ഹജ്ജ് സര്‍വീസുകള്‍ ഒക്ടോബര് ആറു മുതല്

കൊണേ്ടാട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ ഒക്ടോബര്‍ ആറു മുതല്‍ ആരംഭിക്കും. രാവിലെ 6.30ന് 450 തീര്‍ത്ഥാടകരുമായാണു കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്കു പുറപ്പെടുക. ഒക്ടോബര്‍ 17 വരെ 12 ദിവസങ്ങളിലായി 21 സര്‍വീസുകളാണ് ഈ വര്‍ഷം ഹജ്ജിനായി എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 9, 10, 17 തിയ്യതികളില്‍ ഒരു വിമാനവും മറ്റു ദിവസങ്ങളിലെല്ലാം രണ്ടു വിമാനങ്ങളുമായിരിക്കും സര്‍വീസ് നടത്തുക.
ആദ്യ ദിവസത്തെ രണ്ടാമത്തെ വിമാനം രാവിലെ 10.30നു പുറപ്പെടും. ഒക്ടോബര്‍ ഏഴിന് രാവിലെ 11.30നും വൈകീട്ട് 4.30നുമാണു വിമാനങ്ങള്‍ പുറപ്പെടുക. എട്ടിന് വൈകീട്ട് 4.30നും രാത്രി 10.30നും ഒമ്പതിന് രാത്രി 9.30ന് ഒരു സര്‍വീസും 10നു പുലര്‍ച്ചെ നാലിനും സര്‍വീസുണ്ടാവും. 11ന് രാത്രി 2.30നും പകല്‍ 10.30നുമാണു സര്‍വീസ്. 12ന് രാവിലെ 6.30നും വൈകീട്ട് 4.30നും സര്‍വീസുണ്ട്.
13ന് രാവിലെ 7.30നും 11.30നും 14ന് രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നും വിമാനങ്ങള്‍ പുറപ്പെടും. 15നും 16നും രാവിലെ 6.30നും ഉച്ചയ്ക്കു 11.30നുമാണ് സര്‍വീസുകള്‍. ഹജ്ജിന്റെ അവസാന വിമാനം 17നു രാവിലെ 6.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ച 8285 പേരും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരും കരിപ്പൂര്‍വഴിയായിരിക്കും ഹജ്ജിനു പോവുക. വലിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്്‌ല്യാര്‍ ആവശ്യപ്പെട്ടു. ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം കൂടി പരിഗണിച്ചാണ് എയര്‍ ഇന്ത്യ വലിയ വിമാനങ്ങള്‍ ഹജ്ജിന് ഉള്‍പ്പെടുത്തി യിരിക്കുന്നത്. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാംപിന്റെ ദൈര്‍ഘ്യവും കുറയും.
ക്യാംപ് പ്രവര്‍ത്തനങ്ങള്‍ വിമാന സര്‍വീസിന്റെ ഒരാഴ്ച മുമ്പു തുടങ്ങാനാണു തീരുമാനം. എന്നാല്‍ തീര്‍ത്ഥാടകര്‍ വിമാന സമയത്തിന്റെ തലേന്നു ഹജ്ജ് ക്യാംപിലെത്തിയാല്‍ മതി. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സപ്തംബര്‍ ആറിന് ഹജ്ജ് കമ്മിറ്റി യോഗം ചേരും.