ഓണംപിള്ളി മുഹമ്മദ് ഫൈസി
ജനറല്‍ സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്
ആഗതന്റെ ചോദ്യത്തിനുമുന്നില്‍ പ്രവാചകന് ഉത്തരം ഒന്നേ പറയാനുള്ളൂ: മതമെന്നാല്‍ അത് ഉല്‍കൃഷ്ടമായ സ്വഭാവമാണ്. ചോദ്യകര്‍ത്താവ് നബിയുടെ ചുറ്റുവട്ടത്തുനിന്ന് മാറാതെ തന്റെ സംശയം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് അറിയേണ്ടത് മതത്തിന്റെ നിര്‍വചനമാണ്. പ്രവാചകന്‍ ആവര്‍ത്തിക്കുന്ന ഉത്തരം തൃപ്തിപ്പെടുത്താത്തപോലെയാണ് അദ്ദേഹത്തിന്റെ ഭാവം. അവസാനം പുണ്യനബി ഇങ്ങനെ പറയുന്നുണ്ട്: നിനക്ക് മനസ്സിലായില്ലേ, ഞാന്‍ പറഞ്ഞത്. എന്നാല്‍, മതം നിനക്ക് കോപം വരാതിരിക്കലാണ്.
ഈ ഉത്തരം വലിയൊരു സത്യം പഠിപ്പിച്ചുതരുന്നുണ്ട്. മതത്തെ ആചാരനിഷ്ഠമായ പ്രകടനങ്ങളില്‍ മാത്രം കാണുന്നതില്‍നിന്ന് വ്യത്യസ്തമായി മൗലികമായി വ്യക്തിയുടെ ആന്തരികശുദ്ധിയെ സൃഷ്ടിച്ചെടുക്കാനും അവന്റെ വികാരങ്ങളെ നിയന്ത്രിക്കാനും സാധിക്കുന്ന പ്രചോദനശക്തിയായി കാണാനാവണം. ഹൃദയത്തില്‍ കുടികൊള്ളേണ്ട ഭക്തിയുടെയും സ്നേഹത്തിന്റെയും സംയമനത്തിന്റെയും ഉല്‍കൃഷ്ടബോധത്തെയാണ് മതംകൊണ്ട് പ്രവാചകന്‍ ഉദ്ദേശിച്ചത്.
അനാഥനെ ആട്ടിപ്പായിക്കുന്നവനും ദരിദ്രന് ഭക്ഷണം കൊടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാത്തവനുമാണ് മതത്തെ നിഷേധിക്കുന്നവന്‍ എന്ന് ഖുര്‍ആന്‍ പറയുന്നു (107: 1-3). എന്നാല്‍, അതേ അധ്യായത്തില്‍തന്നെ, നമസ്കരിക്കുന്നവര്‍ക്ക് നാശം. അവര്‍ നമസ്കാരം പാടെ മറന്നവര്‍. അവര്‍ ആളുകളെ കാണിക്കുന്നവര്‍, കൊച്ചു നന്മകളെയും തടയുന്നവര്‍ എന്ന് അല്ലാഹു കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ ആരാധനകള്‍ ആര്‍ദ്രത നഷ്ടപ്പെട്ട് കേവലം പ്രകടനമായി മാറുകയും ചെയ്യുന്നു.
ശത്രുവിനോടുപോലും ഉറ്റബന്ധുവിനെപ്പോലെ പെരുമാറാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. 'നന്മയും തിന്മയും സമമല്ല. നന്മയുടെ ഉല്‍കൃഷ്ട ഭാവംകൊണ്ട് താങ്കള്‍ തിന്മയെ പ്രതിരോധിക്കുക. താങ്കള്‍ക്കും മറ്റൊരാള്‍ക്കും തമ്മില്‍ ശാത്രവം വന്നാല്‍ അദ്ദേഹം അവന് ഉറ്റ ബന്ധുവിനെപ്പോലെയാണ്. ക്ഷമാശീലര്‍ക്കും പാരത്രിക ലോകത്ത് മഹിത ഭാഗ്യമുള്ളവനും മാത്രമാണ് ഇത് മനസ്സിലാവുക' (41: 34,35). ഈ സൂക്തം പഠിപ്പിക്കുന്ന വിശാലമായ അര്‍ഥതലം ആധുനിക പ്രശ്നങ്ങളെ മുഴുവന്‍ പരിഹരിക്കാന്‍ പോന്നതാണ്.
വ്രതാനുഷ്ഠാനത്തിന്റെ അകംപൊരുളില്‍ പ്രധാനമാണ് ക്ഷമ. ഉപരിസൂചിത അധ്യായം പഠിപ്പിക്കുന്നതും ഈ സംയമനമാണ് ഉത്തമം എന്നാണ്. വിശപ്പിന്റെ കാഠിന്യം അറിയുന്നതോടൊപ്പം അന്യന്റെ വിശപ്പിന്റെ വേദനയും നിസ്സഹായതയും മനസ്സിലുണ്ടാവണം. നോമ്പിലെ നിയന്ത്രണങ്ങള്‍തന്നെ അതിന് പ്രധാനമാണ്. ഭക്ഷണധൂര്‍ത്തില്‍ നാം പരിധിവിടുമ്പോള്‍തന്നെയാണ് ഒരുനേരത്തെ അന്നത്തിനായി മൃഗങ്ങള്‍ക്കൊപ്പം കടിപിടികൂടുന്ന പച്ചമനുഷ്യരെയും നാം കാണുന്നത്. വിശപ്പ് അതെല്ലാം ഓര്‍മപ്പെടുത്തണം. അതുകൊണ്ടാണ് സ്വര്‍ഗവാതില്‍ നിരന്തരം മുട്ടിവിളിക്കാന്‍ പുണ്യനബി തന്റെ പ്രിയതമയായ ആയിശയോട് ആവശ്യപ്പെട്ടത്. ഞാന്‍ എന്തുകൊണ്ടാണ് മുട്ടിവിളിക്കേണ്ടത് എന്ന ചോദ്യത്തിന്, വിശപ്പുകൊണ്ട് എന്നാണ് നബി അരുളുന്നത്. വിശപ്പ് ഓര്‍മപ്പെടുത്തുന്ന ഹൃദയവികാരങ്ങളുടെ നന്മയും താരള്യവും തന്റെ പ്രിയതമയെ പുണ്യനബി ബോധ്യപ്പെടുത്തുന്നു.