മാലിക് ദീനാര്‍ ഉറൂസിന് ഭക്തി നിര്‍ഭരമായ തുടക്കം

കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ ഉറൂസിന് വലിയ ജുമുഅത്ത് പള്ളിയില്‍ ഭക്തിനിര്‍ഭരമായ തുടക്കം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മാലിക് ദീനാര്‍ (റ) ഉറൂസ് വെള്ളിയാഴ്ച രാവിലെ നടന്ന മാലിക് ദീനാര്‍ മഖാം സിയാറത്തോടു കൂടിയാണ് ഉറൂസിന് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന മഖാം സിയാറത്തിന് കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മംഗലാപുരം - ചെമ്പരിക്ക ഖാസി ത്വാഖ അഹ്മദ് മൗലവി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എ. ഖാസിം മുസ്ലിയാര്‍, മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖത്വീബ് ജി.എസ്. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദ് ഖത്വീബ് അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖത്വീബ് പി.എം. അബ്ദുല്‍ ഹമീദ് മദനി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന കൂട്ടപ്രാര്‍ഥനയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍എ, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല, ഉറൂസ് കമ്മിറ്റി പ്രസിഡന്റ് കെ. മഹ്മൂദ് ഹാജി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട്, ട്രഷറര്‍ സി.എം. മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് പ്രസിഡന്റുമാരായ യഹ്‌യ തളങ്കര, കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, മുക്രി ഇബ്രാഹിം ഹാജി, അസ്‌ലം പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ കെ.കെ.പുറം, ടി.എ. ഖാലിദ്, മാമുഹാജി കരിപ്പൊടി, മുഹമ്മദ്കുഞ്ഞി ഹാജി പള്ളം, ജോയിന്റ് സെക്രട്ടറിമാരായ കെ.എം. അബ്ദുര്‍ റഹ്മാന്‍, ഹാഷിം കടവത്ത്, ശംസുദ്ദീന്‍ പുതിയപുര, സി.ബി. മുഹമ്മദ്, മഹല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ റഷീദ് ഹാജി, സബ് കമ്മിറ്റി ഭാരവാഹികള്‍, ഗള്‍ഫ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉറൂസ് ലൈവ് വെബ്‌സൈറ്റ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ഉറൂസ് ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്‍ നിര്‍വഹിക്കും. സയ്യിദ് കെ.എസ്. കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. കെ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിക്കും. അബ്ദു സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.
ഉറൂസിനോടനുബന്ധിച്ച് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി 13-ാം വാര്‍ഷികവും, രണ്ടാം സനദ്ദാന സമ്മേളനം, യുവജന സമ്മേളനം, ചരിത്ര സമ്മേളനം, പ്രവാസി സംഗമം, വിദ്യാഭ്യാസ സമ്മേളനം, പണ്ഡിത സമ്മേളനവും തുടങ്ങിയവ നടക്കും. ഇന്ത്യയിലെ ഇസ്‌ലാം മത ആവിര്‍ഭാവ കാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്കും ഉറൂസിനും വളരെയേറെ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കില്‍ തീര്‍ത്ഥാടകര്‍ പരിപാടിക്ക് എത്തിച്ചേരും. ഈ മാസം 13- ഞായറാഴ്ച അന്നദാനത്തോടെ ഉറൂസ് സമാപിക്കും.