കണ്ണൂര്‍ ജില്ലാ SKSSF മനുഷ്യജാലികയും മീലാദ് കോണ്‍ഫ്രന്‍സും 26 ന് കമ്പില്‍

കണ്ണൂര്‍ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയും മീലാദ് കോണ്‍ഫ്രന്‍സും 26 ന് കമ്പില്‍ ടൗണില്‍ വെച്ച് നടക്കും. വര്‍ഗ്ഗീയതയും തീവ്രവാദവും വര്‍ദ്ദിച്ചുവരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ മാനവികതയുടേയും സൗഹാര്‍ദ്ദത്തിന്റേയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് മനുഷ്യജാലികയുടെ ലക്ഷ്യം. കഴിഞ്ഞ ആറുവര്‍ഷങ്ങളിലായി റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മനുഷ്യജാലിക നടന്നുവരികയാണ്. വര്‍ഗ്ഗീയതയേയും ഫാസിസത്തെയും തുറന്നുകാട്ടുന്നതോടൊപ്പം ന്യൂനപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ കൂടി മനുഷ്യജാലിക സഹായകമായിട്ടുണ്ട്. മാനവികതയുടെ മതങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു ഭീകരതയുടെ പ്രത്യയശാസ്ത്രമാക്കി പ്രചരിപ്പിക്കുന്ന അല്‍പജ്ഞാനികളുടെ അപക്വമായ സമീപനങ്ങള്‍ക്കെതിരെ മതവിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ ശക്തമായി ഇടപെടാന്‍ മനുഷ്യജാലികക്ക് സാധിച്ചിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി()യുടെ ജന്മദിനത്തിന്റെ ഭാഗമായി മീലാദ് കോണ്‍ഫ്രന്‍സും അനുബന്ധമായി ഈ വര്‍ഷം സംഘടിപ്പിക്കുന്നു.
26 ന് രാവിലെ 9 മണിക്ക് ജാലിക നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സലാം ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. 1 മണിക്ക് കമ്പില്‍ ജുമാ മസ്ജിദില്‍ മൗലിദ് പാരായണം നടക്കും. സയ്യിദ് അലി ഹാശിം നദ്‌വി നേതൃത്വം നല്‍കും. 4 മണിക്ക് കൊളച്ചേരി സ്റ്റേഡിയത്തില്‍ നിന്നും പ്രകടനം ആരംഭിക്കും. സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ജില്ലാ നേതാക്കള്‍ക്ക് പിന്നില്‍ ദേശീയ പതാകയുടെ വര്‍ണ്ണങ്ങളില്‍ തൊപ്പി ധരിച്ച 313 വിഖായ വളണ്ടിയര്‍മാര്‍ അണിനിരക്കും. അതിന് പിന്നില്‍ ശുഭവസ്ത്രധാരികളായ 500 ത്വലബാവിംഗ് പ്രവര്‍ത്തകരും അതിന് പിന്നില്‍ ബഹുജനങ്ങളും അണിനിരക്കും. കമ്പില്‍ ടൗണില്‍ പ്രത്യേകം തയ്യാറാക്കിയ ജാലിക നഗരിയില്‍ പ്രകടനം സമാപിച്ച് വിഖായ വളണ്ടിയര്‍മാര്‍ ദേശീയ പതാകയുടെ രൂപത്തില്‍ അണി നിരന്ന് മനുഷ്യജാലിക തീര്‍ക്കും. ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ദേശഭക്തിഗാനാലാപനം നടക്കും. സിറാജ് ഇബ്‌റാഹിം സേട്ട് ബാംഗ്ലൂര്‍ മനുഷ്യജാലികയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത കവി സുകുമാര്‍ കക്കാട് മുഖ്യാതിഥിയായി പങ്കെടുക്കും. കെ.എം. ഷാജി എം.എല്‍., .പി.അബ്ദുല്ലകുട്ടി എം.എല്‍.., ജയിംസ് മാത്യു എം.എല്‍.., മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ , അബ്ദുറഹ്മാന്‍ കല്ലായി, റവ. ഫാദര്‍ മാര്‍ട്ടിന്‍ രായപ്പന്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിക്കും. നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും. 6.20 ന് മനുഷ്യജാലിക സമാപിക്കും. 6.45 മുതല്‍ നടക്കുന്ന മീലാദ് കോണ്‍ഫ്രന്‍സ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് , ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് മുഹമ്മദലി കമ്പില്‍ അവതരിപ്പിക്കുന്ന ഖവാലി മജ്‌ലിസ് നടക്കും