കാസര്‍കോട് : ചെമ്പരിക്ക-മംഗലാപുരം ഖാസിയും പ്രമുഖ മത പണ്ഡിതനുമായിരുന്ന ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നാല്‍ മരണത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സിബിഐയാണ് ഒടുവില്‍ കേസ് അന്വേഷിച്ചു കൊണ്ടിരുന്നത്. അവരും അന്വേഷണം മതിയാക്കി സ്ഥലം വിട്ടിരികുകയാണ്. സിബിഐയുടെ ഒരംഗം പോലും ഇപ്പോള്‍ കാസര്‍കോട്ട് തങ്ങുന്നില്ല.
2010 ഫെബ്രുവരി 15ന് (ഹിജ്‌റ 1431 സഫര്‍ 30) രാവിലെയാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടുക്കക്കല്ലിനു സമീപം കടലില്‍ കണ്ടെത്തിയത്. റബീഉല്‍ അവ്വല്‍ പിറവിക്ക് സാധ്യത ഉണ്ടായിരുന്നതിനാല്‍ നിലാവ് ദര്‍ശിക്കാനായി തലേന്ന് ബന്ധപ്പെട്ടവരെ ഖാസി ഏല്‍പിക്കുകയും ചെയ്തിരുന്നു. അന്ന് മാസപിറവി ദൃശ്യമായിരുന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെയാണ് ഖാസിയുടെ മൃതദേഹം കണ്ടെത്തിയതും മരണം പുറംലോകം അറിയുന്നതും. ഖാസിയുടെ മരണം സംബന്ധിച്ച് ഒട്ടേറെ ഊഹാപോഹങ്ങളും ആശങ്കയും ഉയര്‍ന്നിരുന്നു. ആദ്യം ലോകല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം വന്‍ ബഹുജന ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ ഏല്‍പിക്കുകയായിരുന്നു. ഒന്നരവര്‍ഷം സിബിഐ അന്വേഷിച്ച ശേഷമാണ് മഹാനായ പണ്ഡിതനും സര്‍വാദരണീയനുമായ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് സമര്‍പിച്ചത്. സിബിഐയുടെ കണ്ടെത്തലില്‍ കാര്യമായ തെളിവുകളൊന്നും ഉണ്ടാകാത്തതിനാല്‍ ഹൈക്കോടതി തന്നെ മരണകാരണം സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ചോദ്യം ചെയ്തിരുന്നു.
പിന്നീട് തുടര്‍ അന്വേഷണത്തിന് ആവശ്യമുയര്‍ന്നുവെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അന്വേഷണം അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഖാസിയുടെ മരുമകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ സിബിഐ സമര്‍പിച്ച വിചിത്രമായ അന്വേഷണ റിപോര്‍ട്ട് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന റിപോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പിച്ചതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
ആത്മഹത്യ പാപമായി കരുതുന്ന സമുദായത്തിലെ ഒരു പണ്ഡിതന്‍ ഇത്തരത്തിലൊരു വഴി തെരഞ്ഞെടുക്കുമെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ സമര്‍ത്ഥരായ അന്വേഷണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സിബിഐയുടെ സ്‌പെഷ്യല്‍ ടീം കേസന്വേഷിക്കണമെന്നാണ് ഖാസിയുടെ കുടുംബവും വിശ്വാസി സമൂഹവും ആവശ്യപ്പെടുന്നത്.
ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തുണ്ടായിരുന്നവര്‍ പിന്നീട് ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം പ്രകടിപ്പിച്ചതുമില്ല. ആക്ഷന്‍ കമ്മിറ്റിയും പിന്നീട് നിശബ്ദത പാലിക്കുകയായിരുന്നു. സമസ്ത വൈസ് പ്രസിഡന്റായിരുന്ന ഖാസിയുടെ മരണത്തിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വ്യക്തമാക്കിയ സംഘടനകളും നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് യാതൊരുവിധ പ്രക്ഷോഭത്തിനും നിയമനടപടിക്കും മുതിര്‍ന്നതുമില്ല.
പ്രമുഖനായ ഒരു മത പണ്ഡിതന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട് മൂന്നു വര്‍ഷമായിട്ടും കേസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാകാത്തത് ജനങ്ങളെയും പ്രദേശവാസികളെയും വിശ്വാസികളെയും കടുത്ത ദുഃഖത്തിലും നടുക്കത്തിലുമാണ് തള്ളിവിട്ടിരിക്കുന്നത്.