ബഹ്‌റൈന്‍ സമസ്‌ത മീലാദ്‌ കാമ്പയിനില്‍ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളും..


ബഹ്‌റൈനിലെങ്ങും മെഡിക്കല്‍ ക്യാമ്പുകളും രക്തദാനവും സജീവം
മനാമ: രക്ത ദാനത്തിന്റെ സാമൂഹിക പ്രസക്തിയും അനിവാര്യതയും വിളിച്ചോതി ബഹ്‌റൈനിലെങ്ങും സമസ്‌ത കേരള സുന്നി ജമാഅത്ത്‌ സംഘടിപ്പിച്ചു വരുന്ന രക്തദാനവും മെഡിക്കല്‍ ക്യാമ്പുകളും ശ്രദ്ധേയമാകുന്നു. “മുത്ത്‌ നബി; സൌഹൃദത്തിന്റെ പ്രവാചകന്‍” എന്ന പ്രമേയത്തില്‍ മീലാദിനോടനുബന്ധിച്ച്‌ ഒരു മാസമായി ആചരിച്ചു വരുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായാണ്‌ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളിലും വിശ്വാസികളെ തല്‍പരരാക്കുക എന്ന ലക്ഷ്യത്തോടെ “ഗീവ്‌ ലൈഫ്‌ ഫോര്‍ ലൈഫ്‌” എന്ന പേരില്‍ ശിഫ അല്‍ ജസീറയുമായി സഹകരിച്ച്‌ രക്തദാനവും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നത്‌. 
സമസ്‌ത മനാമ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ ഈ മാസം 24ന്‌ വ്യാഴാഴ്‌ച കാലത്ത്‌ 8 മണി മുതല്‍ 1 മണിവരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടക്കും.  
ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ ഇതിനകം മെഡിക്കല്‍ ക്യാമ്പുകളും പ്രചരണ പ്രവര്‍ത്തനങ്ങളും നടന്നു കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്ന മറ്റു ഏരിയകളും തിയ്യതിയും ഇപ്രകാരമാണ്‌: ജനു.25 ന്‌ ടൂബ്ലിയിലെ ജുമാകണ്‍സ്‌ട്രക്ഷനു സമീപമുള്ള ലേബര്‍ക്യാമ്പ്‌, ഫെബു.8ന്‌ ജിദാലി സമസ്‌ത മദ്‌റസ, ഫെബു.15ന്‌ ഹിലാല്‍ മാര്‍ബിള്‍ ലേബര്‍ക്യാമ്പ്‌. മെഡിക്കല്‍ ക്യാമ്പുകള്‍ക്കും രക്തദാനത്തിനും പുറമെ ബഹ്‌റൈനിലൂടനീളം ലഘുലേഖ, സിഡി തുടങ്ങിയവയിലൂടെയുള്ള പ്രവാചക സന്ദേശ പ്രചരണം, സമസ്‌ത മദ്രസ്സകള്‍ കേന്ദ്രീകരിച്ചുളള മൌലിദ്‌ പാരായണങ്ങള്‍, ക്വിസ്സ്‌–കലാ സാഹിത്യ മത്സരങ്ങള്‍, പ്രബന്ധ രചന, ആത്മിയ സംഗമങ്ങള്‍, കുടുംബ സദസ്സുകള്‍ എന്നിവയും വിവിധ ഏരിയകളിലായി നടന്നു വരുന്നുണ്ട്‌.