വിശ്വരൂപം സിനിമ; ആവിഷ്‌കാര സ്വാതന്ത്ര്യം അതിരുലംഘിക്കരുത്-സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ സമൂഹത്തില്‍ ഛിദ്രതയും തെറ്റിദ്ധാരണയും ഉണ്ടാക്കുന്ന നടപടി സര്‍ക്കാറുകള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. സിനിമകളിലൂടെ കൈമാറുന്ന പലഭാഷകളും ചേഷ്ടകളും അപരിഷ്‌കൃത സമൂഹത്തിന്റെ രീതികളാണ്. ഇപ്പോള്‍ വിവാദമായ വിശ്വരൂപം സിനിമയിലും തെറ്റായ ധാരാളം സംഗതികള്‍ കടത്തിക്കൂട്ടിയതായാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.
മതങ്ങളേയും മതവിശ്വാസികളെയും ഇകഴ്ത്തുന്നത് പുരോഗമനമാണെന്ന ചിലരുടെ ധാരണ തിരുത്തണം. മുസ്‌ലിംകളെ തീവ്രവാദികളാക്കി അവതരിപ്പിക്കാനുള്ള നീക്കവും ശരിയല്ല. ഇന്ത്യയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ അധികവും സംഘടിപ്പിച്ചത് തീവ്ര ഹിന്ദു തീവ്രവാദികളാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി സുശീല്‍കുമാര്‍ ഷിണ്ടെ നടത്തിയ പരസ്യപ്രസ്താവന നിലനില്‍ക്കെ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തിത്തളര്‍ത്താനുള്ള ചിലരുടെ നീക്കം തിരിച്ചറിയണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു
പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, യു.ശാഫി ഹാജി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം.ആലി, പിണങ്ങോട് അബൂബക്കര്‍ സംബന്ധിച്ചു.