഗ്മി ഹാഫിസ് അഹ് മദ് കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയുടെ സമാപന ചടങ്ങിലാണ് നിയന്തണാതീതമായി ഒഴുകിയെത്തിയ ആത്മീയ ദാഹികളായ ആയിരക്കണക്കിന് വിശ്വാസി സമൂഹം ചരിത്രം സൃഷ്‌ടിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അസാമാന്യമായ തിരക്കനുഭവപ്പെട്ടിരുന്നതിനാല്‍ വിപുലമായ സൌകര്യവും ലൈറ്റ് സൌണ്ട് സംവിധാനങ്ങളുമാണ് സമസ്‌ത ഒരുക്കിയിരുന്നതെങ്കിലും അവയെല്ലാം നിഷ്‌പ്രഭമാക്കിയ കുത്തൊഴുക്കാണ് സമാപന ദിവസം അനുഭവപ്പെട്ടതെന്ന് സംഘാടകരും അറിയിച്ചു. ഏതായാലും ചരിത്രം കുറിച്ച ചടങ്ങ് സംഘടിപ്പിക്കാനായതില്‍ സന്തോഷമുണ്ടെങ്കിലും അനിയന്ത്രിതമായ തിരക്കില്‍ ആവശ്യമായ സൌകര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും പരിപാടി വിജയിപ്പിക്കാന്‍ പരിശ്രമിച്ച മുഴുവന്‍ സഹോദരീ സഹോദരങ്ങള്‍ക്കും മീഡിയകള്‍ക്കും ഏറെ നന്ദിയുണ്ടെന്നും സംഘാടക സമിതിക്കു വേണ്ടി കണ്‍വീനറും സമസ്‌ത സെക്രട്ടറിമാരിലൊരാളുമായ അശ്‌റഫ് കാട്ടില്‍പ്പീടിക അറിയിച്ചു.