ഹാദിയ യു.എ.ഇ ചാപ്റ്റര്‍ ഏകദിന ശില്‍പശാല ഫെബ്രുവരി 15 ന്

ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) യു.എ.ഇ ചാപ്റ്റര്‍ ഏകദിന ശില്‍പശാല തബ്‌സ്വിറ 1434 2013 ഫെബ്രുവരി 15 ന് വെള്ളിയാഴ്ച ഖുസൈസിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും 
കാലത്ത് 09 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സെഷന്‍ ബിദായ ആഗോള പണ്ഢിത സഭാംഗവും, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10 മുതല്‍ 12 വരെ നടക്കുന്ന ഹിദായ സെഷനില്‍ ഖുര്‍ആന്‍ അല്‍ഭുതങ്ങളുടെ കലവറ എന്ന വിഷയം പ്രമുഖ പണ്ഢിതനും, പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിക്കും. ഖുര്‍ആന്റെ അഗാധ തലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആശ്ചര്യകരമായ മഹാ പ്രപഞ്ചത്തിലേക്ക് പൊതു ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുംവിധം പണ്ഢിതോചിതമായ വിശകലനങ്ങളും, സംശയ നിവാരണവും ഈ സെഷനില്‍ അരങ്ങേറും. 
ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന ഇനായ സെഷനില്‍ സകാത്ത് സിദ്ധാന്തവും, പ്രയോഗവല്‍കരണവും എന്ന വിഷയം പ്രമുഖ പണ്ഢിതന്‍ അബ്ദുല്‍ മജീദ് ഹുദവി (islamonweb.net, ഖത്തര്‍) അവതരിപ്പിക്കും. സകാത്തിന്റെ ബാധ്യതകളെയും, സാധുതകളെയും കുറിച്ചുള്ള വിശദമായ അവലോകനങ്ങള്‍ക്കും, സകാത്തുമായി ബന്ധപ്പെട്ട കണക്കുകള്‍, ഇനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള തുറന്ന സംവാദത്തിനും ഈ സെഷനില്‍ അവസരമൊരുങ്ങും. 
അസ്വര്‍ നിസ്‌കാരാനന്തരം നടക്കുന്ന ദിആയ സെഷനില്‍ പ്രബോധനം ഉത്തരവാദിത്തങ്ങളും, സാധ്യതകളും എന്ന വിഷയം അബ്ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍, അസ്ഗറലി ഹുദവി രണ്ടത്താണി എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കും. ഓരോ മുസ്‌ലിമിന്റെയും അനിവാര്യ ബാധ്യതയായ ദീനീ പ്രബോധനത്തിന്റെ പ്രാധാന്യവും, നമ്മൂടെ സാഹചര്യങ്ങളില്‍ ഫലപ്രദമാം വിധം ദഅവത്ത് നടത്താനുള്ള സാധ്യതകളും, ഈ സെഷനില്‍ ചര്‍ച്ച ചെയ്യും.
വൈകിട്ട് 06.30 ന് ആരംഭിക്കുന്ന സമാപന സെഷന്‍ നിഹായ ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ദുബൈ ഔഖാഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ഉമര്‍ അല്‍ ഖതീബ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങളുടെയും മത , രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.dubaiskssf.com വെബ്ബ് സൈറ്റില്‍ ഓണ്‍ലൈന്‍ റജിസ്ത്രേഷന്‍ ചെയ്യവുന്നതാണ്