മണ്ണ് കലക്കിയ വെള്ളം; കാന്തപുരം നിലപാട് വ്യക്തമാക്കണം : സുന്നിനേതാക്കള്‍

കോഴിക്കോട് : കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച് വെച്ച വിവാദ കേശം മുക്കിയ വെള്ളം കഴിഞ്ഞ തിങ്കളാഴ്ച വിതരണം ചെയ്തപ്പോള്‍ അതില്‍ പ്രവാചകരുടെ റൗള ശെരീഫിലെ (വിശുദ്ധ കബറിടം) മണ്ണും അവിടെ വിതറിയെന്ന് പറയപ്പെടുന്ന ചന്ദനപ്പൊടികളും ചേര്‍ത്ത് വിതരണം ചെയ്തുവെന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെകുറിച്ച് എ.പി. വിഭാഗം സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് സുന്നി നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രവാചകരുടെ തിരുശരീരം മറവ് ചെയ്യപ്പെട്ട സ്ഥലത്ത് മണ്ണും ചന്ദനപ്പൊടികളും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ തന്നെ അവ ശേഖരിച്ച് ഇവിടെ കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിന്റെ മതവിധി എന്താണെന്ന് വ്യക്തമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ജന. സെക്രട്ടറി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സുന്നിമഹല്ല് ഫെഡറേഷന്‍ സെക്രട്ടറി മുക്കം ഉമര്‍ ഫൈസി, എസ്.വൈ.എസ്. സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത എംപ്‌ളോയീസ് അസോസിയേഷന്‍ ജന. സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്തപ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു പ്രവാചക കേശത്തിന്റെ പേരില്‍ വ്യാജപ്രചരണവുമായി രംഗത്തുവന്ന് ഇപ്പോള്‍ പ്രവാചകന്റെ വിശുദ്ധ കബറിടത്തെക്കുറിച്ച് വാസ്തവ വിരുദ്ധമായി പ്രചാരണങ്ങള്‍ നടത്തുന്നത് അപലപനീയവും, പ്രതിഷേധാര്‍ഹവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.