ഇ. അഹമ്മദിന്റെ ഇടപെടല്‍ : സഊദിയില്‍ രാജ കാരുണ്യമായി

കോഴിക്കോട്: സഊദി അറേബ്യയില്‍ റസിഡന്‍സി നിയമവും ലേബര്‍ നിയമവും ലംഘിച്ചവര്‍ക്ക് ആ കാര്യങ്ങള്‍ തിരുത്തി രേഖകള്‍ ശരിയാക്കാനായി മൂന്ന് മാസത്തെ സമയം നല്‍കണമെന്ന് സഊദി ഭരണാധികാരി അബ്ദുല്ല രാജാവ് സഊദി ആഭ്യന്തര വകുപ്പിനും ലേബര്‍ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയതായി തനിക്ക് വിവരം ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. മൂന്ന് മാസങ്ങള്‍ക്കകം റസിഡന്‍സി തൊഴില്‍ നിയമ നിര്‍ദ്ദേശങ്ങളിലെ തെറ്റുകള്‍ തിരുത്താതിരിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സഊദി അറേബ്യയിലെ നിയമ പരമായ നടപടിയുടെ പേരില്‍ മടങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസം പ്രദാനം ചെയ്യുന്ന ഈ നടപടി എല്ലാവരും ഉള്‍ക്കൊള്ളണമെന്നും രാജാവിന്റെ നടപടി വലിയ ആശ്വാസമാണെന്നും അഹമ്മദ് പറഞ്ഞു. സഊദിയിലെ നിതാഖത്ത് പ്രശ്‌നം ആരംഭിച്ചത് മുതല്‍ സഊദി സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്ന അഹമ്മദിന്റെ നയതന്ത്ര വിജയം കൂടിയാണ് അബ്ദുല്ല രാജാവിന്റെ പുതിയ നിര്‍ദ്ദേശം.
തൊഴില്‍ നിയമലംഘകര്‍ക്ക് രാജ്യത്തു തന്നെ താമസിച്ച് അവരുടെ രേഖകള്‍ ശരിയാക്കാനുള്ള അവസരം നല്‍കണമെന്നാണ് രാജാവ് ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി മൂന്നു മാസത്തെ കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനകം രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ മതിയെന്നും നിര്‍ദേശമുണ്ടെന്നാണ് അറിയുന്നത്.
ഇ.അഹമ്മദ് സഊദി വിദേശകാര്യ സഹമന്ത്രിയുമായും അബ്ദുല്ല രാജാവിന്റെ മകള്‍ അദീല അബ്ദുല്ലയുമായും ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യയുടെ ഉല്‍കണഠ അറിയിക്കുകയും ചെയ്തിരുന്നു. ആറ് മാസത്തേക്കെങ്കിലും സമയം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.