നിതാഖാത്ത്; അറബ് പ്രതിസന്ധിയും തൊഴില്‍ നിയമങ്ങളും

രുഭൂമിയുടെ കൊടുംചൂടില്‍ ചോര നീരാക്കുമ്പോഴും ഗള്‍ഫുകാരന്‍ മനസില്‍ താലോലിക്കുന്ന വലിയ സ്വപ്‌നം നാട്ടിലേക്കുള്ള മടക്കയാത്രയാണ്. നാലു കാശുണ്ടാക്കണം, ജീവിതം കരകയറണം, കുടുംബത്തെ നല്ല നിലയിലെത്തിക്കണം തുടങ്ങി എണ്ണമറ്റ ആഗ്രഹങ്ങള്‍ക്കു നടുവില്‍ ആ വലിയ സ്വപ്‌നം തളച്ചിടപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. നാട്ടില്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയാനാണ് ശരാശരി ഗള്‍ഫുകാരെല്ലാം ആഗ്രഹിക്കുന്നത്. എന്നിട്ടും നിതാഖത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ മടക്കം പ്രവാസികളിലും അവരുടെ കുടുംബത്തിലും ഉള്‍ക്കിടിലമുണ്ടാക്കുന്നത് എന്തുകൊണ്ട്? 
ഉത്തരം ലളിതമാണ്. വെറും കൈയോടെയുള്ള പ്രവാസിയുടെ മടക്കം അവനും കുടുംബവും മാത്രമല്ല, മലയാളികളില്‍ ആരും ആഗ്രഹിക്കുന്നില്ല. കാരണം കേരളീയന്റെ പത്രാസുകള്‍ക്കെല്ലാം ഗള്‍ഫ് വിയര്‍പ്പിന്റെ രുചിയും മണവുമുണ്ടല്ലോ. 'കേരള മോഡല്‍' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന
അസാധാരണ സാമ്പത്തിക വളര്‍ച്ച വിദേശ പണത്തിന്റെ പിന്‍ബലത്തില്‍ തഴച്ചുണ്ടായതാണ്. ഗള്‍ഫുകാരെല്ലാം ഒരു സുപ്രഭാതത്തില്‍ നാട്ടിലേക്ക് കെട്ടുകെട്ടിയാല്‍ കേരളീയന്‍ മനസില്‍ സ്വകാര്യമാക്കിവെച്ചിരിക്കുന്ന വികസന അഹങ്കാരത്തിന് കോട്ടംതട്ടും. തൊഴിലില്ലായ്മക്കും തുടര്‍ന്നുണ്ടാകുന്ന സാമൂഹിക അന്ത:ഛിദ്രവും ഭയക്കുന്നവരാണ് നാമെല്ലാം.


ഇതിന് സമാനമായൊരു ഉള്‍ഭയം സഊദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെയും വേട്ടയാടുന്നുണ്ട്. നിതാഖാത്ത് പോലുള്ള തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അതാണ് കാരണം. ജോലിയില്ലാതെ തെക്കുവടക്ക് തെണ്ടുന്ന ചെറുപ്പക്കാരുടെ എണ്ണം അറേബ്യന്‍ നാടുകളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം യുവാക്കള്‍ വലിയൊരു ബാധ്യതയായിത്തുടങ്ങിയപ്പോഴാണ് സഊദിയും മറ്റും നിയമങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. തൊഴിലില്ലായ്മാ വേതനവും മറ്റ് ആനുകൂല്യങ്ങളും കൊടുത്ത് അടക്കിനിര്‍ത്തിയിരിക്കുകയാണ് ഇവരെ.


ജീവിക്കാന്‍ ഗതിയില്ലാതെ വീര്‍പ്പുമുട്ടുന്നവര്‍ ബാനറുകളും തമ്പുകളും തൂക്കിപ്പിടിച്ച് തെരുവിലിറങ്ങുമെന്ന് എല്ലാവര്‍ക്കുമറിയാം. തുനീഷ്യയിലും ഈജിപ്തിലുമെല്ലാം അതാണല്ലോ കണ്ടത്. സഊദി അറേബ്യയില്‍ 10 ലക്ഷത്തിലേറെ പേര്‍ തൊഴിലില്ലായ്മാ വേതനം പറ്റുന്നുണ്ടെന്നാണ് സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക്. അറബ് ലോകത്ത് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 2011ല്‍ അബ്ദുല്ല രാജാവ് 2000 റിയാല്‍ തൊഴിലില്ലായ്മാ വേതനം നല്‍കാന്‍ ഉത്തരവായി. 2012 മാര്‍ച്ചോടെ ഈ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം 40 ശതമാനം വര്‍ധിച്ചു. 10.5 ശതമാനമാണ് സഊദിയിലെ തൊഴിലില്ലായ്മാ നിരക്ക്.


ജനപ്പെരുപ്പം കാരണം പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇത്രയേറെ പേര്‍ക്ക് കുറഞ്ഞ കാലംകൊണ്ട് എങ്ങനെ ജോലി നല്‍കാന്‍ സാധിക്കും? തൊഴിലില്ലായ്മാ വേതനം നല്‍കാന്‍ മാത്രം സഊദി ഭരണകൂടത്തിന് പ്രതിവര്‍ഷം 550 കോടി റിയാലിന്റെ അധിക ബാധ്യത വരുന്നുണ്ട്. മറ്റു സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവ് വേറെയും വരും. തൊഴിലുള്ള സഊദികളില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയില്‍ പണിയെടുക്കുന്നവരാണ്. സ്വകാര്യ കമ്പനികളിലെ 90 ശതമാനം തൊഴിലവസരങ്ങളും വിദേശികള്‍ കൈയടക്കിവെച്ചിരിക്കുന്നു. ഈ കമ്പനികളില്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ സഊദികളെ കിട്ടുകയുമില്ല. അപ്പോള്‍ പിന്നെ ചെറുകിട സ്വകാര്യ കമ്പനികളിലെല്ലാം സഊദികളെ തിരുകിക്കയറ്റുകയേ വഴിയുള്ളൂ. പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സഊദി പൗരന്മാര്‍ പണിയെടുക്കാതെ ശമ്പളം പറ്റുന്നവരാണ്.


2015 ആകുമ്പോഴേക്ക് 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടിവരുമെന്നാണ് സഊദി തൊഴില്‍ മന്ത്രി ആദില്‍ അല്‍ ഫകീഹ് പറയുന്നത്. 2030ഓടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി കണ്ടെത്തിയാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ സാധിക്കൂ. വിദേശികളുടെ തള്ളിക്കയറ്റം നിയന്ത്രിച്ച് തൊഴില്‍ മേഖല സഊദിവത്ക്കരിച്ചല്ലാതെ ഇതിന് മറ്റു പോംവഴിയില്ലെന്ന് ഭരണകൂടം മനസിലാക്കിയിരിക്കുന്നു. 10 പേരുള്ള സ്ഥാപനത്തില്‍ ഒരു സഊദിയെ നിയമിക്കണമെന്ന നിയമത്തിന്റെ രഹസ്യം അതാണ്. എന്നാല്‍ മെയ്യനങ്ങി പണിയെടുക്കാന്‍ സഊദിയെ കിട്ടുകയുമില്ല. സ്ഥാപനമുടമകള്‍ക്ക് നഷ്ടമായിരിക്കും അതിന്റെ ആത്യന്തിക ഫലം. സഊദി ഭരണകൂടം നല്‍കുന്ന തൊഴിലില്ലായ്മാ വേതനത്തിന്റെ പകുതിപോലുമില്ല സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളം.


പൊന്നുവിളയുന്ന നാടായി കേരളക്കരയില്‍ അറിയപ്പെടുന്ന സഊദിയിലും ദാരിദ്ര്യമുണ്ട്. വരുമാനവും ജോലിയുമില്ലാതെ കുടുംബങ്ങളെ പുലര്‍ത്താന്‍ കോടികളാണ് ഭരണകൂടം ചെലവഴിക്കുന്നത്. തൊഴിലില്ലാത്തവരുടെ പട എല്ലാ രാജ്യങ്ങളുടെയും ബാധ്യതയാണ്. തൊഴിലില്ലായ്മാ വേതനം വാങ്ങുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണ്. എതിര്‍പ്പുകള്‍ അവഗണിച്ചാണെങ്കിലും സ്ത്രീകളെയും തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സഊദി ഇപ്പോള്‍. അതിനായി സ്ത്രീകള്‍ക്ക് യോജിച്ച തൊഴില്‍ സാഹചര്യം സൃഷ്ടിച്ചെടുത്തു തുടങ്ങിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നത് ജനങ്ങളെ മടിയന്മാരാക്കുമെന്ന ആക്ഷേപവും ശക്തമാണ്. പൗരന്മാരെ തൊഴിലെടുപ്പിച്ച് മാത്രമേ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ സാധിക്കൂ. അപ്പോള്‍ പിന്നെ വിദേശികളെ നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരാകും.


അനിവാര്യമായ ഒരു ഘട്ടത്തിലാണ് സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ വിദേശ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചത്. സാമ്പത്തികമായി വരണ്ടുണങ്ങി നിന്നിരുന്ന അറബ് ലോകം 1930കളില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയതോടെ ഉണരുകയായിരുന്നു. കുറഞ്ഞ കാലം കൊണ്ട് സമ്പന്നരായ അവര്‍ക്ക് കുറഞ്ഞ ജനസംഖ്യയും വൈദഗ്ധ്യക്കുറവും കാരണം വലിയൊരു തൊഴില്‍ സേനയെ ആവശ്യമായ ഘട്ടത്തിലാണ് എല്ലാ അര്‍ത്ഥത്തിലുമുള്ള കുടിയേറ്റത്തെ സ്വാഗതം ചെയ്തത്. ഇന്ത്യയിലെ കടുത്ത തൊഴിലില്ലായ്മ യുവാക്കളെ കടല്‍ കടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സഊദിയില്‍ ഇപ്പോള്‍ ഏഴ് ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3.5 ലക്ഷം മലപ്പുറത്തുകാരാണ്. ഗള്‍ഫിന് തങ്ങളെ വേണ്ടാതായി തുടങ്ങിയിരിക്കുന്നുവെന്ന് ഇവരെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മനസിലാക്കിയിരുന്നു. 2008ല്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍ വിദേശ തൊഴിലാളികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ തീരുമാനിക്കുകയുണ്ടായി. വിദേശികള്‍ക്കുള്ള വലിയൊരു അപായ സൂചനയായിരുന്നു അത്.


അപകടം മനസിലാക്കിയ ചിലര്‍ മടക്കയാത്ര തുടങ്ങുകയും നാട്ടില്‍ വരുമാന മാര്‍ഗം കണ്ടെത്തി തുടങ്ങുകയും ചെയ്തു. ഗള്‍ഫിലേക്ക് പോകുന്ന നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്കു പ്രകാരം 2003നും 2008നുമിടക്ക് ഗള്‍ഫ് കുടിയേറ്റ നിരക്ക് 4.8 ശതമാനമായിരുന്നു. 2008-2011 കാലത്ത് അത് 1.4 ശതമാനമായി ചുരുങ്ങി. ഗള്‍ഫിനോട് മലയാളികള്‍ക്ക് കമ്പം കുറഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. അറബ് നാടുകളിലെ സാമ്പത്തിക കാലാവസ്ഥ ഇനി മെച്ചപ്പെടുമെന്ന പ്രതീക്ഷയും കൂടുതല്‍ വേണ്ട.


ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വികസിത യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കൂട്ടപ്പിരിച്ചുവിടലും ചെലവു ചുരുക്കലും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതില്‍നിന്ന് മുക്തമാകുമെന്ന് ആശ്വസിക്കുന്നത് വെറുതെയാണ്. ഫ്രീവിസക്കാരെയാണ് ഇപ്പോഴത്തെ നിതാഖാത്ത് നിയമം ബാധിക്കുകയെന്ന് കരുതി ആശ്വസിക്കുന്നതിന് മുമ്പ് ആഗോള സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകുന്നത് നന്നായിരിക്കും.


ഗള്‍ഫിലും ഒരു കൂട്ടപ്പിരിച്ചുവിടല്‍ വിദൂരഭാവിയില്‍ സംഭവിക്കില്ലെന്ന് ആരു കണ്ടു. ഇപ്പോള്‍ തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങളോടൊപ്പം സമ്പദ്ഘടനയുടെ ചാലകശക്തികളായ കൃഷിയും വ്യവസായവുമെല്ലാം പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് ഇനിമുതല്‍ നാം ആലോചിക്കേണ്ടത്. നെല്‍വയലുകള്‍ നികത്തി മണിമന്ദിരങ്ങള്‍ കെട്ടിപ്പൊക്കി സ്വപ്‌നജീവികളായി തുടരാനാണ് ഇനിയും ഭാവമെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഫലം.- മുഹമ്മദ് അസ്‌ലം (ചന്ദ്രിക)