‘എന്തുകൊണ്ട് ഇസ്‌ലാം’: ഫ്ലോറിഡയില്‍ ഇസ്‌ലാമിനെ കുറിച്ച് പുതിയ കാമ്പെയിന്‍

പ്രമാണം:Seal of Florida.svg
ഫ്ലോറിഡ: അമേരിക്കയിലെ പൊതു സമൂഹത്തിന് ഇസ്‌ലാമിന്‍റെ യഥാര്‍ഥ മുഖം പരിചയപ്പെടുത്തുന്നതിനായി ഫ്ലോറിഡയില്‍ കാമ്പെയിന്‍. പ്രദേശത്തെ പ്രമുഖ മുസ്‌ലിംസംഘടനയായ ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്കയാണ് പൊതുസമൂഹത്തോട് തുറന്ന് സംവദിക്കുന്നതിനായുള്ള ഈ ശ്രമവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പുതുവര്‍ഷത്തലേന്നാണ് കാമ്പെയിന് തുടക്കമായത്.
ഇസ്‌ലാമിനെ കുറിച്ചും വിശ്വാസത്തെ സംബന്ധിച്ചും അമേരിക്കയിലെ പൊതുസമൂഹത്തിനുള്ള തെറ്റുധാരണ തിരുത്തുക ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കുന്നു- സംഘടനയുടെ പ്രസിഡണ്ട് സാഹിദ് ബുഖാരി പറഞ്ഞു.
സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റും ചാനലും ഉപയോഗപ്പെടുത്തിയാണ് എന്തുകൊണ്ട് ഇസ്ലാം എന്ന് പേരിട്ടിരിക്കുന്ന ഉദ്ബോധനകാമ്പെയിന്‍ കാര്യമായി നടക്കുന്നത്. റേഡിയോ സ്റ്റേഷനുകള്‍ വഴിയും കാമ്പെയിന്‍റെ പരസ്യപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിന് ഒരു കാള്‍സെന്‍ററും സംഘടന സ്ഥാപിച്ചിട്ടുണ്ട്.
ഇതിനു മുമ്പും സംഘടന ഇത്തരം പദ്ധതികളുമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പൊതുലൈബ്രറികളില്‍ വെച്ച് ഖുര്‍ആന്‍ കോപ്പികള്‍ സൌജന്യമായി വിതരണം ചെയ്തും പ്രത്യേക കാമ്പെയിന്‍ സംഘടിപ്പിച്ചിരുന്നു.